(1045) ആടിന് അറിയാമോ അങ്ങാടി വാണിഭം?
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, ഒരു വിദ്യാലയത്തിലെ വികൃതിയായ കുട്ടിയായിരുന്നു രാമു. അതേസമയം, അവൻ്റെ മാതാപിതാക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം യാതൊന്നും ഇല്ലാത്തവരായിരുന്നു. അതുകൊണ്ട് എന്തെങ്കിലും കള്ളം പറഞ്ഞ് രാമു അമ്മയുടെ കയ്യിൽ നിന്നും പണം മേടിക്കുന്നതും പതിവായി.
ഒരു ദിവസം, അടുത്തുള്ള പട്ടണത്തിലെ തീയറ്ററിൽ പുതിയ സിനിമ വന്നിട്ടുണ്ടെന്ന് കൂട്ടുകാർ പറഞ്ഞു. അന്നേരം, അവൻ വീമ്പിളക്കി - "ഞാൻ നിങ്ങളുടെ എല്ലാവരുടെയും ടിക്കറ്റ് എടുത്തോളാം. നാളെ സ്കൂളിൽ കയറാതെ നമ്മൾ അഞ്ചു പേരും സിനിമയ്ക്കു പോകും"
അന്നേരം, കൂട്ടുകാർ പിറുപിറുത്തു -"ഇവൻ എങ്ങനെയാണ് ഇത്രയും രൂപ ഉണ്ടാക്കുന്നത്?"
അവൻ അന്നു വീട്ടിൽ ചെന്ന നേരത്ത് അമ്മയോടു പറഞ്ഞു -"അമ്മേ, എനിക്ക് നാളെ 50 രൂപ വേണം"
"അൻപതു രൂപയോ?" അമ്മ ഞെട്ടി. ഉടൻ അവൻ കള്ളം പറഞ്ഞു തുടങ്ങി- "അമ്മേ, ഞങ്ങളുടെ സാർ ഉത്തരക്കടലാസ് നോക്കുമ്പോൾ നല്ല മാർക്കു തരണമെങ്കിൽ ഒരെണ്ണത്തിന് പത്ത് രൂപ കൊടുക്കണം. അങ്ങനെ അഞ്ചെണ്ണത്തിന് 50 രൂപയാകും"
പാവം പിടിച്ച അമ്മ അതു വിശ്വസിച്ചു. അവൻ രൂപയുമായി കൂട്ടുകാരെ വിളിച്ചു. അവർ നാലുപേരും രാമുവിനെ സംശയത്തോടെ നോക്കി. അവർ ചോദിച്ചു - "നീ എങ്ങനെയാണ് ഈ രൂപ ഉണ്ടാക്കിയത്?"
അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു -"ഞാൻ അമ്മയെ പറ്റിച്ചു മേടിച്ചതാണ്!"
ഉടൻ, അവർ പറഞ്ഞു -"ഞങ്ങൾക്ക് നിൻ്റെ അമ്മയെ അറിയാവുന്നതാണല്ലോ. ഈ ഭൂമിയിൽ ഇത്രയും പഞ്ചപാവമായ ഒരമ്മ വേറെ കാണില്ല. നീ തന്നെ സിനിമയ്ക്കു പൊയ്ക്കോ"
അവർ തിരിഞ്ഞു നടന്നു. അതിനിടയിൽ അവൻ അവരോട് ഒരു വെല്ലുവിളിയും നടത്താൻ മറന്നില്ല - "ഒരുത്തനും വേണ്ടടാ. ഞാൻ ഒറ്റയ്ക്കു പൊയ്ക്കൊള്ളാം"
വലിയ വാശിയോടെ തീയറ്ററിലേക്ക് നടന്നെങ്കിലും എന്തോ ഒരു കുറ്റബോധം മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. തീയറ്ററിലെത്തി ക്യൂവിൽ നിന്നു. അന്നേരം, സാധുവായ ഒരു യുവാവ് രാമുവിനോടു ചോദിച്ചു - "എൻ്റെ ടിക്കറ്റും കൂടി എടുക്കാമോ. ഞാൻ പിന്നെ തരാം "
ആ യുവാവിന് എന്തോ മാനസിക പ്രശ്നവും കൂടി ഉണ്ടെന്നു തോന്നിയതിനാൽ തിരികെയുള്ള വണ്ടിക്കൂലി മാത്രം പോക്കറ്റിൽ ഇട്ട് ബാക്കി മുഴുവൻ രൂപയും ആ യുവാവിനു കൊടുത്തിട്ട് രാമു തിരികെ നടന്നു!
ചിന്തിക്കുക: ആടറിയുമോ അങ്ങാടി വാണിഭം എന്ന പ്രയോഗത്തെ സാധൂകരിക്കുന്ന പഴഞ്ചൊല്ല് കഥയാണിത്.
നമുക്ക് അറിവില്ലാത്തവരെ കബളിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ, കൂട്ടുകാർക്കിടയിൽ ഇത്തരം തെറ്റായ പ്രവണതകൾ കണ്ടാൽ തിരിഞ്ഞു നടക്കാൻ നിങ്ങൾ മടിക്കരുത്. അതായത്, തിന്മയെ പ്രോൽസാഹിപ്പിക്കരുത്!
Written by Binoy Thomas, Malayalam eBooks-1045 -പഴഞ്ചൊൽ കഥകൾ -4/ PDF-https://drive.google.com/file/d/1ISLGrDjBzqWkJkpU7eiX1JEoXqdohpOe/view?usp=drivesdk
Comments