(1013) ഹോജയുടെ സ്വപ്നം!
ഒരു ദിവസം, പതിവിലേറെ ക്ഷീണവുമായി ഹോജ ഉറങ്ങാൻ കിടന്നു. അന്നു പകൽ മുഴുവനും കൃഷിയിടത്തെ പണികൾ കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ കിടന്നയുടൻ തന്നെ അയാൾ ഉറങ്ങിപ്പോയി. ഉറക്കത്തിനിടയിൽ ഹോജ ഒരു സ്വപ്നം കണ്ടു -
ഒരു അതിഥി തൻ്റെ വീടിൻ്റെ വാതിലിൽ വന്നു മുട്ടി! ഹോജ വാതിൽ തുറന്ന് അയാളോടു ചോദിച്ചു- "ഈ രാത്രിയിൽ താങ്കൾക്ക് എന്താണു കാര്യം?"
അപരിചിതൻ പറഞ്ഞു -"എന്നെ ഇന്നു രാത്രി ഈ വീട്ടിൽ അന്തിയുറങ്ങാൻ അനുവദിക്കണം"
ഹോജ ഉടൻ അതിനുള്ള വാടക ആവശ്യപ്പെട്ടു. അയാൾ ധനികനായിരുന്നതിനാൽ നിസ്സാര ഭാവത്തിൽ പറഞ്ഞു - "ഞാൻ പത്ത് സ്വർണ്ണ നാണയം നാളെ രാവിലെ തന്നുകൊള്ളാം"
അയാളെ അടുത്ത മുറിയിലേക്ക് ഹോജ കൊണ്ടുപോയി. അടുത്ത ദിനം രാവിലെ അയാൾക്കു പോകാൻ സമയമായി. നാണയങ്ങൾ ഹോജയ്ക്കു കൊടുത്തു.
ഹോജ ധൃതിയിൽ നാണയം എണ്ണിയപ്പോൾ ഒൻപത് നാണയങ്ങൾ മാത്രമേ ഉള്ളൂ! ഉടൻ ദേഷ്യപ്പെട്ട് ഹോജ അലറി വിളിച്ചു - "ഹും! നിൽക്കവിടെ! ഒരു നാണയം കൂടി തന്നിട്ട് നീ പോയാൽ മതി! ഒൻപത് നാണയം നീ തന്നെ പിടിച്ചോളൂ!" ഹോജ അയാൾക്കു തിരികെ കൊടുത്തു.
പക്ഷേ, ഇതു പറഞ്ഞ നേരത്ത് ഹോജയുടെ കിനാവ് മുറിഞ്ഞ് കണ്ണു തുറന്നു പോയി! പെട്ടെന്ന്, ഹോജ പുതപ്പുകൊണ്ട് മുഖം മൂടിക്കിടന്ന് കണ്ണടച്ചു കൊണ്ട് പറഞ്ഞു -"ശരി, ഒൻപത് എങ്കിൽ ഒൻപത്. അതു തന്നിട്ടു നീ പൊയ്ക്കോളൂ!"
Written by Binoy Thomas, Malayalam eBooks-1013 - Hoja Mulla stories - 11, PDF-https://drive.google.com/file/d/1QolfTTySMGbecK9IjijchZXXTVhy4-v_/view?usp=drivesdk
Comments