(980) നാഗമാണിക്യം!

 സിൽബാരിപുരം ദേശത്ത് ഒരു കർഷകനുണ്ടായിരുന്നു. അയാൾ കഠിനാധ്വാനിയായിരുന്നു. എങ്കിലും തീരെ തുച്ഛമായ കൂലി മാത്രമാണു ലഭിച്ചു കൊണ്ടിരുന്നത്.

ഒരു ദിവസം കാട്ടുപ്രദേശത്തു കൂടി അയാൾ പണി കഴിഞ്ഞ് പോന്നപ്പോൾ ക്ഷീണം തോന്നി അവിടെ കണ്ട ഒരു മരത്തണലിൽ കിടന്നു വിശ്രമിച്ചു. ക്രമേണ ഉറങ്ങിപ്പോയി. പിന്നീട്, ഒരു ചീറ്റൽ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്.

തൊട്ടു മുന്നിൽ ഒരു വിഷസർപ്പം പത്തി വിടർത്തി നിൽക്കുകയാണ്. അയാൾ പേടിച്ചു മരവിച്ചു! എന്നാൽ സർപ്പം ഒന്നും ചെയ്യാതെ പകരമായി ഒരു നാഗമാണിക്യം വായിൽ നിന്നും അയാളുടെ മുന്നിലേക്കിട്ടു!

അയാൾ ഈ കാര്യം സ്വന്തം വീട്ടിൽ പോലും പറഞ്ഞില്ല. പകരം, നാഗരാജാവിനെ പ്രീതിപ്പെടുത്താനായി പാലുമായി പോകാനായി അയാൾ ഒരുങ്ങി. പക്ഷേ, അയാളുടെ ലക്ഷ്യം വീണ്ടും നാഗമാണിക്യം കിട്ടുക എന്നതായിരുന്നു. അയാൾ പാമ്പിനു പാൽ ഓരോ ദിവസവും പാത്രത്തിൽ നിറയെ കൊടുക്കും. കുടിച്ചു കഴിഞ്ഞ് പാമ്പ് ഒരു മാണിക്യം പുറത്തിടുകയും ചെയ്യും.

ക്രമേണ അയാൾ രഹസ്യമായി നാഗമാണിക്യങ്ങൾ അയൽദേശമായ കോസലപുരത്തു വിറ്റ് സമ്പന്നനായി തീർന്നു. ഒരു ദിവസം അയാൾക്ക് അത്യാവശ്യ കാര്യത്തിന് ദൂരെ പോകണമായിരുന്നു. പക്ഷേ, ഒരു ദിവസം താൻ പാൽ മുടക്കിയാൽ പാമ്പ് മാണിക്യം തരുന്നത് നിർത്തുമെന്ന് അയാൾ ഭയപ്പെട്ടു.

അതിനാൽ, മകനെ പറഞ്ഞു വിട്ടു. അവൻ പാൽ കൊടുത്തപ്പോൾ തിളങ്ങുന്ന കല്ല് കിട്ടിയതു കണ്ട് മകൻ പറഞ്ഞു -"ഈ പാമ്പിൻ്റെ മാളത്തിൽ നിന്നും അതിനെ കൊന്ന് മുഴുവൻ കല്ലുകളും സ്വന്തമാക്കണം"

അവൻ മാളം പൊളിക്കാൻ തുടങ്ങിയപ്പോൾ പാമ്പ് ഉഗ്രകോപത്തോടെ വെളിയിൽ ചാടി അവനെ കൊത്തി! ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ജീവൻ നഷ്ടപ്പെട്ടു!

ഈ വിവരം അറിഞ്ഞ് കർഷകൻ നിലവിളിച്ച് പാമ്പിൻ്റെ അരികിലെത്തി പരാതിപ്പെട്ടു. അന്നേരം, പാമ്പ് പറഞ്ഞു -"നീ അത്യാഗ്രഹി ആയതു കൊണ്ടാണ് ഒരു ദിവസം പോലും കല്ല് കളയാൻ മനസ്സു കാണിക്കാതെ മകനെ വിട്ടത്. മകൻ വലിയ അത്യാഗ്രഹി ആയതിനാൽ മാളത്തിൽ നിന്നും എന്നെ കൊന്ന് മുഴുവനും എടുക്കാമെന്നു വിചാരിച്ചു. പാമ്പിൻ്റെ ദേഹം വേദനിച്ചാൽ കൊത്തുക എന്നത് എൻ്റെ സഹജ വാസനയാണ്. നീ മേലിൽ ഇവിടെ വന്നു പോകരുത്!"

ഗുണപാഠം - മനുഷ്യൻ്റെ അത്യാഗ്രഹം എന്നും കുഴപ്പത്തിൽ മാത്രമേ എത്തിച്ചിട്ടുള്ളൂ.

Written by Binoy Thomas, Malayalam eBooks-980-panchatantra stories -22. PDF -https://drive.google.com/file/d/1vgbjP0YgVzBzXJbCjjaaARNVsAb_1m3S/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍