(982) തവളയുടെ പ്രതികാരം!
സിൽബാരിപുരം ദേശത്ത് ഒരു വലിയ കിണറ്റിൽ കുറെ തവളകൾ പാർത്തിരുന്നു. അവരുടെ നേതാവ് ഒരു കാര്യപ്രാപ്തിയും ഇല്ലാത്തവനായിരുന്നു. എന്നാൽ, അവനെ നേതാവാക്കി കഴിഞ്ഞിട്ടായിരുന്നു അവർക്ക് മണ്ടത്തരമെല്ലാം പിടികിട്ടിയത്.
ഒരു ദിവസം, നേതാവ് ഉറങ്ങുന്ന സമയത്ത് മറ്റുള്ളവരെല്ലാം യോഗം ചേർന്ന് തീരുമാനിച്ചു - "ഈ കഴിവുകെട്ട നേതാവിനെ ഏതാനും ദിവസത്തിനുള്ളിൽ പതിയെ മാറ്റി പുതിയ ആൾ വന്നേ മതിയാകൂ"
എന്നാൽ, തക്കസമയത്ത് നേതാവ് ഉണർന്നതിനാൽ ഇതു കേട്ട് ഞെട്ടി!
"നന്ദിയില്ലാത്ത വർഗ്ഗം. ഇവിടെ നിന്നും കരയ്ക്കു കയറി രക്ഷപ്പെട്ടിട്ട് എല്ലാത്തിനോടും പ്രതികാരം ചെയ്യണം"
അടുത്ത ദിവസം, വെള്ളം കോരാനായി ഒരാൾ തൊട്ടി താഴേക്കു വെള്ളത്തിൽ മുക്കിയപ്പോൾ അതിൽ ചാടിക്കയറി കരയിൽ എത്തി അവൻ രക്ഷപ്പെട്ടു.
പിന്നെ, തവള നേതാവ് ചേരയുടെ മാളത്തിനു മുന്നിലെത്തി പറഞ്ഞു -"എന്നെ വേണമെങ്കിൽ അങ്ങ് തിന്നുകൊള്ളുക. എന്നാൽ, ഒരുപാടു നാളുകൾ വിശപ്പടക്കാൻ പറ്റിയ ഞങ്ങളുടെ സങ്കേതം ഞാൻ കാട്ടിത്തരാം. എന്നെ പുറത്താക്കിയ ദുഷ്ടന്മാരോട് പ്രതികാരം ചെയ്യണം എന്നുള്ളതാണ് എൻ്റെ ജീവിത ലക്ഷ്യം"
പാമ്പ് തവളയുമായി കിണറ്റിലെത്തി. പാമ്പ് തവളകളെ ഓരോ ദിവസവും പിടിച്ചു തിന്നാൻ തുടങ്ങി. അതുകണ്ട് നേതാവ് ആർത്തുചിരിച്ചു. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ തവളകളെല്ലാം തീർന്നു.
പാമ്പ് ആഹാരമില്ലാതെ ഒരു ദിവസം കഴിച്ചു കൂട്ടി. നേതാവിനോടുള്ള നന്ദിയും കടപ്പാടും കാരണം അവനെ തിന്നില്ല. അതേസമയം, തവളകളെ യഥേഷ്ടം ശാപ്പിട്ട് തടിയനായി തീർന്ന പാമ്പിന് പായലു പിടിച്ച കിണറിൻ്റെ മുകളിലേക്ക് കയറാൻ പറ്റിയില്ല. ഓരോ തവണയും പിടി വിട്ട് താഴേക്കു വീഴും.
ഒടുവിൽ, തവളയുടെ അടുത്ത് പാമ്പ് പറഞ്ഞു -"ചങ്ങാതീ, നീ കാരണം എനിക്കു കുറച്ചുകാലം സുഖമായിരുന്നു വയറു നിറയെ കഴിക്കാൻ പറ്റി. എന്നാൽ എനിക്ക് ഇപ്പോൾ രക്ഷപെടാൻ പറ്റുന്നില്ല. അതിനു കാരണം നീ ആണല്ലോ. അതുകൊണ്ട് മറ്റു നിവൃത്തി ഇല്ലാത്തതിനാൽ എനിക്കു നിന്നെ തിന്നേണ്ടി വരും!"
തവളയുടെ അനുവാദം ഒന്നും വാങ്ങാതെ പാമ്പ് അതിനെ വിഴുങ്ങി!
ഗുണപാഠം - അനാവശ്യമായ പ്രതികാരമെല്ലാം ആപത്തു മാത്രമേ വിളിച്ചു വരുത്തുകയുള്ളൂ.
Written by Binoy Thomas, Malayalam eBooks-982-panchatantra - 24, PDF-https://drive.google.com/file/d/1-iYWCJppi3VFBmAqpt_9xlrT4nF0I2gR/view?usp=drivesdk
Comments