Posts

Showing posts from February, 2025

(1054) മരംകൊത്തി ഉണ്ടായ കഥ!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശം. മിക്കവാറും പ്രദേശങ്ങളും ഗ്രാമങ്ങളായി കിടന്നിരുന്ന സമയം. ആ നാട്ടിലെ വിറകുവെട്ടുകാരനായ രാമു മരത്തിൽ നിന്നും താഴെ വീണ് മരിച്ചപ്പോൾ മുതൽ മീനാക്ഷിക്ക് ദുരിത കാലം തുടങ്ങി. കാരണം, രാമുവിൻ്റെ അമ്മയായ നാണിയമ്മയുടെ ദുഷ്ടത്തരങ്ങൾ കൂടി വന്നു. മീനാക്ഷിയേക്കുറിച്ച് നാടുനീളെ അപവാദങ്ങൾ പറഞ്ഞു നടക്കാൻ തുടങ്ങി. സമർഥമായി സംസാരിക്കാൻ പറ്റുന്ന ആ സ്ത്രീ ഒടുവിൽ വിജയിച്ചു. അതായത്, മീനാക്ഷിയെ കാണുന്ന മാത്രയിൽ തന്നെ പലതരം കുറ്റപ്പെടുത്തലുകളും മുന വച്ച ചോദ്യങ്ങളും നാട്ടുകാർ ചോദിക്കും. അങ്ങനെ, മീനാക്ഷി സഹികെട്ട് ആ നാട്ടിൽ നിന്നും എങ്ങോട്ടോ പോയി മറഞ്ഞു. എങ്കിലും നാണിയമ്മയുടെ രീതികൾ ഒട്ടും മാറിയിട്ടില്ലായിരുന്നു. ഒരു ദിവസം - ഒരു സന്യാസി നാണിയമ്മയുടെ വീടിനു മുന്നിലെത്തി. " ഇവിടാരും ഇല്ലേ? എനിക്ക് അല്പം കഞ്ഞി കിട്ടിയാൽ കൊള്ളാമായിരുന്നു" ഉടൻ, നാണിയമ്മ തിണ്ണയിലേക്ക് ഇറങ്ങി വന്ന് സന്യാസിയെ ശകാരിച്ചു - "ഇവിടെ ഒന്നും കഴിക്കാനില്ല" സന്യാസി തുടർന്നു - "കുറച്ച് കഞ്ഞി വെള്ളമെങ്കിലും കിട്ടിയാൽ?" നാണിയമ്മ ദേഷ്യപ്പെട്ടു -"ഇവിടെ നിന്നും പച്ചവെള്ളം തനിക്ക് ഞാൻ തരു...

(1053) പ്രകാശമേറിയ കാര്യം!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ ഗുരുവിൻ്റെ ഒരു ആശ്രമം. പലതരം വിഷയങ്ങൾ അവിടെ പത്ത് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ, അതിൽ മിക്കവയും വേറിട്ട കാര്യങ്ങളാകും. കാരണം, തൻ്റെ കുട്ടികൾ എവിടെ പോയാലും ഏതു പ്രതികൂല സാഹചര്യത്തിലും വീണു പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഒരു ദിവസം - പ്രധാന ശിഷ്യനെ തെരഞ്ഞെടുക്കാനുള്ള കാര്യം ഗുരു ആലോചിച്ചു. അതിനായി പത്തു പേരെയും അടുത്തേക്ക് വിളിച്ചു - "നിങ്ങൾക്കായി ഞാൻ ഒരു പരീക്ഷണം നടത്താൻ പോകുന്നു. നിങ്ങൾക്ക് ലഭ്യമായതിൽ ഏറ്റവും പ്രകാശമേറിയ കാര്യം മൂന്ന് ദിവസത്തിനുള്ളിൽ എനിക്കു സമ്മാനിക്കണം. ഏറ്റവും നല്ലത് തരുന്നവർക്ക് പ്രധാന ശിഷ്യൻ എന്ന പദവി ലഭിക്കും" ശിഷ്യന്മാരിൽ പലരും നല്ല പണമുള്ളവരായിരുന്നു. അക്കാലത്ത് ഏറ്റവും വിലയുള്ളത് വജ്രത്തിനായിരുന്നു. മാത്രമല്ല, രാത്രിയിൽ പ്രകാശിക്കുകയും ചെയ്യുമല്ലോ. ആ കാരണത്താൽ നാലു കുട്ടികൾ അവരുടെ സമ്പത്ത് വഴി ഏർപ്പാടാക്കിയ പ്രകാശിക്കുന്ന കല്ലുകൾ സ്വന്തമാക്കി ഗുരുവിന് കൊടുത്തു. മറ്റൊരാൾ, കാട്ടിലെ ഏറ്റവും മിന്നുന്ന രീതിയിലുള്ള അപൂർവ്വമായ പൂക്കൾ ഗുരുവിന് കൊടുത്തു. വേറെ ഒരുവനാകട്ടെ, പ്രകാശിക്കുന്ന സൂര്യനെ ഉജ്ജ്വ...

(1052) തത്തമ്മേ പൂച്ച പൂച്ച!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു സാധുവായ മനുഷ്യനും ഭാര്യയും ജീവിച്ചിരുന്നു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. സ്വന്തമായി കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ലായിരുന്നെങ്കിലും മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് എടുത്തായിരുന്നു നെൽകൃഷി ചെയ്തിരുന്നത്. ഒരിക്കൽ, അവരുടെ വീട്ടിലേക്ക് എവിടെ നിന്നോ ഒരു പൂച്ച കയറി വന്നു. യാതൊരു സ്നേഹവും ഇല്ലാത്ത പൂച്ചയെങ്കിലും കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ അതിനെ ഈ ദമ്പതികൾ നല്ല ഭക്ഷണം കൊടുത്ത് വളർത്തി. മറ്റൊരിക്കൽ- ഒരു തത്ത, പരുന്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റ് ആ വീട്ടിൽ അഭയം പ്രാപിച്ചു. കുറെ ദിവസങ്ങളുടെ സ്നേഹ പരിചരണം കൊണ്ട് തത്ത ആരോഗ്യം വീണ്ടെടുത്തു. എന്നാൽ, തത്തയുടെ വരവ് പൂച്ചയ്ക്ക് ഇഷ്ടമായില്ല. കാരണം, തത്തയെ വർത്തമാനം പറയാൻ പഠിപ്പിക്കുന്നത് പൂച്ചയ്ക്ക് സഹിച്ചില്ല. എങ്ങനെ തത്തയുടെ സാന്നിധ്യം ഒഴിവാക്കാമെന്ന് പൂച്ച ആലോചിച്ചു. ഈ വീട്ടുകാർ, കൃഷിസ്ഥലങ്ങൾ പാട്ടത്തിനു കൊടുത്ത സമ്പന്നരായ ഏതാനും ആളുകളെ സദ്യ കൊടുത്ത് സൽക്കരിക്കുന്നത് ഓരോ വർഷവും പതിവാണ്. വിളവെടുപ്പ് കഴിഞ്ഞ് കൂലിയായി കിട്ടിയ നെല്ലും വിറ്റു കഴിഞ്ഞാണ് ഇങ്ങനെ നന്ദിയായി വീട്ടിലേക്ക് അവരെ ക്ഷണിക്കുന്നത്. അവർ വീട്ടിലെത്...

(1051) ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശം കൊടുംകാടായി കിടന്ന കാലം. ഒരിക്കൽ, ഒരു ഉഗ്രസർപ്പം കാടിനെയാകെ വിറപ്പിച്ചു തുടങ്ങി. സാധാരണയായി സർപ്പങ്ങൾ ഇരയെ മാത്രം വിഴുങ്ങുകയും ശത്രുക്കളെ കൊത്തുകയും ചെയ്തിരുന്നപ്പോൾ ഈ പാമ്പ് കണ്ണിൽ കാണുന്നവരെയെല്ലാം കടിച്ച് കൊല്ലുമായിരുന്നു. അതിനാൽ, എലികളും മുയലുകളും ഓന്തും അരണയും എന്നിങ്ങനെ ചെറു ജീവികൾ പാമ്പിൻ്റെ ഇരയായിക്കൊണ്ടിരുന്നു. ഒരു ദിവസം, പാമ്പ് ഇഴഞ്ഞു നടക്കുമ്പോൾ ഏതോ ചെറിയ ജീവിയുടെ കരച്ചിൽ കേട്ടു. അങ്ങോട്ട് ഇഴഞ്ഞ് നോക്കിയപ്പോൾ ഒരു എലിക്കുഞ്ഞ് ആയിരുന്നു അത്. ഉടൻ, സർപ്പം പറഞ്ഞു -"എലിക്കുഞ്ഞാണെങ്കിലും തൽക്കാലത്തേക്ക് വിശപ്പിന് ആശ്വാസമാകും" കണ്ണു തുറന്നിട്ടില്ലാത്ത എലിക്കുഞ്ഞിന് പാമ്പിൻ്റെ സാമീപ്യം മനസ്സിലായപ്പോൾ നിലവിളിച്ചു - "ദയവായി എന്നെ കൊല്ലരുതേ. എൻ്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോയതാണ്. ഞാൻ ഈ ലോകം കണ്ണു തുറന്ന് കണ്ടിട്ടു പോലുമില്ല" അന്നേരം പാമ്പ് പറഞ്ഞു - "ഞാൻ നിന്നെ കൊന്നില്ല എന്നു കരുതിയാലും മറ്റാരെങ്കിലും നിന്നെ കൊല്ലുമല്ലോ. ആരാണ് നിന്നെ രക്ഷിക്കാൻ വരുന്നത്?" എലി പറഞ്ഞു - "ദൈവത്തിനു തുല്യമായ ആരെങ്കിലും എന്നെ രക്ഷിക്കും" ...

(1050) തീയിൽ കുരുത്തത് വെയിലത്ത് വാടില്ല!

  പണ്ടുപണ്ട് സിൽബാരിപുരം  ദേശത്തെ ഒരു വിദ്യാലയം. അവിടെ പണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികൾ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പണക്കാർ കുട്ടികളെ വലിയ സ്കൂളുകളിൽ അയയ്ക്കണമെങ്കിൽ ദൂരെയുള്ള പട്ടണത്തിൽ പോകേണ്ടി വരും. അങ്ങനെ, പാവപ്പെട്ട രാമുവും പണക്കാരനായ ഗോപിയും ഒരേ ക്ലാസ്സിൽ പഠിക്കുന്ന കാലം. ഗോപിക്ക് രാമുവിനെ കാണുമ്പോൾ പരിഹസിക്കണമെന്ന് നിർബന്ധമാണ്. "ഹലോ മിസ്റ്റർ പട്ടിണിക്കോലം" എന്നായിരുന്നു രാമുവിനെ ഗോപി കളിയാക്കുന്നത്. ഒരിക്കൽ, സ്കൂളിൽ നിന്നും ടൂർ പോകുന്ന അവസരമായി. പക്ഷേ, നൂറ് രൂപ മുടക്കി പോകുന്നത് പണക്കാരുടെ കുട്ടികൾ മാത്രമേ ഉള്ളൂ. 'പട്ടിണിക്കോലം, നമ്മുടെ കൂടെ ഇല്ലെന്ന് കുറച്ചു കുട്ടികൾ രാമുവിനെ കളിയാക്കി. എന്നാൽ, സ്കൂൾ അധികൃതർ ഏതെങ്കിലും ഒരു കുട്ടിക്ക് സൗജന്യമായി വിനോദയാത്രയിൽ ചേരാമെന്ന് തീരുമാനിച്ചപ്പോൾ ഭാഗ്യം തുണച്ചത് രാമുവിനെയാണ്! ടൂറിനുള്ള ബസിൽ ഇരിക്കുമ്പോഴും ഗോപിയും കൂട്ടുകാരും രാമുവിനെ കളിയാക്കാൻ മറന്നില്ല. അവർ പലയിടങ്ങളിലും സന്ദർശിച്ച ശേഷം, സുഗുണൻസാർ പറഞ്ഞു -"ആ കാണുന്ന മല കയറിയാൽ അപ്പുറത്ത് വലിയ വെള്ളച്ചാട്ടമുണ്ട്" എല്ലാവരും വല്ലാത്ത ആവേശത്തോടെ മല കയറാൻ തുട...

(1049) ചൊട്ടയിലെ ശീലം ചുടല വരെ!

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, രാവുണ്ണി എന്നാരു കർഷകൻ ജീവിച്ചിരുന്നു. ക്രമേണ കൃഷികളിൽ താൽപര്യം കുറഞ്ഞു. എന്നാൽ, ആത്മികകാര്യങ്ങളിൽ ശ്രദ്ധ കൂടുകയും ചെയ്തു. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അയാൾ ഒരു ദിവസം ഒരു തീരുമാനത്തിലെത്തി - ആത്മിക മാർഗ്ഗങ്ങളിൽ ഇനിയുള്ള ജീവിതം കഴിക്കണം. അതിനായി അയാൾ ഒരു ഭാണ്ഡക്കെട്ടും എടുത്ത് ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു. ഏറെ ദൂരം പിന്നിട്ടപ്പോൾ വളരെ ശാന്തമായ ഒരു അമ്പലമുറ്റത്ത് എത്തിച്ചേർന്നു. അവിടെയുള്ള ആൽത്തറയിൽ കിടന്നുറങ്ങി. പല ആളുകളും അമ്പലത്തിൽ വരുന്നതും പോകുന്നതും എല്ലാം അയാൾ നിരീക്ഷിച്ചു. ഒട്ടേറെ ജീവിതാനുഭവങ്ങൾ അറിയാൻ പറ്റുന്നതിൽ രാവുണ്ണിക്ക് അതിയായ സന്തോഷം തോന്നി. അവിടെ വരുന്ന ഭക്തജനങ്ങൾ കൊടുക്കുന്ന ആഹാരമായിരുന്നു രാവുണ്ണി കഴിച്ചിരുന്നത്. എന്നാൽ, ആൽമരത്തിനു മുകളിൽ കഴിഞ്ഞിരുന്ന കുരങ്ങൻ ഭക്ഷണ പൊതികൾ തട്ടിയെടുക്കാൻ തുടങ്ങി. രാവുണ്ണി ദേഷ്യപ്പെട്ടു -"എനിക്ക് കിട്ടുന്ന ആഹാരമെല്ലാം മോഷ്ടിക്കാൻ നിനക്ക് നാണമില്ലേ?" അന്നേരം, കുരങ്ങൻ പറഞ്ഞു -"ഞാനല്ല നീയാണ് നാണിക്കേണ്ടത്. എൻ്റെ ഭക്ഷണമാണ് ഇതെല്ലാം. ഭക്തജനങ്ങൾ എനിക്കു തന്നത് ഇപ്പോൾ നിനക്കു കിട്ടുന്...

(1048) ആൾക്കൂട്ടമരണങ്ങൾ ഒഴിവാക്കൂ!

  ആൾക്കൂട്ട മരണങ്ങൾ (stampede) ലോകമെമ്പാടും സംഭവിക്കുന്നുണ്ട്. പലപ്പോഴും ദൈവാനുഗ്രഹത്തിനായും ആചാരങ്ങൾക്കായും അനുഷ്ഠാനങ്ങൾക്കായും ചെറിയ കാലയളവിൽ ക്രമാതീതമായി ആളുകൾ തിങ്ങിനിറയുന്നിടത്ത് ഭയങ്കരമായ മാനുഷിക ഊർജ്ജമാണ് നിറയുന്നത്. അന്നേരം ചെറിയ പ്രകോപനമോ തെറ്റിദ്ധാരണയോ എന്തിനധികം, "ഓടിക്കോ" എന്ന് ഒരാൾ കൂവിയാൽ പോലും അനേകം ജീവനുകൾ ചവിട്ടിമെതിക്കപ്പെടാം. മതിലുകൾ, ബാരിക്കേഡുകൾ, വേദികൾ, പാലങ്ങൾ, തിട്ടകൾ, ബോട്ടുകൾ തകരാം. മാത്രമല്ല, ഭക്ഷ്യവിഷബാധകളും പകർച്ചവ്യാധികളും സാധാരണമാണ്.  കോവിഡ് കാലത്ത് ഒട്ടേറെ മരണങ്ങൾക്കും ആൾക്കൂട്ടങ്ങൾ കാരണമായി. ഒരു സ്ഥലത്ത് ഒരു സമയത്തുമാത്രം ദൈവത്തെ കാണാൻ പോകുകയും അനുഗ്രഹവും എന്നുള്ളത് വിശ്വസിക്കുന്നവർ പ്രപഞ്ച ശക്തിക്ക് നമ്മളിലേക്ക് എത്തിപ്പെടാനുള്ള പരിധി കല്പിക്കുകയാണ്. അതായത്, ദൈവത്തെ തീർഥാടന സമയത്തു മാത്രം കിട്ടിയാൽ പോരല്ലോ. എല്ലാ ദിവസവും നമ്മുടെ കൂടെ വേണം. സർവ്വവ്യാപിയായ ദൈവം എപ്പോഴും എവിടെയും വ്യാപരിക്കുന്നു (Omnipresence) എന്നു വിശ്വസിക്കുന്നവർക്ക് എല്ലാ ദിവസവും എല്ലാ ഇടവും ഒരുപോലെയാണ്. പ്രാർഥനയെ ഒരു ധ്യാനം പോലെ ആഴത്തിലേക്ക് ശക്തിയോടെ കൊണ്ടു പോകാൻ ഒരു പുണ്യ...

(1047) രണ്ട് കൂട്ടുകാർ!

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്  രാമുവും ചീരനും സഹപാഠികളായി വിദ്യാലയത്തിൽ പഠിച്ചിരുന്ന കാലം. രാമു പഠനത്തിൽ മിടുക്കനായിരുന്നു. ചീരൻ ഒന്നും പഠിക്കില്ലായിരുന്നെങ്കിലും എല്ലാത്തിനും കുറുക്കുവഴികൾ തേടാനുള്ള കഴിവുണ്ട്. വലുതായപ്പോൾ രാമു ഒരു പണ്ഡിതനായിത്തീർന്നു. എന്നാൽ, ആളുകൾക്ക് അറിവ് പകർന്നു കൊടുക്കാൻ ഉൽസാഹം കാട്ടിയെങ്കിലും അതിനുള്ള പാരിതോഷികമോ പണമോ യാതൊന്നും വാങ്ങാറില്ല. പക്ഷേ, ചീരൻ പണം പലിശയ്ക്കു കൊടുക്കുന്ന രീതി ചെറിയ രീതിയിൽ തുടങ്ങി ക്രമേണ ആ ദേശത്തെ മുതലാളിയായി തീർന്നു. അതോടൊപ്പം അഹങ്കാരവും പൊങ്ങച്ചവും കൂടി അയാളിൽ വന്നു. എങ്കിലും, പണ്ഡിതനുമായുള്ള ചങ്ങാത്തം തുടർന്നു. പല പ്രാവശ്യമായി ചീരൻ, ചങ്ങാതിയോടു പറയുന്ന കാര്യമുണ്ട് - "നീ പണ്ഡിതനെന്ന് പറഞ്ഞിട്ട് എന്താ കാര്യം? നിനക്ക് എപ്പോഴും ദാരിദ്ര്യമാണ്. അതുകൊണ്ട് നിൻ്റെ സേവനത്തിന് നല്ല കൂലിയും വാങ്ങണം" എന്നാൽ, പണ്ഡിതൻ തൻ്റെ ശൈലി മാറ്റാനും തയ്യാറല്ലായിരുന്നു. കുറെ കാലം കഴിഞ്ഞപ്പോൾ വസൂരി അയൽദേശമായ കോസലപുരത്ത് പടർന്നുപിടിച്ചു. ആ മഹാമാരിയെ പേടിച്ച് സിൽബാരിപുരത്തെ ആളുകൾ ദൂരദേശമായ കുശാനപുരത്തേക്ക് ഒഴിഞ്ഞു പോകാൻ തുടങ്ങി. ചീരൻ ഭാണ്ഡക്കെട്ടിൽ പണം...

(1046) വർഗ്ഗീയ വിഷം!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശത്തെ വലിയൊരു തറവാട്. അവിടെ വലിയ വീടുമാത്രമല്ല, പറമ്പും വിസ്തൃതമായിരുന്നു. ആ വീട്ടിലെ എലികൾ വല്ലാതെ പെരുകിക്കൊണ്ടിരുന്നു. ഒരു ദിവസം പൂച്ചകളുടെ നേതാവ് ഈ കാര്യം ശ്രദ്ധിച്ചു. അവൻ സമീപ വാസികളായ പൂച്ചകളെ വിളിച്ചു കൂട്ടി പറഞ്ഞു -"എലികൾ വല്ലാതെ വംശവർദ്ധന വരുത്തുകയാണ്. ഒരു സമയത്ത് പത്ത് കുഞ്ഞുങ്ങൾ വരെ ഉണ്ടാകുന്നു. എനിക്കു തോന്നുന്നത് ഇവർ പെരുകിയാൽ നമുക്ക് ഈ വീട്ടിലും നാട്ടിലും ജീവിക്കാൻ പറ്റില്ലെന്നാണ്" മറ്റു പൂച്ചകളും ആ അഭിപ്രായത്തോട് യോജിച്ചു. അവൻ തുടർന്നു - "നമുക്ക് ഈ എലികളെ ഒരെണ്ണം പോലും ഇല്ലാതെ നശിപ്പിക്കണം" അങ്ങനെ ആക്രമിക്കുന്ന പദ്ധതി തയ്യാറാക്കാൻ പല തവണ അവർ യോഗം ചേർന്നു. അതേസമയം, തറവാട്ടിലെ പാണ്ടൻ നായ ഇത് കണ്ട് പേടിച്ചു. അവൻ മറ്റു നായ്ക്കളെ വിളിച്ചു കൂട്ടി പറഞ്ഞു -" കൂട്ടുകാരെ, പൂച്ചകൾ എല്ലാം പല തവണ രഹസ്യയോഗം കൂടുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അപകടമാണ്. അവറ്റകൾ ഒന്നിച്ച് നമ്മളെ ആക്രമിച്ച് ഈ ദേശത്തു നിന്നും ഓടിക്കുമോ എന്നു നമ്മൾ പേടിക്കണം" അവർ പൂച്ചകളെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കി. ഒരു ദിവസം, തറവാട്ടിൽ എല്ലാവരും ...

(1045) ആടിന് അറിയാമോ അങ്ങാടി വാണിഭം?

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, ഒരു വിദ്യാലയത്തിലെ വികൃതിയായ കുട്ടിയായിരുന്നു രാമു. അതേസമയം, അവൻ്റെ മാതാപിതാക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം യാതൊന്നും ഇല്ലാത്തവരായിരുന്നു. അതുകൊണ്ട് എന്തെങ്കിലും കള്ളം പറഞ്ഞ് രാമു അമ്മയുടെ കയ്യിൽ നിന്നും പണം മേടിക്കുന്നതും പതിവായി. ഒരു ദിവസം, അടുത്തുള്ള പട്ടണത്തിലെ തീയറ്ററിൽ പുതിയ സിനിമ വന്നിട്ടുണ്ടെന്ന് കൂട്ടുകാർ പറഞ്ഞു. അന്നേരം, അവൻ വീമ്പിളക്കി - "ഞാൻ നിങ്ങളുടെ എല്ലാവരുടെയും ടിക്കറ്റ് എടുത്തോളാം. നാളെ സ്കൂളിൽ കയറാതെ നമ്മൾ അഞ്ചു പേരും സിനിമയ്ക്കു പോകും" അന്നേരം, കൂട്ടുകാർ പിറുപിറുത്തു -"ഇവൻ എങ്ങനെയാണ് ഇത്രയും രൂപ ഉണ്ടാക്കുന്നത്?" അവൻ അന്നു വീട്ടിൽ ചെന്ന നേരത്ത് അമ്മയോടു പറഞ്ഞു -"അമ്മേ, എനിക്ക് നാളെ 50 രൂപ വേണം" "അൻപതു രൂപയോ?" അമ്മ ഞെട്ടി. ഉടൻ അവൻ കള്ളം പറഞ്ഞു തുടങ്ങി- "അമ്മേ, ഞങ്ങളുടെ സാർ ഉത്തരക്കടലാസ് നോക്കുമ്പോൾ നല്ല മാർക്കു തരണമെങ്കിൽ ഒരെണ്ണത്തിന് പത്ത് രൂപ കൊടുക്കണം. അങ്ങനെ അഞ്ചെണ്ണത്തിന് 50 രൂപയാകും" പാവം പിടിച്ച അമ്മ അതു വിശ്വസിച്ചു. അവൻ രൂപയുമായി കൂട്ടുകാരെ വിളിച്ചു. അവർ നാലുപേരും രാമുവിനെ സംശയത്തോ...

(1044) ഗുഹയുടെ കവാടം!

  പണ്ടു പണ്ട് സിൽബാരിപുരം ദേശമാകെ കാടായി കിടന്ന സമയം. കാട്ടിലെ പുള്ളിപ്പുലി വല്ലാത്ത ആക്രമണകാരി ആയിരുന്നു. മൃഗങ്ങളെല്ലാം വല്ലാതെ ബുദ്ധിമുട്ടി. കാരണം, ഒരു ദിവസം തന്നെ പല മൃഗങ്ങളെ ആക്രമിച്ച് മുഴുവൻ മാംസവും തിന്നാതെ അടുത്ത മൃഗത്തെ പിടിക്കുന്ന ഒരു ദുഃശീലമായിരുന്നു അവൻ്റെത്. ഒരു ദിവസം, കുരങ്ങനെ പിടിക്കാൻ മരത്തിൽ നിന്നും ചാടിയപ്പോൾ പുള്ളിപ്പുലിയുടെ രണ്ടു കയ്യും ഒടിഞ്ഞു! അതിനാൽ ഗുഹയുടെ വെളിയിലേക്ക് ഇറങ്ങാതെ അവിടെ കിടപ്പാണ്. അന്നേരം, കാട്ടിലെ മൃഗങ്ങൾ സംഘം ചേർന്ന് പുള്ളിപ്പുലിയെ എങ്ങനെ നശിപ്പിക്കാമെന്ന് ചർച്ച തുടങ്ങി. കുരങ്ങൻ പറഞ്ഞു -"അവൻ്റെ ഗുഹയിൽ കയറി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കൈ ഭേദമായി കാട്ടിലൂടെ നടക്കുമ്പോൾ നമുക്ക് കൂട്ടമായി ആക്രമിക്കാം" എല്ലാവരും അതു നല്ല കാര്യമാണെന്ന് പറഞ്ഞപ്പോൾ ബുദ്ധിമാനായ കുറുക്കൻ പറഞ്ഞു- "തീ പോലെ പഴുത്തിരിക്കുന്ന ഇരുമ്പിന്മേൽ മനുഷ്യർ ആഞ്ഞടിച്ച് ഇഷ്ടം അനുസരിച്ച് ആയുധങ്ങൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നല്ല ആരോഗ്യമുള്ള ഇരുമ്പിനെ ഒന്നും ചെയ്യാൻ അവർക്കു പറ്റില്ല. അതുപോലെ, ഈ സമയമാണ് പുലിയെ ആക്രമിക്കാൻ പറ്റിയ സമയം. അവന് ഓടാനോ, ചാടി നമ്മളെ പിടിക്കാനോ...

(1043) ബ്രാഹ്മണൻ്റെ അന്തസ്സ്!

  സിൽബാരിപുരം ദേശത്ത് ഒരു ബ്രാഹ്മണ യുവാവ് പല വിഷയങ്ങളിലും അപാരമായ പാണ്ഡിത്യം നേടി. ഒരു കുഗ്രാമമായതിനാൽ വേറെ അറിവുള്ളവർ അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ, അയാൾക്ക് വല്ലാത്ത മുഷിപ്പ് അനുഭവപ്പെട്ടു. ഒടുവിൽ, അറിവു നേടാനും പാണ്ഡിത്യമുള്ളവരുമായി സംവദിക്കാനും വേണ്ടി അയാൾ യാത്ര പുറപ്പെട്ടു. കുറെ ദൂരം പോയപ്പോൾ കയ്യിലുണ്ടായിരുന്ന ആഹാരവും വെള്ളവും തീർന്നു. എന്നാൽ, ഒരു സ്ഥലത്ത് എത്തിയപ്പോൾ പ്രായമായ ഒരു സ്ത്രീ അയാളോടു ചോദിച്ചു- "മോനെ കണ്ടിട്ട് അകലെ നിന്നും ക്ഷീണിച്ചു വരികയാണെന്ന് തോന്നുന്നല്ലോ. ഇതാ ഞാൻ പാളയിൽ കോരിയ വെള്ളം കുടിച്ചോളൂ" വളരെ ദാഹിച്ചു നിൽക്കുകയാണെങ്കിലും അയാൾ വൃദ്ധയെ സൂക്ഷിച്ചു നോക്കി. അയാൾ പിറുപിറുത്തു - "ഈ വൃദ്ധ താണ ജാതിയിൽ പെട്ടതാണെന്നു സംശയമുണ്ട്" അതിനാൽ, വൃദ്ധയോട് മാറി നിൽക്കാൻ പറഞ്ഞിട്ട് വെള്ളം കോരി കുടിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ വൃദ്ധ ചോദിച്ചു - "മോന് എങ്ങോട്ടാണ് പോകേണ്ടത്?" യുവാവ് പറഞ്ഞു -"ഞാൻ ഒട്ടേറെ പാണ്ഡിത്യമുള്ളവനാണ്. ഇനിയും അഗാധമായ അറിവു തേടി ഇറങ്ങിയതാണ്. എങ്കിൽ മാത്രമേ എനിക്ക് സന്തോഷം ലഭിക്കുകയുള്ളൂ" അന്നേരം വൃദ്ധ പറഞ്ഞു -"അറിവ...

(1042) സ്കോളിയോസിസ് (Scoliosis)

  1. നട്ടെല്ലിൻ്റെ വക്രത അഥവാ വളവ് 10 ഡിഗ്രിയിലും കൂടുന്നതാണ് Scoliosis എന്ന രോഗാവസ്ഥയിൽ എത്തിക്കുന്നത്. 25-40 ഡിഗ്രി വരെ പലതരം ജീവിത ശൈലി കൊണ്ടും Brace എന്ന പ്ലാസ്റ്റിക് കവചം പുറത്ത് വച്ചു കെട്ടിയും നിയന്ത്രിച്ചു നിർത്താം. 80% ആളുകളിലും ഇത് പ്രയോജനം ചെയ്യാറുണ്ട്. 40- 45 മുകളിലേക്ക് വന്നാൽ സർജറി വേണ്ടി വരാറുണ്ട്. 2. പെൺകുട്ടികളിലാണ് കൂടുതലായും ഈ രോഗം കാണപ്പെടുന്നത്. പാരമ്പര്യം ഒരു രോഗ ഘടകമാണ്. 3. രോഗം നാലു തരമുണ്ട്. ഒന്നാമത്തെ Congenital Scoliosis - ഇത് ജന്മനാ ഉള്ളതാണ്.  രണ്ടാമത് - Ideopathic type- ഏറ്റവും കൂടുതലായി കാണുന്നത്. ഇതിൻ്റെ കാരണം ഇപ്പോഴും അറിയില്ല. മൂന്നാമതായി Neuro muscular type, നാലാമത്, പ്രായക്കൂടുതലുള്ളവരിൽ കാണുന്ന degenerative type. ഇതിൽ മൂന്നാമന് സർജറി സാധാരണയായി വേണ്ടി വരാറുണ്ട്. 4. രോഗികൾ 6 മാസത്തിൽ ഒരിക്കൽ എങ്കിലും Ortho. doctor ൻ്റെ സഹായം തേടി വളവിൻ്റെ അവസ്ഥ അറിയേണ്ടതാണ്. X ray, CT Scan, MRI എന്നിവ സഹായിക്കും. 5. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശക്തമായ വേദന എന്നിവ നട്ടെല്ലിൻ്റെ വളവ് ആന്തരിക അവയവങ്ങളെ ശല്യം ചെയ്യുന്നു എന്ന അവസ്ഥയിൽ സർജറി വേണ്ടി വരാറുണ്ട്. 6. C...

(1041) വഴക്കിൻ്റെ കാരണം!

  എന്തു കാര്യം സംഭവിച്ചാലും അതു നർമ്മ ഭാവനയോടെ കാണാൻ ഹോജ മുല്ലയ്ക്ക് അപാരമായ കഴിവുണ്ടായിരുന്നു.  ഒരു ദിവസം, രാത്രിയിൽ രണ്ടു പേർ ഹോജയുടെ വീടിനു മുന്നിലെ വഴിയിൽ വഴക്കടിക്കുകയായിരുന്നു. ഹോജ വീട്ടിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.  ആ പ്രദേശത്ത് രാത്രിയിൽ നല്ല തണുപ്പായതിനാൽ ഹോജ നല്ലൊരു കമ്പിളിപ്പുതപ്പ് പുതച്ചു കൊണ്ട് വരാന്തയിലേക്കു വന്നു. ഹോജ പിറുപിറുത്തു - "അവർ ആരായാലും ഒരു വഴക്ക് തീർപ്പാക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ് " അയാൾ വഴിയിലേക്കു ചെന്നതും ഹോജയുടെ കമ്പിളിപ്പുതപ്പ് വലിച്ചെടുത്ത് രണ്ടു പേരും കൂടി വഴിയിലൂടെ അതിവേഗം ഓടി! രണ്ടു കള്ളന്മാരുടെ വഴക്കിനിടയിൽ വിലയുള്ള കമ്പിളിപ്പുതപ്പ് കിട്ടിയപ്പോൾ രണ്ടു പേരും തർക്കം മറന്നതു നോക്കി ഹോജ അമ്പരന്നു! തിരികെ വീട്ടിലെത്തിയ ഹോജയോട് ആമിന ചോദിച്ചു- "വഴിയിലെ വഴക്ക് എന്തിനു വേണ്ടിയായിരുന്നു?" ഹോജ പറഞ്ഞു -"എൻ്റെ പുതപ്പ് കിട്ടാൻ വേണ്ടിയുള്ള വഴക്കായിരുന്നു!" Written by Binoy Thomas, Malayalam eBooks-1041-ഹോജാ കഥകൾ- 37, PDF- https://drive.google.com/file/d/1OXrffDMgOERlFhFTNXSV1mo00H_5qgKH/view?usp=drivesdk

(1040) മുല്ലായുടെ പശുക്കിടാവ്!

  ഹോജ മുല്ലയും ഭാര്യ ആമിനയും കൂടി ഒരു പശുവിനെ വളർത്തിയിരുന്നു. അതു വളർന്നു വലുതായി പശുക്കിടാവും ഉണ്ടായി. ഒരു ദിവസം രാവിലെ പശുക്കിടാവിനെ ഹോജ അഴിച്ചു വിട്ട് പറമ്പിലൂടെ പുല്ലു തിന്നാൻ വിട്ടു. പശുവിനെ കറക്കാനുള്ള സമയമായി. പശു പാൽ ചുരത്തണമെങ്കിൽ കിടാവിനെ ആദ്യം കുടിപ്പിക്കണമല്ലോ. അതിനു വേണ്ടി കിടാവിനെ പിടിക്കാൻ ഹോജ കുറെ ശ്രമിച്ചു. പക്ഷേ, കിടാവ് തുള്ളിക്കളിച്ചു നടക്കുകയാണ്. അതിനെ പിടിക്കാൻ പറ്റുന്നില്ല. അയാൾക്കു വല്ലാത്ത ദേഷ്യമായി. ഒരു വടിയെടുത്ത് പശുവിനെ തല്ലി. അതുകണ്ട്, ആമിന ഓടി വന്നു ദേഷ്യപ്പെട്ടു - "നിങ്ങൾ എന്തിനാ മനുഷ്യാ, പാവം പശുവിനെ തല്ലുന്നത്?" അന്നേരം, ഹോജ പറഞ്ഞു -"എടീ ഇത്  ഈ പശുവിൻ്റെ കഴിവുകേടാണ്. അതിൻ്റെ കുഞ്ഞിനെ മര്യാദ പഠിപ്പിക്കേണ്ടത് അമ്മയല്ലേ?" Written by Binoy Thomas, Malayalam eBooks-1040- Hoja story Series - 36, PDF- https://drive.google.com/file/d/1KiwhKcC0PB31Dv8zh66FbE6Po4h74u7X/view?usp=drivesdk