(1008) മുല്ലയും തുന്നൽക്കാരനും!
ഹോജ മുല്ല താമസിച്ചിരുന്ന തുർക്കിയിലെ ഗ്രാമത്തിൽ നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. അതിനാൽ നല്ല കട്ടിയുള്ള കുപ്പായം ആവശ്യമായിരുന്നു. എന്നാൽ, കൃഷിപ്പണികൾക്കിടയിൽ, വസ്ത്രം കീറി നശിക്കുന്നത് പതിവാണ്.
അതിനാൽ, ഒരു ദിവസം കുപ്പായം തുന്നാനുള്ള തുണി ചന്തയിൽ നിന്നും വാങ്ങി അതുമായി തുന്നൽക്കാരൻ്റെ അടുക്കലെത്തി. എന്നിട്ട്, ഹോജ പറഞ്ഞു - "എനിക്കു വേറെ കുപ്പായമില്ല. അതിനാൽ എത്രയും വേഗം തുന്നിത്തരണം"
അന്നേരം തുന്നൽക്കാരൻ പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ അടുത്ത ആഴ്ച തയ്ച്ചു തരാം"
ഹോജയ്ക്ക് സമാധാനമായി - "ഹാവൂ ഒരാഴ്ചക്കുള്ളിൽ കുപ്പായം കിട്ടുമല്ലോ"
ഒരാഴ്ച കഴിഞ്ഞ് ഹോജ തുന്നൽക്കാരൻ്റെ അടുക്കലെത്തി. അന്നേരം അയാൾ പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ മൂന്നു ദിവസം കഴിഞ്ഞു തരാം"
ഹോജയ്ക്കു ദേഷ്യം വന്നെങ്കിലും മൗനം പാലിച്ചു. മൂന്നു ദിനം കഴിഞ്ഞ് അയാൾ തുന്നൽക്കാരൻ്റെ അടുത്തു ചെന്നു. അപ്പോൾ അവൻ പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ നാളെ തരാം"
ഉടൻ, ഹോജ മുല്ല പൊട്ടിത്തെറിച്ചു - "ദൈവത്തിൻ്റെ സഹായമില്ലാതെ നിങ്ങൾക്കു തയ്ച്ചു തരാൻ എന്നു പറ്റും എന്നു പറയടോ?"
Written By Binoy Thomas, Malayalam eBooks-1008- ഹോജ മുല്ല കഥകൾ - 6, PDF-https://drive.google.com/file/d/1kO_6fFrf9XROmCmIDUpvTMAYqTKh-Nsg/view?usp=drivesdk
Comments