(1015) ചക്രവർത്തിയെ നേരിട്ട ഹോജ!
ഒരിക്കൽ, തുർക്കിയിലെ തിമൂർ സുൽത്താൻ, ഹോജയുടെ നാടായ അക്സെഹിർ ആക്രമിക്കാൻ വരുന്നുവെന്ന് ആ നാട്ടിൽ സൂചന കിട്ടി. ഉടൻ, ആളുകൾ വീടുവിട്ട് ഒരു സ്ഥലത്ത് തടിച്ചു കൂടി. ഹോജയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പറഞ്ഞതുപോലെ സംഭവിച്ചു - സുൽത്താൻ തൻ്റെ സൈന്യവുമായി അവിടെയെത്തി! ജനങ്ങളെല്ലാം പരിഭ്രാന്തരായി. എന്നാൽ, ഹോജ യാതൊരു കൂസലും കൂടാതെ സുൽത്താനു മുന്നിൽ ചെന്നു നിന്ന് പറഞ്ഞു -"എത്രയും വേഗം സുൽത്താൻ തിരികെ സ്വന്തം രാജ്യത്തേക്കു പടയുമായി മടങ്ങണം" എല്ലാവരും ഞെട്ടി വിറച്ചു! പൊതുവേ ഭീരുവായ ഹോജ, സുൽത്താനെ വെല്ലുവിളിക്കുകയാാണ്. ഇനി എന്താണു സംഭവിക്കുക? അന്നേരം, തിമൂർസുൽത്താൻ ഹോജയോടു ചോദിച്ചു - "തിരികെ പോകാനല്ല ഞാൻ വന്നിരിക്കുന്നത് " വീണ്ടും ഹോജ തിരിച്ചടിച്ചു - "എങ്കിൽ അതിൻ്റെ പ്രത്യാഘാതം സുൽത്താൻ കാണേണ്ടിവരും!" ഭീഷണി മുഴക്കിയ ഹോജയുടെ നേരെ നോക്കി സുൽത്താൻ അലറി - "ഞാൻ ഇവിടെ കീഴടക്കാൻ ഉറച്ചു കഴിഞ്ഞു. അന്നേരം ഇവിടെ എന്തു സംഭവിക്കുമെന്നാണ് നീ പറയുന്നത്?" അപ്പോൾ ഹോജ ഉച്ചത്തിൽ പറഞ്ഞു -"എന്തു സംഭവിക്കാനാണ്? ഞങ്ങളെല്ലാവരും കൂടി ഇപ്പോൾത്തന്നെ ഈ ദേശം വിട്ടു പോകും. അത്രതന്നെ!...