(1044) ഗുഹയുടെ കവാടം!
പണ്ടു പണ്ട് സിൽബാരിപുരം ദേശമാകെ കാടായി കിടന്ന സമയം. കാട്ടിലെ പുള്ളിപ്പുലി വല്ലാത്ത ആക്രമണകാരി ആയിരുന്നു. മൃഗങ്ങളെല്ലാം വല്ലാതെ ബുദ്ധിമുട്ടി. കാരണം, ഒരു ദിവസം തന്നെ പല മൃഗങ്ങളെ ആക്രമിച്ച് മുഴുവൻ മാംസവും തിന്നാതെ അടുത്ത മൃഗത്തെ പിടിക്കുന്ന ഒരു ദുഃശീലമായിരുന്നു അവൻ്റെത്.
ഒരു ദിവസം, കുരങ്ങനെ പിടിക്കാൻ മരത്തിൽ നിന്നും ചാടിയപ്പോൾ പുള്ളിപ്പുലിയുടെ രണ്ടു കയ്യും ഒടിഞ്ഞു! അതിനാൽ ഗുഹയുടെ വെളിയിലേക്ക് ഇറങ്ങാതെ അവിടെ കിടപ്പാണ്.
അന്നേരം, കാട്ടിലെ മൃഗങ്ങൾ സംഘം ചേർന്ന് പുള്ളിപ്പുലിയെ എങ്ങനെ നശിപ്പിക്കാമെന്ന് ചർച്ച തുടങ്ങി. കുരങ്ങൻ പറഞ്ഞു -"അവൻ്റെ ഗുഹയിൽ കയറി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കൈ ഭേദമായി കാട്ടിലൂടെ നടക്കുമ്പോൾ നമുക്ക് കൂട്ടമായി ആക്രമിക്കാം"
എല്ലാവരും അതു നല്ല കാര്യമാണെന്ന് പറഞ്ഞപ്പോൾ ബുദ്ധിമാനായ കുറുക്കൻ പറഞ്ഞു- "തീ പോലെ പഴുത്തിരിക്കുന്ന ഇരുമ്പിന്മേൽ മനുഷ്യർ ആഞ്ഞടിച്ച് ഇഷ്ടം അനുസരിച്ച് ആയുധങ്ങൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നല്ല ആരോഗ്യമുള്ള ഇരുമ്പിനെ ഒന്നും ചെയ്യാൻ അവർക്കു പറ്റില്ല.
അതുപോലെ, ഈ സമയമാണ് പുലിയെ ആക്രമിക്കാൻ പറ്റിയ സമയം. അവന് ഓടാനോ, ചാടി നമ്മളെ പിടിക്കാനോ പറ്റില്ല. വയ്യാതെ കിടക്കുന്നവനെ ഇപ്പോൾ പേടിച്ചാൽ സുഖമായി വരുന്നവനെ എങ്ങനെ നമ്മൾ നേരിടും?"
കുറുക്കൻ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു. അന്നേരം, ബുദ്ധിമാനായ മുയൽ പറഞ്ഞു - ''നമ്മൾ എല്ലാവരും കൂടി വലിയ കല്ലുരുട്ടി ഗുഹയുടെ കവാടം അടച്ചാൽ പുലിയുടെ കൈ കൊണ്ട് ഇപ്പോൾ അവന് തള്ളി മാറ്റാൻ പറ്റില്ല. പട്ടിണിയായി മരിച്ചു വീഴും!"
അവരെല്ലാം പതുങ്ങി ഗുഹയുടെ അടുത്തെത്തി. പുലി തളർന്ന് ഉറങ്ങുന്ന സമയത്ത് പെട്ടെന്ന് കല്ലുരുട്ടി ഗുഹാമുഖം അടച്ചു. പുലി അലറിക്കൊണ്ട് കല്ലു മാറ്റാൻ നോക്കിയെങ്കിലും ശ്രമങ്ങൾ എല്ലാം പാഴായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുലി മരിച്ചു വീണു!
Written by Binoy Thomas, Malayalam eBooks-1044 -കഥാസരിത് സാഗരം പരമ്പര - 17, PDF-https://drive.google.com/file/d/1qB7_BLo1EfZUoae9vdoS06PAqmweLPr4/view?usp=drivesdk
Comments