(986) അറിവ് നേടിയ സിംഹം!
സിൽബാരിപുരം ദേശത്തെ ഒരു കർഷക കുടുംബത്തിൽ നാല് ആൺമക്കൾ ഉണ്ടായിരുന്നു. ആദ്യത്തെ മൂന്നു പേരും പലതരം അറിവുകൾ നേടി വീട്ടിൽ തിരികെ എത്തി.
ഏറ്റവും ഇളയ മകന് കൃഷി മാത്രമേ അറിയാമായിരുന്നുള്ളൂ. അതിനാൽ മറ്റുള്ളവർ അവനെ ഗൗനിച്ചില്ല. ഒരു ദിവസം കർഷകൻ അന്തരിച്ചു. കുടുംബം പട്ടിണി ആകുമെന്ന് ഓർത്ത് അടുത്ത ദേശത്തേക്കു പോകാൻ മൂന്നു മക്കളും തീരുമാനമായി.
കർഷകനായ നാലാമനെ കൂടെ കൂട്ടാൻ അവർ തയ്യാറായില്ല. ഉടൻ, നാലാമൻ പറഞ്ഞു -"ദയവായി എന്നെയും കൂടി കൊണ്ടുപോകൂ. എനിക്ക് പിന്നെ ഇവിടെ സ്വന്തക്കാരായി ആരും ഇല്ലല്ലോ"
അവർ നിരസിച്ചു - "ഞങ്ങൾ വിജ്ഞാനം കൊണ്ട് കൊട്ടാരത്തിലെ ജോലികൾ തരപ്പെടുത്താനാണു ശ്രമം. നിന്നെ കൊണ്ടു പോയാൽ അതൊരു ബാധ്യതയാകും"
എങ്കിലും തുടർച്ചയായി അപേക്ഷിച്ചപ്പോൾ അവർ സമ്മതം മൂളി. കാട്ടിലൂടെ ഒരുപാടു ദൂരം നടക്കണമായിരുന്നു. പോകുന്ന വഴിയിൽ മുറിവേറ്റ സിംഹം അവശനായി കിടക്കുന്നതു കണ്ടു. ഉടൻ, കുറച്ചു വൈദ്യം വശമുള്ളവൻ പറഞ്ഞു -"സിംഹമായാലും എൻ്റെ മരുന്നുകൾ വഴി അതു രക്ഷപ്പെടട്ടെ"
പെട്ടെന്ന്, കർഷകൻ പറഞ്ഞു -"ആവശ്യമില്ലാതെ എന്തിന് അറിവ് പ്രയോഗിക്കുന്നു?"
പക്ഷേ, പ്രയോജനമില്ലെന്നു തോന്നിയതിനാൽ അവൻ നിറയെ ശിഖരങ്ങളുള്ള മരത്തിൽ കയറിയിരുന്നു. മൂവരും ഇതുകണ്ട് പൊട്ടിച്ചിരിക്കാനും തുടങ്ങി.
സിംഹത്തിന് ബോധം വീണ്ടുകിട്ടിയ നിമിഷത്തിൽ കൈ കൊണ്ട് ആഞ്ഞടിച്ച് കഴുത്തിനു കടിച്ചു പിടിച്ചു. മൂന്നുപേരെയും സിംഹം കൊന്നു!
ആശയം- അറിവ് എല്ലാവർക്കും എല്ലായിടത്തും വിളമ്പാൻ ഉള്ളതല്ല.
Written by Binoy Thomas, Malayalam eBooks - 986-panchatantra stories- 28/ PDF -https://drive.google.com/file/d/1BvfYtuFm0kq7QhTesFA7BWcuW8j2hE2h/view?usp=drivesdk
Comments