(1027) ഭാണ്ഡത്തിലെ കല്ലുകൾ!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ ഒരു യുവാവ് കോസല ദേശത്തേക്കു പോകുകയായിരുന്നു. അന്നേരം, പിറകിൽ നിന്നും ഒരു വൃദ്ധൻ വിളിച്ചു - "മോനേ, എന്നെ ഒന്നു സഹായിക്കാമോ? എൻ്റെ മൂന്ന് ഭാണ്ഡക്കെട്ടുകൾ ആ പുഴയുടെ കുറുകെ കടന്ന് അക്കരെ എത്തിച്ചു തരാമോ?"
അയാൾ തുടർന്നു - "ഒന്നാമത്തെ കെട്ടിൽ ചെമ്പു നാണയങ്ങളാണ്. രണ്ടാമതിൽ വെള്ളിയാണ്. മൂന്നാമതിൽ സ്വർണ്ണ നാണയമാണ്. എനിക്കു നിന്നെ വിശ്വസിക്കാമോ?"
ഉടൻ, യുവാവ് പറഞ്ഞു -"ഞാൻ വളരെ സത്യസന്ധനാണ്. ആദ്യം ഞാൻ പുഴ കടന്നിട്ട് താങ്കളെ പിടിച്ചു കൊണ്ട് അക്കരെ വിടാം"
അങ്ങനെ എല്ലാം അക്കരെ എത്തി. തുടർന്ന്, അവർക്ക് ചെറിയ തടിപ്പാലത്തിലൂടെ കടന്നു പോകണമായിരുന്നു. അന്നേരം, വൃദ്ധൻ പതിവു ചോദ്യം ചോദിച്ചു - "എനിക്ക് നിന്നെ വിശ്വസിക്കാമോ?"
അന്നേരം, യുവാവ് പറഞ്ഞു -"ഇയാൾ എന്തൊരു മണ്ടനാണ്? പുഴ കടന്നപ്പോൾ എന്നെ വിശ്വാസമായില്ലേ?"
അങ്ങനെ രണ്ടു തവണയായി പാലവും അവർ കടന്നു മുന്നോട്ടു പോയി. അവർ ഒരു കുന്നിൻ്റെ താഴ്‌വാരത്തിലെത്തി. അപ്പോൾ, വൃദ്ധൻ പറഞ്ഞു -"നീ ആദ്യം ഈ കുന്ന് കയറി അവിടെ കാണുന്ന കുടിലിനുള്ളിൽ പാണ്ടക്കെട്ടുകൾ വച്ചിട്ട് എൻ്റെ കൈ പിടിക്കാൻ വന്നാൽ മതി. ഞാനിവിടെ കാത്തു നിൽക്കാം"
അവൻ നടന്നു തുടങ്ങിയപ്പോൾ വൃദ്ധൻ വീണ്ടും ഓർമ്മിപ്പിച്ചു - "എനിക്കു നിന്നെ വിശ്വസിക്കാമല്ലോ?"
യുവാവ് മറുപടിയായി പല്ലുകൾ ഞെരിച്ചു! പക്ഷേ, അവൻ നടന്നു കയറി കുന്ന് ഇറങ്ങുമ്പോൾ പിറകിലേക്കു നോക്കി. കുന്നിൻ്റെ അപ്പുറം കാണാനേ പറ്റുന്നില്ല. അവൻ പിറുപിറുത്തു - "ഞാൻ തിരികെ ചെല്ലാതെ അയാൾക്ക് ഈ കുന്ന് കയറി വരാൻ പറ്റില്ല. ആരായാലും ഈ സമ്പത്തുമായി കടന്നു കളയുമെന്ന് ലോക നിയമമാണ്. അതുകൊണ്ടാണ് വൃദ്ധൻ തന്നോടു വിശ്വസിക്കാമോ എന്ന് പല തവണ പറഞ്ഞത്!"
അവൻ തിരികെ പോയില്ല. മൂന്നു ഭാണ്ഡക്കെട്ടുമായി വേറെ ദിക്കിലൂടെ സ്വദേശത്തേക്ക് ഓടി. അടുത്ത ദിവസം, വൈകുന്നേരം ആയപ്പോൾ വീട്ടിലെത്തി. വാതിലുകൾ ഭദ്രമായി അടച്ച് ആവേശത്തോടെ മൂന്നു കെട്ടുകളും തുറന്നു. മൂന്നിലും വെറും കല്ലുകൾ! അവൻ ഞെട്ടി!
അതോടൊപ്പമുള്ള ഒരു കുറിപ്പ് വിറയലോടെ വായിച്ചു - "ഞാൻ വൃദ്ധനല്ല. രാജാവാണ്. വിശ്വസ്തനായ കൊട്ടാരം ഖജനാവ് സൂക്ഷിപ്പുകാരനായ മന്ത്രിയാകാൻ നീ യോഗ്യനല്ല!"
ആശയം- എല്ലാവരും അറിയുന്ന കാര്യമെങ്കിൽ വിശ്വാസവും സത്യവും പാലിക്കാൻ ആളുകൾ ശ്രദ്ധിക്കുന്നു. ആരും ഒരിക്കലും അറിയില്ലാത്ത ഇടങ്ങളിൽ? സ്വയം ചിന്തിക്കുക!
Written by Binoy Thomas. Malayalam eBooks- 1027 - കഥാ സരിത് സാഗരം-16, PDF-https://drive.google.com/file/d/1F_zsQQAAMr82gmHoJbBSLbc-_7WHqIMF/view?usp=drivesdk
Comments