(985) വിവേകമില്ലാത്ത മീനുകൾ!

 സിൽബാരിപുരം ദേശത്ത് ഒരു കുളത്തിൽ കുറെ തവളകളും മീനുകളും ചങ്ങാതിമാരായി കഴിഞ്ഞിരുന്നു. ഒരിക്കൽ, അതുവഴി രണ്ടു മുക്കുവന്മാർ നടന്നു പോയി. മീനുകളും തവളകളും വെള്ളത്തിൽ കളിക്കുന്നതു കണ്ടപ്പോൾ ഒരാൾ പറഞ്ഞു -"ഈ വെള്ളം കുറച്ചു താഴട്ടെ. എല്ലാ മീനെയും പിടിക്കണം"

രണ്ടാമൻ പറഞ്ഞു -"അതുമാത്രമോ? നല്ലയിനം പച്ചത്തവളകളും ഇവിടെയുണ്ട്"

അവർ നടന്നുനീങ്ങി. അവർ പറയുന്നതു കേട്ട് തവളക്കുട്ടൻ പറഞ്ഞു- "കൂട്ടുകാരെ, മീനുകൾ ഇവിടെ നിൽക്കുന്നത് അപകടമാണ്. കാരണം, ഇപ്പോൾ കുളത്തിലെ വെള്ളം താഴേക്ക് ഒഴുകുന്നുണ്ട്. കുറെ ദിവസങ്ങൾ കഴിയുമ്പോൾ അതു വറ്റിയാൽ പിന്നെ എങ്ങും പോകാൻ നിങ്ങൾക്കു പറ്റില്ല"

അന്നേരം, ഒരു മീൻ പറഞ്ഞു -" തവളകൾക്ക് ചാടി ഓടാമല്ലോ. ഞങ്ങൾ താഴേക്കു പോകുകയാണ് "

എന്നാൽ, വലിയ രണ്ടു ചേറുമീനുകൾ പറഞ്ഞു -"ഏതു വലയിലും കുടുങ്ങാതെ രക്ഷപെടാൻ ഞങ്ങൾക്ക് അറിയാം. ഭീരുക്കൾക്കു പോകാം"

മീനുകൾ ഒഴുകുന്നതു കണ്ട് തവളകൾ പറഞ്ഞു - "നമ്മുടെ കൂട്ടുകാർക്കൊപ്പം പോകാം"

അങ്ങനെ മീനുകളും തവളകളും താഴേക്കു പോയി. വലിയ രണ്ടു മീനുകൾ ശക്തിയിൽ കുളത്തിൽ നീന്തിത്തുടിച്ചു. അടുത്ത ആഴ്ചയിൽ മുക്കുവർ വല വീശി. മീനുകൾ അഭ്യാസികളെ പോലെ തെന്നിമാറി. എന്നാൽ മൂന്നാമതും വല വീശിയപ്പോൾ രണ്ടു മീനുകളും കുടുങ്ങി!

ഗുണപാഠം- നിർദ്ദേശങ്ങളും ഉപദേശങ്ങളും കേട്ടാൽ മുഷിപ്പു തോന്നാമെങ്കിലും പ്രയോജനം അത്യധികമാണ്!

Written by Binoy Thomas, Malayalam eBooks-985 - Panchatantra stories -27, PDF -https://drive.google.com/file/d/1FsMwvYr8oZ6xhRp3lSEpzKGcD4d0ROIZ/view?usp=drivesdk

Comments