(989) ആനയെ തിന്ന കുറുക്കൻ!

 സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്ന കാലം. പതിവുപോലെ കുറുക്കൻ ആഹാരം തേടിയിറങ്ങി. അതിൻ്റെ വഴിയിൽ ഒരു ആന ചത്തു കിടക്കുന്നതു കണ്ടു. പക്ഷേ, കുറുക്കൻ പറഞ്ഞു -" ശരിക്കും ഒരു സദ്യയാണിത്. എന്നാൽ ഇതിൻ്റെ കട്ടിയേറിയ തൊലി കടിച്ചു മുറിക്കാൻ എനിക്കു പറ്റില്ലല്ലോ"

അവൻ ശങ്കിച്ചു നിന്നപ്പോൾ ഒരു സിംഹം അതുവഴി വന്നു. കുറെ ദൂരം മാറി നിന്നിട്ട് സിംഹത്തോടു പറഞ്ഞു -"ഈ ആനയെ മറ്റാരും തിന്നാതെ ഞാൻ കാവൽ നിൽക്കുകയായിരുന്നു. അങ്ങ് ദയവായി ഇതു കഴിച്ചാലും"

ഉടൻ, സിംഹം അലറി - "ഞാൻ മറ്റാരും പിടിച്ച ഇരയെ തിന്നാറില്ല. എനിക്കു വേട്ടയാടി പിടിക്കുന്ന മാംസം മാത്രം മതി ''

സിംഹം അതിൻ്റെ വഴിക്കു പോയി. ഉടൻ, അവൻ അടവൊന്നു മാറ്റി. ഒരു പുലി അതുവഴി പോയപ്പോൾ ഈ കാര്യം പറഞ്ഞു -"വരൂ. സുഹൃത്തേ, സിംഹം പിടിച്ച ആനയാണിത്. സിംഹം കുളിക്കാൻ പോയതാണ്. വേണ്ട മാംസം തിന്നോളൂ"

പുലി മുരണ്ടു - "സിംഹം കണ്ടാൽ എൻ്റെ കഥ കഴിക്കും"

പുലി ഓടിപ്പോയി. പിന്നെ വന്നത് ഒരു കഴുതപ്പുലിയാണ്. സിംഹത്തെ പേടിയാണ് എന്നു പറഞ്ഞപ്പോൾ കുറുക്കൻ പറഞ്ഞു - "സിംഹം വരുമ്പോൾ ഞാൻ അപായ സൂചന തരാം"

കഴുതപ്പുലി ആനത്തൊലി കടിച്ചു മുറിച്ചു കഴിഞ്ഞപ്പോൾ കുറുക്കൻ പറഞ്ഞു - "അതാ, സിംഹം വരുന്നുണ്ട്"

കഴുതപ്പുലി ഓടിയപ്പോൾ കുറുക്കൻ തിന്നാൻ തുടങ്ങി. ഉടൻ, മറ്റൊരു കുറുക്കൻ അങ്ങോട്ടു വന്നു. വരുന്നവൻ ശക്തനായതിനാൽ മല്ലിട്ടാൽ തോൽക്കുമെന്ന് മനസ്സിലായി. പിന്നെയും കുറുക്കൻ അടവൊന്നു മാറ്റി - "വരണം പ്രിയ സ്നേഹിതാ. ഇത് ഒരുമിച്ച് കഴിക്കാൻ ഒരു ചങ്ങാതി ഇല്ലല്ലോ എന്നു കരുതി ഞാൻ വിഷമിച്ച് ഇരിക്കുകയായിരുന്നു"

ഗുണപാഠം - അവസരം നോക്കി ബുദ്ധിശക്തിയെ പ്രവർത്തിപ്പിക്കുന്നവന് ജീവിത വിജയം നേടാനാകും.

Written by Binoy Thomas, Malayalam eBooks-989-panchatantra - 31, PDF-https://drive.google.com/file/d/1zm6kTsGepzTux9I4H4GrCbdPCNQhZA1y/view?usp=drivesdk

Comments