(1049) ചൊട്ടയിലെ ശീലം ചുടല വരെ!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, രാവുണ്ണി എന്നാരു കർഷകൻ ജീവിച്ചിരുന്നു. ക്രമേണ കൃഷികളിൽ താൽപര്യം കുറഞ്ഞു. എന്നാൽ, ആത്മികകാര്യങ്ങളിൽ ശ്രദ്ധ കൂടുകയും ചെയ്തു.
വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അയാൾ ഒരു ദിവസം ഒരു തീരുമാനത്തിലെത്തി - ആത്മിക മാർഗ്ഗങ്ങളിൽ ഇനിയുള്ള ജീവിതം കഴിക്കണം. അതിനായി അയാൾ ഒരു ഭാണ്ഡക്കെട്ടും എടുത്ത് ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു.
ഏറെ ദൂരം പിന്നിട്ടപ്പോൾ വളരെ ശാന്തമായ ഒരു അമ്പലമുറ്റത്ത് എത്തിച്ചേർന്നു. അവിടെയുള്ള ആൽത്തറയിൽ കിടന്നുറങ്ങി. പല ആളുകളും അമ്പലത്തിൽ വരുന്നതും പോകുന്നതും എല്ലാം അയാൾ നിരീക്ഷിച്ചു. ഒട്ടേറെ ജീവിതാനുഭവങ്ങൾ അറിയാൻ പറ്റുന്നതിൽ രാവുണ്ണിക്ക് അതിയായ സന്തോഷം തോന്നി.
അവിടെ വരുന്ന ഭക്തജനങ്ങൾ കൊടുക്കുന്ന ആഹാരമായിരുന്നു രാവുണ്ണി കഴിച്ചിരുന്നത്. എന്നാൽ, ആൽമരത്തിനു മുകളിൽ കഴിഞ്ഞിരുന്ന കുരങ്ങൻ ഭക്ഷണ പൊതികൾ തട്ടിയെടുക്കാൻ തുടങ്ങി. രാവുണ്ണി ദേഷ്യപ്പെട്ടു -"എനിക്ക് കിട്ടുന്ന ആഹാരമെല്ലാം മോഷ്ടിക്കാൻ നിനക്ക് നാണമില്ലേ?"
അന്നേരം, കുരങ്ങൻ പറഞ്ഞു -"ഞാനല്ല നീയാണ് നാണിക്കേണ്ടത്. എൻ്റെ ഭക്ഷണമാണ് ഇതെല്ലാം. ഭക്തജനങ്ങൾ എനിക്കു തന്നത് ഇപ്പോൾ നിനക്കു കിട്ടുന്നു. എൻ്റെ ജന്മസ്ഥലത്ത് അതിക്രമിച്ചു കടന്നത് നീയാണ്"
അപ്പോൾ, രാവുണ്ണി പറഞ്ഞു -"നിൻ്റെ അവകാശം ഞാൻ അംഗീകരിക്കുന്നു. ഇന്നു മുതൽ പാതി ആഹാരം നിനക്കുള്ളതാണ് "
കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് ഓറഞ്ച് അയാൾക്കു ദാനമായി കിട്ടി. കുരങ്ങനെ ഏൽപ്പിച്ച് രാവുണ്ണി കുളിക്കാൻ പോയി. ഇതിനിടയിൽ കുരങ്ങൻ ഒരു ഓറഞ്ച് പൊളിച്ച് ഏതാനും അല്ലികൾ രുചിച്ചു.
"ഹോ! എന്തൊരു രുചി!"
കുരങ്ങൻ ഒരെണ്ണം പെട്ടെന്ന് തിന്നു. പിന്നെ രാവുണ്ണിയുടെ ഓറഞ്ച് പിടിച്ചു കൊണ്ടിരുന്നപ്പോൾ അവരുടെ വർഗ്ഗസ്വഭാവമായ ചപലത ഉണർന്നു. രണ്ടാമത്തെ ഓറഞ്ചും തിന്നു!
തിന്നു കഴിഞ്ഞപ്പോഴാണ് അവനു ബോധം വന്നത്. രാവുണ്ണിയെ പേടിച്ച് ആൽമരത്തിൻ്റെ മുകളിലത്തെ ശിഖരത്തിലേക്കു കയറിപ്പോയി!
ചെറുപ്പത്തിലെ ശീലം ജീവിതാവസാനം വരെ കാണുമെന്ന് പറയുന്ന "ചൊട്ടയിലെ ശീലം ചുടല വരെ" എന്ന പ്രയോഗം മനസ്സിലാക്കുന്ന കഥയാണിത്.
Written by Binoy Thomas, Malayalam eBooks-1049 - പഴഞ്ചൊൽകഥകൾ - 5, PDF-https://drive.google.com/file/d/132BB3WSZVScGPOLTFqiygGJkckqO3Yp7/view?usp=drivesdk
Comments