(991) കൊറ്റിയുടെ സൂത്രം!
സിൽബാരിപുരം ദേശത്തുള്ള ഒരു കുളം. അവിടെ വലിയൊരു മരത്തിൽ ദൂരെ ദിക്കിൽ നിന്നും ഒരു കൊറ്റി പറന്നു വന്ന് ഇരിപ്പായി. പ്രായമേറിയതിനാൽ കാഴ്ച കുറഞ്ഞു. മാത്രമല്ല, അതിവേഗം മീനെയും ഞണ്ടിനെയും കൊത്തിയെടുക്കാനുള്ള കഴിവും പോയിരിക്കുന്നു.
അതിനാൽ ആ കുളത്തിലെ മീനുകളെയും ഞണ്ടുകളെയും കണ്ട് വിഷമിച്ചിരിക്കാനേ കൊറ്റിക്ക് കഴിഞ്ഞുള്ളൂ. അന്നേരം ആ പക്ഷിക്ക് ഒരു സൂത്രം തോന്നി.
അത് കുളക്കരയിൽ ചെന്നിരുന്ന് കണ്ണടച്ച് കരഞ്ഞു കൊണ്ടിരുന്നു. അതു കണ്ടിട്ട് ഒരു ഞണ്ട് വിവരം തിരക്കി.
കൊറ്റി പറഞ്ഞു: "എന്നോട് കുറുക്കൻ ജ്യോൽസ്യൻ പറഞ്ഞു അടുത്ത അഞ്ചു വർഷം ഇവിടെ മഴ പെയ്യില്ലെന്ന്. അന്നേരം ഈ കുളം വറ്റി വരണ്ടു പോകും. നിങ്ങളെല്ലാം നശിക്കും. ഒരുപാട് മീനുകളെയും ഞണ്ടുകളുമൊക്കെ തിന്നിട്ടുണ്ട്. ആ പാപത്തിന് ശാപമോക്ഷം കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ് "
അവരെല്ലാം കുളത്തിലെ ജലപ്പരപ്പിൽ വന്നു. ഇതിനുള്ള പ്രതിവിധി എന്തെന്ന് കൊറ്റിയോടു ചോദിച്ചു. ഒടുവിൽ അവൻ പറഞ്ഞു -"ഒരിക്കലും വറ്റാത്ത ആമ്പൽക്കുളം കിഴക്കു ദിക്കിലെ പാറക്കെട്ടുകൾക്ക് അടിയിൽ ഉണ്ട്. അങ്ങോട്ട് നിങ്ങളെ ഓരോരുത്തരെയായി ഞാൻ കൊണ്ടു പോകാം. അങ്ങനെ എൻ്റെ പാപങ്ങൾക്ക് ഒരു പരിഹാരവുമാകും"
എല്ലാവർക്കും സന്തോഷമായി. ആദ്യത്തെ മീനുമായി കൊറ്റി പറന്ന് പാറപ്പുറത്ത് ചെന്നിരുന്ന് മീനെ വിഴുങ്ങി. ഇതേ പോലെ ഓരോ ദിവസവും ഓരോ മീനും കൊറ്റിയുടെ വയറ്റിലായി.
ഒരു ദിവസം, കൊറ്റിക്ക് തോന്നി - മീൻ തിന്നു മടുത്തിരിക്കുന്നു. ഇനി ഞണ്ടിറച്ചി മതി. അങ്ങനെ വലിയൊരു ഞണ്ടിനെ പുറത്തു കയറ്റി യാത്രയായി. പാറപ്പുറത്ത് പറന്നിരിക്കാൻ തുടങ്ങിയപ്പോൾ ഞണ്ട് ആ കാഴ്ച കണ്ടു ഞെട്ടി! കൂട്ടുകാരായ വലിയ മീനുകളുടെ മുള്ളുകൾ പാറപ്പുറത്ത്!
പെട്ടെന്ന്, ഞണ്ട് കൊമ്പുകൾ പല തവണ കൊറ്റിയുടെ കഴുത്തിൽ കുത്തിയിറക്കി. കൊറ്റിയുടെ ജീവൻ പോയി. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞണ്ട് തിരികെ കുളത്തിലെത്തി കൊറ്റിയുടെ ചതിയുടെ കഥ മറ്റുള്ളവരോടു പറഞ്ഞു.
ആശയം- ചതിയും വഞ്ചനയും പഞ്ചാര വാക്കുകളുമെല്ലാം സർവ്വസാധാരണമാണ്. ആയതിനാൽ ജാഗ്രത ഉണ്ടായിരിക്കണം.
Written by Binoy Thomas, Malayalam eBooks-991- Panchatantra - 33, PDF -https://drive.google.com/file/d/1w62uXo8gUXElzJjqSOLHYKlLKfRKxtW8/view?usp=drivesdk
Comments