(1010) മുല്ലയുടെ കാള!
ഒരിക്കൽ, ഹോജ മുല്ല നല്ലൊരു കാളയെ വാങ്ങി. അയാൾക്കും ഭാര്യയ്ക്കും അതിനെ വലിയ ഇഷ്ടമായി. ആ കാളയുടെ കൊമ്പുകൾ പ്രത്യേക രീതിയിൽ വളഞ്ഞ് ഒരു സിംഹാസനം പോലെ കാണപ്പെട്ടു.
ഒരു ദിവസം, ഹോജയ്ക്ക് ഒരു ആഗ്രഹം ഉദിച്ചു - കാളയുടെ വളഞ്ഞ കൊമ്പുകൾക്കിടയിൽ രാജാവിനെപ്പോലെ ഇരിക്കണം!
അതിനായി പല തവണ നോക്കിയെങ്കിലും കാള നിൽക്കുന്ന സമയത്ത് ഒരിക്കലും നടക്കാത്ത കാര്യമെന്ന് ഹോജ മനസ്സിലാക്കി. പിന്നെ എന്താണ് പോംവഴിയെന്ന് ആലോചിച്ചപ്പോൾ കാള ഉറങ്ങുന്ന സമയത്ത് അല്പനേരം പതിയെ ഇരിക്കാമെന്ന് കണക്കു കൂട്ടി.
തൻ്റെ ഈ വീരസാഹസം ഭാര്യയെ കാണിച്ചേ മതിയാകൂ എന്നും അയാൾ തീരുമാനിച്ചു. ഭാര്യയെ വിളിച്ച് മുന്നിൽ നിർത്തിയിട്ട് അയാൾ പതിയെ കാളക്കൊമ്പുകൾക്കിടയിൽ കയറി ഇരുന്നു! എന്നാൽ തലയ്ക്കു മുകളിൽ ഭാരം തോന്നിയ നിമിഷം കാള കണ്ണുതുറന്നു.
കാള മുക്രയിട്ടു കൊണ്ട് കൊമ്പ് ഒന്നു കുടഞ്ഞു! ഹോജ ഒരു പന്തു പോലെ കുറെ ദൂരെ തെറിച്ചു വീണു! ഭാര്യ കളിയാക്കി ചിരിച്ചപ്പോൾ ഹോജ പറഞ്ഞു -"രാജാക്കന്മാർ സിംഹാസനത്തിൽ നിന്നും തെറിക്കുന്നത് ആദ്യത്തെ സംഭവമല്ല!"
Written by Binoy Thomas, Malayalam eBooks-1010 - Hoja story Series - 8, PDF-https://drive.google.com/file/d/1IxzMPeltOtR5TwW7MCQDHsgkwQ2YZ3sJ/view?usp=drivesdk
Comments