(998) കരടി പറഞ്ഞ സത്യം!
സിൽബാരിപുരം ദേശത്തുള്ള രണ്ടു ചങ്ങാതിമാർ ചന്തയിലേക്കു പോകുകയായിരുന്നു. അങ്ങോട്ടു ദൂരം കൂടുതൽ ഉള്ളതിനാൽ കാട്ടിലൂടെ നടന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ അവിടെ എത്താമെന്ന് അവർ തീരുമാനിച്ചു. പക്ഷേ, വന്യമൃഗങ്ങളുടെ ശല്യം ചിലപ്പോൾ ഉണ്ടാകാറുണ്ട്.
അവർ കാട്ടിലൂടെ നടക്കുന്ന സമയത്ത് ഇടതു വശത്ത് നടക്കുന്ന ആൾ ഒരു കരടി വരുന്നതു കണ്ടിട്ട് ചാടി മരത്തിൽ കയറി. പക്ഷേ, അവൻ കൂട്ടുകാരനോടു പറയാതെയാണ് മരത്തിൽ കയറിയത്. അതിനൊരു കാരണമുണ്ടായിരുന്നു. കരടി മരത്തിൽ കയറും. എന്നാൽ താഴെ കൂട്ടുകാരനെ കണ്ടാൽ താൻ രക്ഷപ്പെടുമല്ലോ!
എങ്കിലും നിമിഷങ്ങൾക്കുള്ളിൽ രണ്ടാമനും കരടിയെ കണ്ടു. ഉടൻ, അവൻ ചത്തതുപോലെ കിടന്നു. കരടി വന്ന് അവൻ്റെ മൂക്കിൽ മണം പിടിച്ചു നോക്കി!
അവൻ ശ്വാസം പിടിച്ചു കിടന്നു. കരടി ചത്തതിനെ തിന്നാത്തതിനാൽ അവൻ രക്ഷപ്പെട്ടു. കരടി അവിടെ നിന്നും പോയി.
കൂട്ടുകാരൻ ഈ അത്ഭുതം കണ്ടിട്ട് ചാടിയിറങ്ങി വന്ന് ചോദിച്ചു - "ആ കരടി നിന്നോട് എന്താണു പറഞ്ഞത്?"
രണ്ടാമൻ പറഞ്ഞു - "ആപത്തിൽ ചതിക്കുന്നവൻ യഥാർഥ സുഹൃത്തല്ല എന്നാണു പറഞ്ഞത് !"
അവർ രണ്ടു പേരും ഓരോ വഴിക്കു പിരിഞ്ഞു പോയി.
ആശയം - ചങ്ങാതിമാരെ പോലെ തോന്നിക്കുന്ന സൗഹൃദങ്ങൾ ചുറ്റുപാടും കാണാമെങ്കിലും അവ യഥാർഥമാണെന്ന് വിചാരിക്കരുത്.
Written by Binoy Thomas, Malayalam eBooks - 998 - Panchatantra story series - 40, PDF-https://drive.google.com/file/d/1CtGHTccUbJYbYFEe_FzFOcAq-OPVmUx6/view?usp=drivesdk
Comments