സിൽബാരിപുരത്തെ ഒരു നാട്ടിൻപുറത്ത് മരത്തിൽ കൂടുകൂട്ടി താമസിച്ചു വരികയായിരുന്നു കാക്കയുടെ കുടുംബം. എന്നാൽ, എപ്പോൾ കാക്ക മുട്ടയിട്ടാലും മരത്തിൻ്റെ കീഴെ മാളത്തിലെ പാമ്പ് മുട്ട തിന്നുന്നതു പതിവായി.
കാക്കകൾക്ക് ഒരു കുഞ്ഞു പോലും അതിനാൽ പിറന്നില്ല. കാക്കയുടെ ബുദ്ധിയിൽ പാമ്പിനോടു പ്രതികാരം ചെയ്യാനുള്ള യാതൊന്നും ഉണ്ടായിരുന്നില്ല.
ഒടുവിൽ കാക്കകൾ, സമീപത്തു കൂടി നടന്നു പോയ കുറുക്കനോട് കാര്യം അവതരിപ്പിച്ചു. സൂത്രശാലിയായ കുറുക്കൻ ഒരു പോംവഴി നിർദ്ദേശിക്കുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ രാജകുമാരിയും തോഴിമാരും നീരാടാനായി അടുത്തുള്ള പുഴയോരത്ത് എത്തിയ നേരത്ത് കാക്ക അവിടെ പതുങ്ങിയിരുന്നു. ഭടന്മാരും സുരക്ഷയ്ക്കായി പുഴയുടെ പരിസരത്ത് കാവലുണ്ടായിരുന്നു.
കുമാരിയുടെ രത്നമാല ഊരി വച്ച് വെള്ളത്തിലിറങ്ങിയ നേരത്ത് കാക്ക മാല കൊത്തിയെടുത്തു. എന്നിട്ട് അവരുടെ ശ്രദ്ധ ആകർഷിച്ചു. ഉടൻ, ഭടന്മാർ കയ്യിലെ കുന്തം എറിയാൻ നോക്കി. കാക്ക നേരേ പറന്നത് മരച്ചുവട്ടിലെ പാമ്പിൻ്റെ പൊത്തിലേക്കാണ്.
ഭടന്മാർ നോക്കുമ്പോൾ കാക്കയാകട്ടെ മാല പാമ്പിൻ്റെ മാളത്തിൻ്റെ ഉള്ളിലേക്ക് കടത്തി വച്ചിട്ട് പോന്നു. അവർ ഓടി വന്ന് മാളത്തിൻ്റെ കല്ലുകൾ മാറ്റിയപ്പോൾ പാമ്പ് ചീറ്റിയടുത്തു.
ഭടന്മാരുടെ കുന്തം കൊണ്ടുള്ള കുത്തേറ്റ് പാമ്പ് ചത്തു പോയി. പിന്നീട് കാക്കകൾക്ക് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്തു.
ആശയം- പ്രശ്നങ്ങൾക്കുള്ള പോംവഴി സ്വയം അറിയില്ലെങ്കിൽ മറ്റുള്ളവരുടെ സഹായം തേടുക.
Written by Binoy Thomas, Malayalam eBooks - 993 - Panchatantra stories - 35, PDF-https://drive.google.com/file/d/1ERPRHjM2ag_RJ028dp1eBC4ZBC9SF4Rk/view?usp=drivesdk
Comments