(1001) എണ്ണച്ചക്ക്!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ചക്കിലാട്ടിയ എണ്ണ വിൽക്കുന്ന വാണിയാനും ഭാര്യ വാണിയാത്തിയും ഉണ്ടായിരുന്നു. ധാരാളം തെങ്ങുകൾ ഉണ്ടായിരുന്ന പ്രദേശമാകയാൽ കൊപ്രയുമായി ആളുകൾ ചക്കിലാട്ടി വെളിച്ചെണ്ണയുമായി പോകാൻ കാത്തു നിൽക്കും.
എന്നാൽ, ഭാര്യയും ഭർത്താവും കൂടി ചക്ക് കറക്കുന്ന സമയത്ത് വാണിയാൻ ദേഷ്യപ്പെട്ട് അലറും- "എടീ ഇങ്ങനെയാണോ ചക്ക് തിരിക്കുന്നത്?" അന്നേരം, വാണിയാത്തി തിരികെ ദേഷ്യപ്പെടും - "എങ്കിൽ നിങ്ങളു തന്നെ പണിതോളൂ"
അവൾ ദേഷ്യപ്പെട്ട് വീടിനകത്തേക്ക് കയറിപ്പോകും. ഉടൻ, അയാൾ അലറിക്കൊണ്ട് തോർത്ത് വീശി അടിക്കാനായി ഓടും. പിന്നെ അവൾ കരഞ്ഞു കൊണ്ട് തിരികെ വന്ന് യാതൊന്നും മിണ്ടാതെ ചക്കിലാട്ടുന്നത് തുടരും.
ഒരു ദിവസം ബുദ്ധിമാനായ ഒരാൾ അന്യദേശത്തു നിന്നും കൊട്ടാരത്തിലേക്കു പോകുന്നതിനായി അതുവഴി നടന്നു പോകുകയായിരുന്നു. അന്നേരം, വാണിയാൻ്റെ ഈ അലർച്ച കേട്ട് എണ്ണയാട്ടുന്ന അവിടേക്ക് അയാൾ കയറി എന്താണു കാര്യമെന്നു തിരക്കി.
"ഇവരുടെ വഴക്ക് എല്ലാ ദിവസവും പതിവാണ് " അവിടെ കൊപ്രയുമായി വന്ന ഒരാൾ പറഞ്ഞു. പരദേശി ഒന്നും മിണ്ടാതെ കൊട്ടാരത്തിലേക്കു പോയി. എന്നാൽ, തിരികെ വന്നപ്പോൾ വൈകുന്നേരമായി. എണ്ണയാട്ടാൻ അപ്പോഴും കുറെ ആളുകൾ നിൽപ്പുണ്ട്.
പരദേശി അവരുടെ പിറകിലായി നിന്നു. അതിനിടയ്ക്ക് വീണ്ടും വാണിയാൻ ദേഷ്യപ്പെട്ടപ്പോൾ ഭാര്യ പിണങ്ങിപ്പോയി. പിന്നെ തിരികെ വന്നു.
ഉടൻ, പരദേശി ദേഷ്യപ്പെട്ടു - "ഈ സാധുക്കളെ പറ്റിക്കാൻ വെറുതെ വാണിയാനും വാണിയാത്തിയും കളിക്കരുത് ''
നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പരദേശി വീടിനകത്തു കയറി ഒരു പാത്രത്തിലെ വെളിച്ചെണ്ണയുമായി പുറത്തേക്കു വന്നു.
"ഇവരുടെ വഴക്ക് വെറും നാടകമാണ്. എണ്ണ വലിച്ച തോർത്ത് വീടിനകത്തു പോയി പിഴിയാനാണ് ഈ വേലത്തരം!"
നാട്ടുകാർ അവരെ ആ നാട്ടിൽ നിന്നും ഓടിച്ചു. പിന്നീട് ഒത്തുകളിച്ച് ആളുകളെ പറ്റിക്കുന്നവരെ സൂചിപ്പിക്കാനായി "വാണിയാനും വാണിയാത്തിയും കളിക്കരുത്" എന്ന പ്രയോഗം പ്രചാരത്തിലായി.
ആശയം- ഈ കഥ എന്നോടു പറഞ്ഞത് ഒരു പ്രായമേറിയ ആളാണ്. ഇതിൻ്റെ യഥാർഥ ഉറവിടം കേരളം തന്നെയാണോ എന്ന് ഉറപ്പില്ല. ചിലപ്പോൾ സാങ്കൽപ്പിക നാടോടിക്കഥയാവാം.
Written by Binoy Thomas, Malayalam eBooks-1001-folk tales - 58, PDF-https://drive.google.com/file/d/1POLoFox736FfuD7HYTDcg9PQq8Xwuj-E/view?usp=drivesdk
Comments