(1051) ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം!
പണ്ടു പണ്ട്, സിൽബാരിപുരം ദേശം കൊടുംകാടായി കിടന്ന കാലം. ഒരിക്കൽ, ഒരു ഉഗ്രസർപ്പം കാടിനെയാകെ വിറപ്പിച്ചു തുടങ്ങി. സാധാരണയായി സർപ്പങ്ങൾ ഇരയെ മാത്രം വിഴുങ്ങുകയും ശത്രുക്കളെ കൊത്തുകയും ചെയ്തിരുന്നപ്പോൾ ഈ പാമ്പ് കണ്ണിൽ കാണുന്നവരെയെല്ലാം കടിച്ച് കൊല്ലുമായിരുന്നു.
അതിനാൽ, എലികളും മുയലുകളും ഓന്തും അരണയും എന്നിങ്ങനെ ചെറു ജീവികൾ പാമ്പിൻ്റെ ഇരയായിക്കൊണ്ടിരുന്നു. ഒരു ദിവസം, പാമ്പ് ഇഴഞ്ഞു നടക്കുമ്പോൾ ഏതോ ചെറിയ ജീവിയുടെ കരച്ചിൽ കേട്ടു. അങ്ങോട്ട് ഇഴഞ്ഞ് നോക്കിയപ്പോൾ ഒരു എലിക്കുഞ്ഞ് ആയിരുന്നു അത്.
ഉടൻ, സർപ്പം പറഞ്ഞു -"എലിക്കുഞ്ഞാണെങ്കിലും തൽക്കാലത്തേക്ക് വിശപ്പിന് ആശ്വാസമാകും"
കണ്ണു തുറന്നിട്ടില്ലാത്ത എലിക്കുഞ്ഞിന് പാമ്പിൻ്റെ സാമീപ്യം മനസ്സിലായപ്പോൾ നിലവിളിച്ചു - "ദയവായി എന്നെ കൊല്ലരുതേ. എൻ്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോയതാണ്. ഞാൻ ഈ ലോകം കണ്ണു തുറന്ന് കണ്ടിട്ടു പോലുമില്ല"
അന്നേരം പാമ്പ് പറഞ്ഞു - "ഞാൻ നിന്നെ കൊന്നില്ല എന്നു കരുതിയാലും മറ്റാരെങ്കിലും നിന്നെ കൊല്ലുമല്ലോ. ആരാണ് നിന്നെ രക്ഷിക്കാൻ വരുന്നത്?"
എലി പറഞ്ഞു - "ദൈവത്തിനു തുല്യമായ ആരെങ്കിലും എന്നെ രക്ഷിക്കും"
ഉടൻ, പാമ്പ് പിറുപിറുത്തു - "ഇവനെ രക്ഷിച്ചാൽ ദൈവത്തെ പോലെ ആകാമെന്നാണ്!"
എലിക്കുഞ്ഞിനെ ദേഹത്ത് ഇരുത്തി പാമ്പ് മാളത്തിലേക്കു പോയി. പിന്നീട്, പല തരം രഹസ്യ അറകളും മാളത്തിൽ എലി തുരന്ന് പാമ്പിന് ഉണ്ടാക്കിക്കൊടുത്തു. അവർ ചങ്ങാതികളായി ശേഷിച്ച കാലം ഒരേ മാളത്തിൽ കഴിഞ്ഞു കൂടുകയും ചെയ്തു.
ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം എന്ന പഴഞ്ചൊൽ കഥയാണിത്.
Written by Binoy Thomas, Malayalam eBooks-1051- പഴഞ്ചൊൽകഥകൾ - 7/ PDF-https://drive.google.com/file/d/1ghjsS0tYgNj62r4QbBIF1Zo8ml-dbMTV/view?usp=drivesdk
Comments