(1019) ഹോജയും രാജാവും
ഒരിക്കൽ, തുർക്കിയിലെ രാജാവിന് ഒരാഗ്രഹം തോന്നി. ഹോജയെ കാണാൻ ആളെ അയച്ചു. ഹോജയെ കാണുമ്പോൾ അയാളെ കുഴയ്ക്കുന്ന എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനായി രാജാവ് പലതും മനസ്സിൽ കുറിച്ചു വച്ചു.
ഹോജ കൊട്ടാരത്തിലെത്തി. അന്നേരം, രാജാവ് ഹോജയോടു ചോദിച്ചു -"ഹോജാ, നമ്മുടെ മുന്നിൽ ഇപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടുവെന്ന് കരുതുക. എന്നിട്ട് ദൈവത്തിൻ്റെ ഇടതു കയ്യിൽ നിറയെ സമ്പത്തും വലതു കയ്യിൽ നിറയെ നന്മയും നമുക്കു നേരെ നീട്ടുന്നു എന്നു വിചാരിക്കണം. അങ്ങനെയെങ്കിൽ അതിൽ ഏതായിരിക്കും താങ്കൾ സ്വീകരിക്കുക?"
ഉടൻ, ഹോജ മറുപടി പറഞ്ഞു -"എനിക്ക് ഒരു സംശയവുമില്ല. ഞാൻ ഇടതു കയ്യിലെ സമ്പത്തു വാങ്ങും"
രാജാവ് അമ്പരന്നു! അദ്ദേഹം പറഞ്ഞു -" ഹോജാ, താൻ ഇത്രയും വലിയ അത്യാഗ്രഹിയെന്ന് ഞാൻ ഇതു വരെയും അറിഞ്ഞിരുന്നില്ല. ഈ കാര്യത്തിൽ ഞാൻ ആയിരുന്നെങ്കിൽ നന്മയുടെ കൈ സ്വീകരിക്കുമായിരുന്നു!"
ഹോജയുടെ പ്രതികരണം ഇങ്ങനെയായിരുന്നു - "എനിക്ക് നന്മ ഏറെയുണ്ട്. എന്നാൽ സമ്പത്ത് ഒട്ടുമില്ല. അതിനാൽ ഞാൻ ആവശ്യമുള്ളത് എടുത്തു. രാജാവിന് സമ്പത്ത് ഏറെയുണ്ട്. നന്മ ആവശ്യത്തിന് ഇല്ലാത്തതുകൊണ്ട് അതെടുത്തു. അതു തികച്ചും ന്യായമായ കാര്യമാണല്ലോ!"
രാജാവ് ഈ മറുപടി കേട്ട് ലജ്ജിച്ചു തലതാഴ്ത്തി.
Written by Binoy Thomas, Malayalam eBooks-1019- Hoja stories - 17, PDF -https://drive.google.com/file/d/1NS6QCLoLR0ovgFGZ0WF3QPkghNQ7DWrM/view?usp=drivesdk
Comments