(999) ഒന്നും പ്രതീക്ഷിക്കാത്ത സത്കർമ്മങ്ങൾ!
സിൽബാരിപുരം ദേശത്ത് ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം സൂര്യനുദിക്കുന്നതിനു മുൻപ് നദിക്കരയിലെത്തി ധ്യാനിക്കും. പ്രകൃതിരമണീയമായ സ്ഥലമായിരുന്നു അത്.
ഒരു ദിവസം ധ്യാനം കഴിഞ്ഞപ്പോൾ അന്നത്തെ പ്രഭാഷണത്തിന് എന്തൊക്കെ വിഷയങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആലോചിക്കാൻ തുടങ്ങി. അന്നേരം, യാന്ത്രികമായി അദ്ദേഹം അവിടെ കിടന്ന തഴപ്പായ കൊണ്ട് ഒരു കുട്ട നെയ്യാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ മനോഹരമായ കുട്ട ഉണ്ടാക്കിക്കഴിഞ്ഞു. അന്നേരം, അദ്ദേഹം പോകാനായി എണീറ്റു. ഒരു കൗതുകത്തിന് ആ കുട്ട നദിയിലെ വെള്ളത്തിലേക്ക് ഒഴുക്കി വിട്ടു.
കുറെ മാസങ്ങൾ അദ്ദേഹത്തിൻ്റെ പ്രഭാഷണ പരമ്പര നീണ്ടുപോയി. അപ്പോഴെല്ലാം ഓരോ ദിനവും ഓരോ കുട്ടയും വെള്ളത്തിൽ ഒഴുക്കി വിട്ടിരുന്നു.
എന്നാൽ, പിന്നീട് ആരോഗ്യപ്രശ്നങ്ങളാൽ അയൽ ദേശങ്ങളിൽ പ്രഭാഷണങ്ങൾക്കു പോകുന്നതു നിർത്തി. കുട്ട നെയ്യുന്നതും നിർത്തി. പക്ഷേ, നദിക്കരയിലെ ധ്യാനത്തിന് മുടക്കം വരുത്തിയില്ല.
അടുത്ത ദിവസം, സന്യാസി നടക്കുന്ന വഴിയിൽ ഒരു വൃദ്ധ കരയുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ പറഞ്ഞു -"എനിക്ക് ഈ നദിയിലൂടെ എന്നും രാവിലെ ഒരു കുട്ട വെള്ളത്തിലൂടെ ഒഴുകിവരുമായിരുന്നു. അത് പൂക്കടയിൽ വിൽക്കുമ്പോൾ അരി വാങ്ങാനുള്ളതിനു കിട്ടും. പക്ഷേ, ഇപ്പോൾ അതു നിലച്ചു"
സന്യാസിക്ക് അതുകേട്ട് അത്ഭുതമായി. ആ സ്ത്രീയെ ആശ്വസിപ്പിച്ചു - "വിഷമിക്കാതെയിരിക്കുക. ഇനി എല്ലാ ദിവസവും മുടങ്ങാതെ അതു കിട്ടും"
സന്യാസി ധ്യാനത്തിനു മുൻപു തന്നെ ശ്രദ്ധാപൂർവ്വം കുട്ട നെയ്ത് വെള്ളത്തിൽ ഒഴുക്കി വിട്ടതിനു ശേഷം മാത്രം ധ്യാനിക്കുന്നതു ശീലമാക്കി.
ആശയം- നമ്മുടെ സത്കർമ്മങ്ങൾക്കുള്ള പ്രതിഫലം പ്രത്യക്ഷമായോ അപ്രത്യക്ഷമായോ സംഭവിക്കാം. പ്രതിഫലം ആഗ്രഹിക്കാത്ത സത്കർമ്മങ്ങൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത് ദൈവമാണ്.
മറിച്ച്, ആഗ്രഹിച്ചാൽ, അതിൻ്റെ കൂലി മനുഷ്യരാകും പ്രശസ്തിയിലൂടെയും പ്രശംസയിലൂടെയും മുഖസ്തുതിയിലൂടെയും നൽകുക. ഏതാണ് ശ്രേഷ്ഠമെന്ന് നിങ്ങൾ സ്വയം ആലോചിക്കുക.
Written by Binoy Thomas, Malayalam eBooks-999- നന്മകൾ - 51, PDF-https://drive.google.com/file/d/1zrDuN-bIJIGbLTTMDD4iI_cgc70RhYZb/view?usp=drivesdk
Comments