(1014) ഹോജയുടെ മീൻ!
ഒരിക്കൽ, ഹോജ മുല്ല ഒരു കിലോ തൂക്കമുള്ള മീനുമായി വീട്ടിലെത്തി. അയാൾ ഭാര്യയോടു പറഞ്ഞു -"എടീ, ഈ മീൻ കറി വച്ചാൽ അതീവ രുചിയുള്ള ഒരെണ്ണമാണ്"
ഭാര്യ പറഞ്ഞു - ''ഹും! ശരിയാണ്. ഇത്തരം മീൻ ഒരിക്കൽ ഇവിടെ വാങ്ങിയതാണ്. നല്ലതാണ്"
എന്നിട്ട്, ഹോജ അത്യാവശ്യമായി എന്തോ കാര്യത്തിന് പുറത്തേക്കു പോയി. ഭാര്യ നല്ലതുപോലെ സ്വാദേറിയ മീൻകറി വച്ചു. പക്ഷേ, ഹോജ ഭക്ഷണം കഴിക്കാൻ വന്നത് ഏറെ വൈകിയാണ്. എന്നാൽ, ഇതിനിടയിൽ അവൾക്കു കൊതിയടക്കാൻ കഴിഞ്ഞില്ല.
"ഒരു കഷണമെടുത്ത് രുചിയൊന്നു നോക്കിയേക്കാം" അത് തിന്നപ്പോൾ പിന്നെയും മനസ്സു മാറി.
"എനിക്കു നന്നായി വിശക്കുന്നുണ്ടല്ലോ. ഹോജ വരുന്നതിനു മുൻപ് കുറച്ചു നുറുക്കുകൾ കൂടി തിന്നേക്കാം"
അങ്ങനെ കൊതി മൂത്ത് എല്ലാ മീൻ കഷണങ്ങളും അവൾ തിന്നു തീർത്തു!
ഹോജ മടങ്ങിയെത്തി കഴിക്കാനിരുന്നു. മീൻ കറിയുടെ ചാറു മാത്രം ഹോജയ്ക്ക് ഒഴിച്ചിട്ടു പറഞ്ഞു -"നമ്മുടെ പൂച്ച മുഴുവൻ മീനും തിന്നിട്ടു പോയി"
ഉടൻ, ഹോജ ചാടിയെണീറ്റ് പൂച്ചയെ പിടിച്ച് ത്രാസിൽ തൂക്കി നോക്കിയിട്ട് വെറും ഒരു കിലോ മാത്രം!
അയാൾ അലറി- "ഒന്നെങ്കിൽ ഒരു കിലോ മീൻ തിന്ന പൂച്ചയുടെ തൂക്കം ഇപ്പോൾ ഒരു കിലോ കണ്ടാൽ പോരാ. അല്ലെങ്കിൽ മീൻ പൂച്ചയെ തിന്നാലും ഒരു കിലോ കണ്ടാൽ പോരാ!"
Written by Binoy Thomas, Malayalam eBooks-1014- Hoja Mulla stories - 12, PDF-https://drive.google.com/file/d/1Zl5PCRhcyTX8wZfPJ4SkkOSEmaqVVLz-/view?usp=drivesdk
Comments