(988) പുലിയായ കഴുത!
പണ്ടു പണ്ട്, സിൽബാരിപുരം ദേശത്ത് സാധുവായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾക്ക് ആകെ സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു കഴുതയാണ്. രാവിലെ ചന്തയിൽ പോയി കച്ചവടക്കാരുടെ ചാക്കുകൾ കഴുത ചുമന്ന് പലയിടങ്ങളിൽ എത്തിക്കും. അതിനുള്ള കൂലിയും കിട്ടും.
ഒരിക്കൽ മറ്റൊരു നാട്ടിൽ നിന്നും തിരികെ കഴുതയുമായി നടന്നത് ദൂരം കുറഞ്ഞ എളുപ്പവഴിയായ കാട്ടിലൂടെയായിരുന്നു. അവിടെ ഒരു പുലി ചത്തുകിടക്കുന്നതു കണ്ടപ്പോൾ അയാൾക്ക് ഒരു സൂത്രം തോന്നി.
പുലിയുടെ തോലുരിഞ്ഞ് വീട്ടിലെത്തി അത് വെയിലത്ത് ഉണക്കി. എന്നിട്ട് പുലിത്തോൽ ഭംഗിയായി കഴുതയെ ധരിപ്പിച്ചു. രാത്രിയിൽ ധാന്യങ്ങൾ തിന്നുവാനായി കൃഷിയിടങ്ങളിൽ ഇറക്കിവിട്ടു. കാരണം കൂടുതൽ തീറ്റി തിന്നാൽ നന്നായി കഴുത പണിയുമല്ലോ. ഒന്നാമത്തെ ദിവസം തന്നെ, ഒരാൾ അകലെ നിന്നും ഈ പുലിയെ കണ്ട് ഓടുകയും ചെയ്തു.
രാത്രിയിൽ പുലിയിറങ്ങുന്നതിനാൽ ആളുകൾ പേടിച്ച് വീടിനു വെളിയിൽ ഇറങ്ങാതെ സന്ധ്യക്കു മുൻപേ, വീട്ടിൽ കയറുന്നതു പതിവായി. അങ്ങനെ, കഴുത തടിച്ചു കൊഴുത്തു.
ഒരു ദിവസം, കഴുത കരിമ്പു തിന്നു കൊണ്ടിരുന്നപ്പോൾ അലഞ്ഞു തിരിഞ്ഞു വന്ന പെൺകഴുതയുടെ ശബ്ദം കേട്ട് പുലിവേഷം കെട്ടിയ കഴുത അമറി - "ബ്രേ...ബ്രേ..."
ആ ശബ്ദം കേട്ട് ജനാല തുറന്നു നോക്കിയ അയൽവാസി ഒരു കഴുത പുലിയുടെ അടുത്തു നിൽക്കുന്നതു കണ്ടപ്പോൾ അയാൾ വീടിനു വെളിയിലിറങ്ങി ഉച്ചത്തിൽ കൂവി - "എല്ലാവരും ഓടി വരിനെടാ, അതു കള്ളപ്പുലിയാണേ!..."
നാട്ടുകാർ കഴുതയെ വളഞ്ഞിട്ട് അടിച്ചു കൊന്നു. കഴുതയുടെ ഉടമയ്ക്കും പൊതിരെ തല്ലുകിട്ടി!
ആശയം- പുലിത്തോലിട്ട കഴുതയെ പോലെ ആളുകളെ പറ്റിക്കുന്നവർ നിരവധിയാണ്. ജാഗ്രത പുലർത്തുമല്ലോ.
Written by Binoy Thomas, Malayalam eBooks-988- Panchatantra stories - 30, PDF-https://drive.google.com/file/d/11JBEmLf2Dff2P4CxbYVDcDF-ADBYy00M/view?usp=drivesdk
Comments