(1046) വർഗ്ഗീയ വിഷം!
പണ്ടു പണ്ട്, സിൽബാരിപുരം ദേശത്തെ വലിയൊരു തറവാട്. അവിടെ വലിയ വീടുമാത്രമല്ല, പറമ്പും വിസ്തൃതമായിരുന്നു. ആ വീട്ടിലെ എലികൾ വല്ലാതെ പെരുകിക്കൊണ്ടിരുന്നു.
ഒരു ദിവസം പൂച്ചകളുടെ നേതാവ് ഈ കാര്യം ശ്രദ്ധിച്ചു. അവൻ സമീപ വാസികളായ പൂച്ചകളെ വിളിച്ചു കൂട്ടി പറഞ്ഞു -"എലികൾ വല്ലാതെ വംശവർദ്ധന വരുത്തുകയാണ്. ഒരു സമയത്ത് പത്ത് കുഞ്ഞുങ്ങൾ വരെ ഉണ്ടാകുന്നു. എനിക്കു തോന്നുന്നത് ഇവർ പെരുകിയാൽ നമുക്ക് ഈ വീട്ടിലും നാട്ടിലും ജീവിക്കാൻ പറ്റില്ലെന്നാണ്"
മറ്റു പൂച്ചകളും ആ അഭിപ്രായത്തോട് യോജിച്ചു. അവൻ തുടർന്നു - "നമുക്ക് ഈ എലികളെ ഒരെണ്ണം പോലും ഇല്ലാതെ നശിപ്പിക്കണം"
അങ്ങനെ ആക്രമിക്കുന്ന പദ്ധതി തയ്യാറാക്കാൻ പല തവണ അവർ യോഗം ചേർന്നു. അതേസമയം, തറവാട്ടിലെ പാണ്ടൻ നായ ഇത് കണ്ട് പേടിച്ചു.
അവൻ മറ്റു നായ്ക്കളെ വിളിച്ചു കൂട്ടി പറഞ്ഞു -" കൂട്ടുകാരെ, പൂച്ചകൾ എല്ലാം പല തവണ രഹസ്യയോഗം കൂടുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അപകടമാണ്. അവറ്റകൾ ഒന്നിച്ച് നമ്മളെ ആക്രമിച്ച് ഈ ദേശത്തു നിന്നും ഓടിക്കുമോ എന്നു നമ്മൾ പേടിക്കണം"
അവർ പൂച്ചകളെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കി. ഒരു ദിവസം, തറവാട്ടിൽ എല്ലാവരും ഉൽസവത്തിനു പോയ സമയത്ത് എലികളുടെ ഒളിത്താവളങ്ങൾ പൂച്ചകളെല്ലാം കൂടി വളഞ്ഞു!
അതേ സമയം, പൂച്ചകളുടെ ആക്രമണ പദ്ധതി കണ്ട് നായ്ക്കൾ അവരെ വളഞ്ഞു. പിന്നെ, മിന്നലാക്രമണത്തിൽ പൂച്ചകൾക്ക് കനത്ത നാശം സംഭവിച്ചു. കുറെ പൂച്ചകൾ ചത്തു മലച്ചു. മറ്റുള്ളവ പേടിച്ച് നാടുവിട്ടു!
ഫലത്തിൽ, ആ ദേശത്ത് ഒരു പൂച്ച പോലും ഇല്ലാതായി. എലികൾ ഈ സംഭവം അറിഞ്ഞതു പോലുമില്ല!
രത്നച്ചുരുക്കം:
വർഗ്ഗീയ വിഷം ചീറ്റുന്ന പേടിയും ഭീഷണിയും മനുഷ്യർക്കു നല്ലതല്ല. ദൈവം, എല്ലാ ജീവജാലങ്ങൾക്കും കൂടി അനുവദിച്ചിരിക്കുന്ന സുഖവാസ കേന്ദ്രമാണ് ഈ ഭൂമി. ഇവിടെ സഹജീവികൾക്ക് ഹാനികരമായ ആശയം, ചിന്ത, വാക്ക്, പ്രവൃത്തി എന്നിവ മൂലം വേദന ഉണ്ടാകാതെ മനുഷ്യകുലം ജാഗ്രത പുലർത്തണം.
Written by Binoy Thomas, Malayalam eBooks-1046 -കഥാസരിത് സാഗരം -18. PDF -https://drive.google.com/file/d/1MBUgJwZJHTCNNqHJbUA6sMNGqtGaX7KK/view?usp=drivesdk
Comments