(983) ഹൃദയമില്ലാത്ത കഴുത!

 സിൽബാരിപുരം ദേശത്തെ കാട്ടിൽ സിംഹത്തിൻ്റെ ആശ്രിതനായി കഴിയുകയായിരുന്നു കുറുക്കൻ. പല ഇരകളെയും അവൻ ചതിയിൽ പെടുത്തി കാട്ടിക്കൊടുക്കുമ്പോൾ സിംഹം ഒളിച്ചിരുന്ന് അവറ്റകളുടെ മേൽ ചാടി വീഴും. മിച്ചം വരുന്ന മാംസമെല്ലാം കുറുക്കൻ തിന്നുകയും ചെയ്യും.

എന്നാൽ, ഒരു ദിവസം അപ്രതീക്ഷിതമായ കൊമ്പനാനയുടെ ചവിട്ടേറ്റ് സിംഹം അവശതയിലായി. പഴയതുപോലെ സിംഹത്തിന് ഇര പിടിക്കാനും പറ്റിയില്ല. ഒടുവിൽ, സിംഹം പറഞ്ഞതു കേട്ട് ഗുഹയിലേക്ക് ഏതെങ്കിലും മൃഗത്തെ കൂട്ടിക്കൊണ്ടു വരാനായി കുറുക്കൻ ശ്രമം തുടങ്ങി.

ഒടുവിൽ, നാട്ടിലെ യജമാനനുമായി പിണങ്ങി കാട്ടിലെത്തിയ കഴുതയെ കണ്ടു. അതിനെയുമായി സൂത്രത്തിൽ ഗുഹയിലെത്തി. സിംഹം ചാടി വീണെങ്കിലും കഴുത വഴുതി ഓടിപ്പോയി.

വീണ്ടും കുറുക്കൻ കഴുതയുടെ പിറകെ ചെന്നു. കഴുത ദേഷ്യത്തോടെ അമറി - "എടാ കള്ളക്കുറുക്കാ നീ എന്നെ ചതിക്കുകയായിരുന്നു?"

കുറുക്കൻ: "അയ്യോ! ഒരിക്കലും അതല്ല. സിംഹത്തിൻ്റെ ആശ്രിതനാണു ഞാൻ. നിന്നെയും കൂടി അവിടെ അംഗമാക്കാനാണു ഞാൻ കൊണ്ടുപോയത്. സിംഹം നിന്നെ ആലിംഗനം ചെയ്യാൻ വന്നപ്പോൾ നീ വല്ലാതെ തെറ്റിദ്ധരിച്ചു. ഞാൻ എത്രയോ വർഷമായി അദ്ദേഹത്തിൻ്റെ ആശ്രിതനായി തുടരുന്നു! എങ്കിൽ, എന്നെ പണ്ടേ കൊല്ലുമായിരുന്നില്ലേ?"

കഴുതയ്ക്ക് വിശ്വാസമായി. ഇത്തവണ ഗുഹയിൽ വന്നപ്പോൾ സിംഹം കൃത്യമായി അതിനെ കൊന്നു. ആഹാരം കഴിക്കുന്നതിനു മുന്നേ കുളിക്കുന്ന പതിവുള്ള സിംഹം കുളത്തിലേക്കു പോയി.

ആ സമയത്ത് കുറുക്കൻ കഴുതയുടെ കരളും ഹൃദയവും തിന്നു. അന്നേരം, സിംഹം കോപിക്കുമെന്നു കരുതി കഴുതയുടെ ചെവിയും കണ്ണും കൂടി സൂത്രത്തിൽ തിന്നു.

സിംഹം തിരികെ എത്തിയപ്പോൾ പ്രധാന അവയവങ്ങൾ ഇല്ലെന്നു കണ്ടപ്പോൾ കോപിച്ചു. സൂത്രക്കാരനായ കുറുക്കൻ പറഞ്ഞു -"അങ്ങ് ക്ഷമിക്കണം. ഈ കഴുതയ്ക്ക് കരളും ഹൃദയവും കണ്ണും ചെവിയും ഒന്നും ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ സിംഹം തിന്നാൻ വന്ന ഗുഹയിലേക്കു വീണ്ടും വരുമായിരുന്നോ?"

അന്നേരം സിംഹത്തിനും കുറുക്കനും ഒരുപോലെ സമാധാനമായി.

Written by Binoy Thomas, Malayalam eBooks-983- Panchatantra stories -25, PDF-https://drive.google.com/file/d/1BqccvwMUPMQtrb8pT12oeKmGstNyuUhE/view?usp=drivesdk

Comments