(987) നിധി തേടിയ സഹോദരങ്ങൾ!

 സിൽബാരിപുരം ദേശത്ത് ഒരു ദരിദ്ര കുടുംബത്തിലെ നാലു സഹോദരങ്ങൾ നാടു വിടാനുള്ള കാര്യത്തേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അങ്ങു ദൂരെ, കിഴക്കു ദിക്കിലെ മലയടിവാരത്തിൽ ദിവ്യന്മാർ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവർക്ക് നിരവധി മന്ത്രങ്ങളും അത്ഭുത വിദ്യകളും അറിയാമത്രെ!

അവർ അങ്ങോട്ടു യാത്രയായി. കുറെ ദിവസങ്ങൾ നടന്നപ്പോൾ ഒരു ഗുഹയിലെ സന്യാസിയുടെ അടുക്കൽ അഭയം തേടി. തങ്ങളുടെ ലക്ഷ്യം അവർ പറഞ്ഞു. ആദ്യമൊന്നും സന്യാസി യാതൊന്നും പറഞ്ഞു കൊടുക്കാതെ ഒഴിവാക്കാൻ നോക്കി. എങ്കിലും ഈ കാടുമുഴുവനും നിധി കിട്ടാനായി അലഞ്ഞുനടക്കുമെന്ന് അവർ പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സലിഞ്ഞു.

"ഞാൻ നിങ്ങൾക്ക് നാലു പേർക്കും ഓരോ തിരി തെളിച്ചു തരാം. കാട്ടിലൂടെ നടക്കുമ്പോൾ എപ്പോൾ തിരി കെട്ടുപോയാലും അവിടെ കുഴിച്ചാൽ നിധി കിട്ടും. പക്ഷേ, അത്യാർത്തി പാടില്ല"

അവർ നാലാളും തിരിയുമായി നടന്നുനീങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ഒന്നാമൻ്റെ തിരി കെട്ടു. അവിടെ കുഴിച്ചപ്പോൾ പുരാതനമായ കുറെ ചെമ്പു പാത്രങ്ങൾ കിട്ടി.

അവൻ പറഞ്ഞു - "ചേട്ടന്മാരെ നമുക്ക് ഇത് കൊട്ടാരത്തിൽ കൊടുത്താൽ നല്ല പണം കിട്ടും. നമുക്ക് പങ്കിടാം. എൻ്റെ കൂടെ പോരൂ"

മറ്റുള്ളവർ പറഞ്ഞു -" ഇതിനേക്കാൾ വിലയുള്ളത് ഞങ്ങളുടെ തിരി കെടുമ്പോൾ കിട്ടും"

മൂവരും യാത്ര തുടർന്നു. രണ്ടാമൻ്റെ തിരി കെട്ടപ്പോൾ കുഴിച്ച് വെള്ളി കിട്ടി. പങ്കിടാമെന്നു പറഞ്ഞിട്ടും രണ്ടു പേരും യാത്ര തുടർന്നു.

മൂന്നാമൻ്റെ തിരി കെട്ട സ്ഥലത്ത് സ്വർണ്ണമായിരുന്നു! അവൻ പറഞ്ഞു -"ചേട്ടാ, ഈ സ്വർണ്ണത്തിൻ്റെ പകുതി ഞാൻ തരാം. ഇനിയും മുന്നോട്ടു പോയാൽ കൊടുംകാടാണ്!"

നാലാമൻ: "ചെമ്പും വെള്ളിയും സ്വർണ്ണവും കിട്ടിയ സ്ഥിതിക്ക് എൻ്റെ തിരി കെടുമ്പോൾ രത്നങ്ങൾ കിട്ടും"

നാലാമൻ്റെ തിരി അണഞ്ഞപ്പോൾ നിധി കിട്ടിയത് ഒരു കുടം നിറയെ രത്നക്കല്ലുകൾ! ആ കുടം ഉയർത്തിയപ്പോൾ ചുവട്ടിൽ ചുറ്റി വരിഞ്ഞിരുന്ന സർപ്പം കൊത്തി!

എന്നാൽ, നിധി കിട്ടിയ ആദ്യത്തെ മൂന്നു പേരും സുഖമായി ജീവിക്കുകയും ചെയ്തു!

ഗുണപാഠം - ആവശ്യമായ സമ്പത്ത് കിട്ടിയിട്ടും അത്യാർത്തിക്കു പിറകേ പോകുന്നത് ആപത്ത് വിളിച്ചു വരുത്തും.

Written by Binoy Thomas, Malayalam eBooks-987- Panchatantra story - 29, PDF-https://drive.google.com/file/d/1xC2OkO4IAd8xqOeY2PzvH_nDlwdElWBZ/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍