(992) വികൃതിക്കുരങ്ങൻ !
പണ്ടു കാലത്തു നടന്ന സിൽബാരിപുരം ദേശത്തെ ഒരു കഥ. അക്കാലത്ത് നാടും കാടും ഇടകലർന്ന് ആ ദേശം കാണപ്പെട്ടു. അവിടെ തടി മുറിച്ചു ആശാരിപ്പണികൾക്കായി കൊടുക്കുന്ന ഒരു സ്ഥലമുണ്ട്.
നാട്ടിൽ നിന്ന് ദിവസവും ആളുകൾ അതിരാവിലെ മരം വെട്ടാനായി കാട്ടിലേക്ക് പോകും. ഉച്ചയ്ക്കു മുൻപ് പണിശാലയിൽ കൊണ്ടുവന്ന് അറത്തു മുറിക്കാൻ തുടങ്ങുകയും ചെയ്യുകയാണു പതിവ്.
എന്നാൽ, തലേ ദിവസം വലിയ ഒരു മരത്തടി കിട്ടിയെങ്കിലും അത് മുഴുവനായി അറത്തു മുറിക്കാനായില്ല. പക്ഷേ, അറത്തത് അനുസരിച്ച് ഒരു തടിക്കഷണം പൂളായി ഇടയിൽ വച്ചിട്ട് അവർ ഊണു കഴിക്കാനായി അടുത്തുള്ള വീട്ടിലേക്ക് പോയി.
ആ സമയത്ത് കുറെ കുരങ്ങന്മാർ ആ അറക്കശാലയിലേക്ക് ചാടിക്കയറി. അന്നേരം വൃദ്ധനായ കുരങ്ങൻ താക്കീത് കൊടുത്തു -" ഇത് മനുഷ്യരുടെ പണിശാലയാണ്. നമ്മൾ ഇവിടെ ചാടിക്കളിക്കുന്നത് അപകടമാണ് "
പക്ഷേ, ദുർബലനായ ആ കുരങ്ങനെ ആരും കേട്ടതില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വികൃതിക്കുരങ്ങൻ പാതി അറത്ത തടികൾക്കിടയിൽ മരപ്പൂള് വച്ചിരിക്കുന്നത് കണ്ടപ്പോൾ അതിൽ പിടിച്ച് ഇളക്കാൻ തുടങ്ങി.
"ടപ്പോ" എന്ന ശബ്ദത്തോടെ പൂള് മാറി ശക്തിയായി രണ്ടു പാളികളും ഒന്നിച്ചു! ഇടയിൽ പെട്ട് അവൻ്റെ കാലൊടിഞ്ഞു! വേദന സഹിച്ച് കരഞ്ഞു കൊണ്ടിരുന്ന കുരങ്ങനെ പിന്നീടു വന്ന പണിക്കാർ രക്ഷപ്പെടുത്തി കാട്ടിലേക്ക് ഓടിച്ചു!
ആശയം- ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ ഇടപെട്ട് പ്രശ്നത്തിൽ ചെന്നു ചാടരുത്!
Written by Binoy Thomas, Malayalam eBooks-992-panchatantra - 34, PDF-https://drive.google.com/file/d/1JrepbwIS-broLRS-kuE_qdzgCp48ZB6p/view?usp=drivesdk
Comments