(984) വിശ്വസ്തനായ കീരി!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നാട്ടിൻപുറത്തെ ഒരു വീട്ടിൽ ഭാര്യയും ഭർത്താവും കഴിഞ്ഞു വന്ന സമയം. അവർക്കൊരു ഉണ്ണി പിറന്നു.
ഏതാണ്ട്, അതേസമയത്ത് ആ വീട്ടുമുറ്റത്ത് ഒരു കീരിക്കുഞ്ഞും വന്നുചേർന്നു. ആ വീട്ടുകാരുമായി കീരി ചങ്ങാത്തമായി. ക്രമേണ സദാസമയവും വീടിനുള്ളിലായി അതിൻ്റെ ജീവിതം. മാത്രമല്ല, കുഞ്ഞിനൊപ്പം കളിച്ചു തുടങ്ങി.
ഒരു ദിവസം, ഗൃഹനാഥൻ ചന്തയിൽ പോയിരിക്കുന്ന സമയം. കുഞ്ഞ് നിലത്തുള്ള പുൽപായയിൽ ഉറങ്ങുകയായിരുന്നു. അന്നേരം, വീട്ടമ്മ പറമ്പിൽ നിന്നും വിറക് എടുക്കാൻ പോയപ്പോൾ കുഞ്ഞിൻ്റെ മുറിയിലേക്ക് ഒരു മൂർഖൻ പാമ്പ് ഇഴഞ്ഞു വന്നു!
എന്നാൽ, അതിവേഗം കീരി പാമ്പിനെ കടിച്ചു കുടഞ്ഞു! അങ്ങനെ പാമ്പ് ചത്ത സന്തോഷത്തിൽ കുഞ്ഞിനെ രക്ഷിച്ച വിവരം അമ്മയെ അറിയിക്കാൻ കീരി വരാന്തയിലേക്കു ചെന്ന നേരത്ത് ആ സ്ത്രീ തിരികെ വരുന്നുണ്ടായിരുന്നു.
കീരിയുടെ മുഖം മുഴുവനും രക്തം പുരണ്ടതു കണ്ട് അമ്മ നിലവിളിച്ചു - "എൻ്റെ കുഞ്ഞിനെ...നിന്നെ ഞാൻ..."
കയ്യിൽ കിട്ടിയ വിറക് വച്ചു കീരിയെ അടിച്ചു കൊന്നു! അതിനു ശേഷം, മുറിയിലേക്ക് ഓടിയ അവർ പാമ്പിനെ കടിച്ചു മുറിച്ചതു കണ്ട് ഞെട്ടിത്തരിച്ചു!
വീട്ടമ്മ മാറത്തലച്ച് കീരിയുടെ അടുത്ത് കുത്തിയിരുന്ന് അലമുറയിട്ടു - "എൻ്റെ കുഞ്ഞിനെ രക്ഷിച്ച നിന്നെ ഞാൻ... ഭഗവാനെ ഞാൻ ഇതെങ്ങനെ സഹിക്കും!"
ഗുണപാഠം - സത്യമറിയാതെ വിധി നടപ്പിലാക്കരുത്!
Written by Binoy Thomas, Malayalam eBooks-984-panchatantra stories- 26/ PDF -https://drive.google.com/file/d/108QPJcwqNMNQ68hJ66vI4dnrW6pMeBbf/view?usp=drivesdk
Comments