(996) അതിഥി സൽക്കാരം!
സിൽബാരിപുരം ദേശത്തെ രാജകൊട്ടാരം. കൊട്ടാരത്തിലെ രാജാവ് കിടക്കുന്ന മെത്തയിൽ ഒരു വെള്ളപ്പേൻ ജീവിച്ചിരുന്നു. അത്യാർത്തി കാട്ടാതെ രാത്രിയിൽ ഓരോ ദിവസവും രാജാവിൻ്റെ രക്തം അല്പം വീതം കുടിച്ച് സുഖമായി ജീവിച്ചു വരികയായിരുന്നു.
ഒരു ദിവസം, അങ്ങോട്ട് ഒരു കട്ടിൽമൂട്ട കടന്നു വന്നു. ഉടൻ, പേൻ ദേഷ്യപ്പെട്ടു - "നീ വേഗം ഇവിടെ നിന്നും പോകണം. കാരണം നീ അത്യാർത്തിക്കാരനാണ്. രാജാവിനെ കടിച്ച് പ്രശ്നമാകും"
അന്നേരം, മൂട്ട പറഞ്ഞു -"നീ ദയവായി അങ്ങനെ പറയരുത്. ഞാൻ നിൻ്റെ അതിഥിയാണ്. രുചികരമായ ആഹാരം കഴിച്ചു വളരുന്ന രാജാവിൻ്റെ രക്തം രുചിക്കുക എന്നുള്ളത് എൻ്റെ ജീവിതാഭിലാഷമാണ്. ഒരേ ഒരു തവണ മാത്രം. അതു കഴിഞ്ഞ് വേറെ മുറിയിൽ ഞാൻ പൊയ്ക്കോളാം''
ഒടുവിൽ പേൻ സമ്മതിച്ചു. പക്ഷേ, രാജാവ് രാത്രിയിൽ ഉറങ്ങാൻ കിടന്ന ഉടനെ മൂട്ട കൊതിയോടെ രാജാവിനെ ആഞ്ഞു കടിച്ചു!
രാജാവ് അലറി എണീറ്റ് ഭൃത്യന്മാരെ വിളിച്ച് മെത്ത അരിച്ചു പെറുക്കി മൂട്ടയെ മാത്രമല്ല, വെള്ളപ്പേനിനെയും ചവിട്ടിയരച്ചു!
ഗുണപാഠം - അതിഥികളെ അളന്നു നോക്കിയിട്ടു മാത്രമേ ആതിഥ്യം നൽകാവൂ!
Written by Binoy Thomas, Malayalam eBooks - 996- Panchatantra stories - 38, PDF-https://drive.google.com/file/d/1OxXOvHIvn6zKUJjeTdK9KoejgE4oaJ9F/view?usp=drivesdk
Comments