(979) പകൽ കിനാവ്!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു യാചകൻ ഉണ്ടായിരുന്നു. അവിടെ അനേകം ധാന്യങ്ങൾ കിട്ടുന്ന വയലുകൾ ഉണ്ടായിരുന്നു. അയാൾ വളരെ വേഗത്തിൽ ഓടി നടന്ന് ദാനമായി കിട്ടിയ ധാന്യമെല്ലാം അയാൾ കിടന്നുറങ്ങുന്ന പഴയ വീട്ടിൽ സൂക്ഷിച്ചു. ആ വീട് ആരോ ഉപേക്ഷിച്ചു പോയതിനാൽ ജനവാസമില്ലാത്ത ഒന്നായിരുന്നു.
ഉപയോഗത്തിനു ശേഷമുള്ളത് വലിയ കലത്തിൽ ശേഖരിച്ചു വയ്ക്കും. ഒരു ദിവസം അയാൾക്ക് ഒരു ഉപായം തോന്നി. ഇതെല്ലാം ചന്തയിൽ കൊടുത്ത് നല്ല വില വാങ്ങണം. അങ്ങനെ വിചാരിച്ച് വലിയ കലത്തിൽ തലച്ചുമടായി നടക്കാൻ തുടങ്ങി.
അതിനിടയിൽ, പകൽക്കിനാവ് കാണാൻ തുടങ്ങി. ഈ ധാന്യം കൊടുത്തിട്ട് ചെറിയ ആട്ടിൻകുട്ടിയെ വാങ്ങണം. അതു വലുതാകുമ്പോൾ അതിന് കുട്ടികൾ ഉണ്ടാവും അതിനെയല്ലാം വിറ്റിട്ട് ഒരു പശുക്കുട്ടിയെ മേടിക്കണം. അതും പ്രസവിച്ചു കഴിയുമ്പോൾ അതിൻ്റെ കുട്ടികളെ വലുതാക്കി വിറ്റിട്ട് ഒരു പെൺകുതിരയെ മേടിക്കണം.
അതിനും കുട്ടികൾ ഉണ്ടാകുമ്പോൾ വളർത്തി വലുതാക്കി വിറ്റിട്ട് ഒരു വീട് സ്വന്തമായി വാങ്ങണം. പിന്നീട്, സുന്ദരിയായ യുവതിയെ കല്യാണം കഴിക്കണം. ഞങ്ങൾക്ക് ഒരു ഉണ്ണി പിറക്കും!
ഇങ്ങനെ ചിന്തിച്ചു കൊണ്ട് അയാൾ ഒരു തോട് മുറിച്ചു കടക്കുകയായിരുന്നു. അരയ്ക്കു മുകളിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ അയാളുടെ കിനാവ് തുടർന്നു.
...ഉണ്ണിയെ തിണ്ണയിൽ അശ്രദ്ധമായി കിടത്തിയിട്ട് ഭാര്യ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഉണ്ണി കരയും. അന്നേരം എനിക്കു ദേഷ്യം വരും. അവൾ തിണ്ണയിലേക്ക് വരുമ്പോൾ ഞാൻ ഇങ്ങനെ ശക്തിയിൽ അവളെ ഒറ്റച്ചവിട്ട്!
അന്നേരം, അയാളുടെ വലതുകാൽ ഉയർത്തി ചവിട്ടിയപ്പോൾ വെള്ളത്തിലെ ഇടതുകാൽ തെന്നി മലർന്നടിച്ചു വെള്ളത്തിൽ വീണു!
അയാളുടെ കലത്തിലെ ധാന്യമെല്ലാം ചെളിയിൽ പൂണ്ടു! അതിനൊപ്പം പകൽക്കിനാവും വെള്ളത്തിലായി!
Written by Binoy Thomas, Malayalam eBooks-979- Panchatantra story Series -21, PDF-https://drive.google.com/file/d/1TDtwVMafX2GL0Echv_82SqMs_R0s0G8Q/view?usp=drivesdk
Comments