(1050) തീയിൽ കുരുത്തത് വെയിലത്ത് വാടില്ല!
പണ്ടുപണ്ട് സിൽബാരിപുരം ദേശത്തെ ഒരു വിദ്യാലയം. അവിടെ പണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികൾ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പണക്കാർ കുട്ടികളെ വലിയ സ്കൂളുകളിൽ അയയ്ക്കണമെങ്കിൽ ദൂരെയുള്ള പട്ടണത്തിൽ പോകേണ്ടി വരും.
അങ്ങനെ, പാവപ്പെട്ട രാമുവും പണക്കാരനായ ഗോപിയും ഒരേ ക്ലാസ്സിൽ പഠിക്കുന്ന കാലം. ഗോപിക്ക് രാമുവിനെ കാണുമ്പോൾ പരിഹസിക്കണമെന്ന് നിർബന്ധമാണ്.
"ഹലോ മിസ്റ്റർ പട്ടിണിക്കോലം" എന്നായിരുന്നു രാമുവിനെ ഗോപി കളിയാക്കുന്നത്. ഒരിക്കൽ, സ്കൂളിൽ നിന്നും ടൂർ പോകുന്ന അവസരമായി. പക്ഷേ, നൂറ് രൂപ മുടക്കി പോകുന്നത് പണക്കാരുടെ കുട്ടികൾ മാത്രമേ ഉള്ളൂ.
'പട്ടിണിക്കോലം, നമ്മുടെ കൂടെ ഇല്ലെന്ന് കുറച്ചു കുട്ടികൾ രാമുവിനെ കളിയാക്കി. എന്നാൽ, സ്കൂൾ അധികൃതർ ഏതെങ്കിലും ഒരു കുട്ടിക്ക് സൗജന്യമായി വിനോദയാത്രയിൽ ചേരാമെന്ന് തീരുമാനിച്ചപ്പോൾ ഭാഗ്യം തുണച്ചത് രാമുവിനെയാണ്!
ടൂറിനുള്ള ബസിൽ ഇരിക്കുമ്പോഴും ഗോപിയും കൂട്ടുകാരും രാമുവിനെ കളിയാക്കാൻ മറന്നില്ല. അവർ പലയിടങ്ങളിലും സന്ദർശിച്ച ശേഷം, സുഗുണൻസാർ പറഞ്ഞു -"ആ കാണുന്ന മല കയറിയാൽ അപ്പുറത്ത് വലിയ വെള്ളച്ചാട്ടമുണ്ട്"
എല്ലാവരും വല്ലാത്ത ആവേശത്തോടെ മല കയറാൻ തുടങ്ങി. എന്നാൽ, കഷ്ടപ്പാട് ഒട്ടും അറിയാതെ വളർന്ന ഗോപിയും കൂട്ടുകാരും തളരാൻ തുടങ്ങി.
മാത്രമല്ല, അവർ വിചാരിച്ചതിനേക്കാൾ ഉയരവും ദൂരവും ദുർഘടവും ആയ വഴിയായിരുന്നു അത്. ഏതെങ്കിലും ഹോട്ടലിൽ കയറി കഴിക്കാൻ പ്ലാൻ ചെയ്തിരുന്ന സമയത്താണ് മുൻകൂട്ടി തയ്യാറാക്കാത്ത ഈ വെള്ളച്ചാട്ടം കടന്നുവന്നത്.
പകുതി ദൂരം കഴിഞ്ഞ നേരത്ത്, മല മുഴുവൻ കയറണമെന്നും തളർച്ച കാരണം തിരിച്ച് ഇറങ്ങണമെന്നും പറഞ്ഞ് കുറച്ചു പേർ തർക്കത്തിലായി. എങ്കിലും ഒടുവിൽ മലമുകളിൽ എത്തി. പക്ഷേ, ഗോപിയും കുറച്ചു കുട്ടികളും തളർന്ന് നിലത്ത് കിടന്നു പോയി! എന്നാൽ, പട്ടിണി ശീലിച്ച രാമുവിന് ഒരു പ്രശ്നവുമില്ലായിരുന്നു.
അന്നേരം, സുഗുണൻസാർ താഴേക്ക് കൈ ചൂണ്ടി പറഞ്ഞു- "ആ ഹോട്ടലിൽ കയറി ആഹാരം കഴിച്ചിട്ട് ഇങ്ങോട്ടു പോന്നാൽ മതിയായിരുന്നു. അല്ലെങ്കിൽ താഴെ ചെന്ന് ആഹാരം ആരെങ്കിലും വാങ്ങി വന്നാലും മതിയായിരുന്നു"
ഉടൻ, രാമു നിസ്സാര കാര്യമെന്ന രീതിയിൽ പറഞ്ഞു -"സാർ, രൂപ തന്നോളൂ. ഞാൻ വേഗം പോയി വാങ്ങി വരാം"
തുടർന്ന്, രാമു മിന്നൽ പോലെ താഴേക്ക് ഓടി. അധികം താമസിയാതെ വലിയ ഭക്ഷണ സഞ്ചിയുമായി അവൻ കയറി വരുന്നതു കണ്ട് സാർ പറഞ്ഞു -"തീയിൽ കുരുത്തത് വെയിലത്ത് വാടില്ല"
തങ്ങൾക്ക് ഭക്ഷണവുമായി വരുന്ന രാമുവിനെ നോക്കി ഗോപിയും കൂട്ടരും ആദ്യമായി ബഹുമാനത്തോടെ നോക്കി. പിന്നീട്, ഒരിക്കലും അവനെ പരിഹസിച്ചിട്ടില്ല.
Written by Binoy Thomas, Malayalam eBooks-1050- പഴഞ്ചൊൽകഥകൾ - 6, PDF-https://drive.google.com/file/d/1kKQFpLbvpit-EfsD97HYniTf6HIc0Sii/view?usp=drivesdk
Comments