(1035) കളഞ്ഞു കിട്ടിയ സ്വർണ്ണക്കിഴി!
ഹോജ മുല്ലയുടെ ദാരിദ്ര്യ കാലമായിരുന്നു അത്. ഒരു ദിവസം, വഴിയിലൂടെ അദ്ദേഹം നടന്നു നീങ്ങിയപ്പോൾ ഒരു കിഴി നിലത്തു കിടക്കുന്നതു കണ്ടു. അയാൾ അതെടുത്തു.
ഉടനെ, ആ കിഴിയുടെ കെട്ട് അഴിച്ചു നോക്കിയപ്പോൾ ഹോജ ഞെട്ടി! നിറയെ സ്വർണ്ണ നാണയങ്ങൾ! തൻ്റെ ദാരിദ്ര്യം മാറ്റാൻ ഇതു മതിയല്ലോ എന്ന് ഓർത്തപ്പോൾ അയാൾക്ക് വലിയ സന്തോഷം തോന്നി.
എന്നാൽ, മറ്റൊരു കാര്യം ഓർത്തപ്പോൾ വിഷമവും തോന്നി. കാരണം, ആ നാട്ടിലെ നിയമം അനുസരിച്ച് ഏതെങ്കിലും സാധനം കളഞ്ഞു കിട്ടിയാൽ അത് ചന്തയിലെ ഒരു ഉയർന്ന കല്ലിൽ കയറി നിന്ന് ഉച്ചത്തിൽ മൂന്നു തവണ കിട്ടിയ സാധനം എന്താണെന്ന് വിളിച്ചു പറയണം. അതിനു ശേഷവും ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ അത് അയാൾക്കു സ്വന്തമാക്കാം. നിയമം തെറ്റിച്ചാൽ കടുത്ത ശിക്ഷയാണു ഫലം.
ഈ കിഴി വിട്ടുകളയാൻ ഹോജയുടെ ദാരിദ്ര്യം അനുവദിച്ചില്ല. അതിനായി അയാൾ ഒരു ബുദ്ധി കണ്ടു പിടിച്ചു. അതിരാവിലെ ചന്തയിലേക്കു ചെന്നു. അവിടെ നിന്ന് മൂന്നു പ്രാവശ്യം ഉച്ചത്തിൽ വിളിച്ചു കൂവി - "സ്വർണ്ണനാണയങ്ങൾ ഉള്ള ഈ കിഴി വഴിയിൽ കിടന്നു കിട്ടിയതാണ്. ഇത് നിങ്ങൾ ആരുടെയെങ്കിലും ആണോ?"
മൂന്നു തവണയും ഇത് ആവർത്തിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. കാരണം, അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല. പക്ഷേ, തിരികെ ഇറങ്ങിയപ്പോൾ ഏതാനും ആളുകൾ അങ്ങോട്ടു വന്നു.
അവർ ചോദിച്ചു - "ഹോജ എന്താണ് വിളിച്ചു കൂവിയത്? ഞങ്ങൾ കേട്ടില്ല"
അന്നേരം, ഹോജ പറഞ്ഞു -"ഞാൻ പറഞ്ഞ കാര്യം മൂന്ന് തവണ മാത്രമേ പറയാൻ നിയമം അനുവദിക്കുന്നുള്ളൂ. പക്ഷേ, ഞാൻ ഒരു കാര്യം പറയാം - ഈ സ്വർണ്ണനാണയങ്ങൾ ഇനി എനിക്കു സ്വന്തം!"
Written by Binoy Thomas, Malayalam eBooks-1035- Hoja Stories - 31, PDF-https://drive.google.com/file/d/1LkNIFQs-NZPNh1F0p-5UlVqPQc19xU-1/view?usp=drivesdk
Comments