(1052) തത്തമ്മേ പൂച്ച പൂച്ച!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു സാധുവായ മനുഷ്യനും ഭാര്യയും ജീവിച്ചിരുന്നു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. സ്വന്തമായി കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ലായിരുന്നെങ്കിലും മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് എടുത്തായിരുന്നു നെൽകൃഷി ചെയ്തിരുന്നത്.
ഒരിക്കൽ, അവരുടെ വീട്ടിലേക്ക് എവിടെ നിന്നോ ഒരു പൂച്ച കയറി വന്നു. യാതൊരു സ്നേഹവും ഇല്ലാത്ത പൂച്ചയെങ്കിലും കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ അതിനെ ഈ ദമ്പതികൾ നല്ല ഭക്ഷണം കൊടുത്ത് വളർത്തി.
മറ്റൊരിക്കൽ- ഒരു തത്ത, പരുന്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റ് ആ വീട്ടിൽ അഭയം പ്രാപിച്ചു. കുറെ ദിവസങ്ങളുടെ സ്നേഹ പരിചരണം കൊണ്ട് തത്ത ആരോഗ്യം വീണ്ടെടുത്തു.
എന്നാൽ, തത്തയുടെ വരവ് പൂച്ചയ്ക്ക് ഇഷ്ടമായില്ല. കാരണം, തത്തയെ വർത്തമാനം പറയാൻ പഠിപ്പിക്കുന്നത് പൂച്ചയ്ക്ക് സഹിച്ചില്ല. എങ്ങനെ തത്തയുടെ സാന്നിധ്യം ഒഴിവാക്കാമെന്ന് പൂച്ച ആലോചിച്ചു.
ഈ വീട്ടുകാർ, കൃഷിസ്ഥലങ്ങൾ പാട്ടത്തിനു കൊടുത്ത സമ്പന്നരായ ഏതാനും ആളുകളെ സദ്യ കൊടുത്ത് സൽക്കരിക്കുന്നത് ഓരോ വർഷവും പതിവാണ്. വിളവെടുപ്പ് കഴിഞ്ഞ് കൂലിയായി കിട്ടിയ നെല്ലും വിറ്റു കഴിഞ്ഞാണ് ഇങ്ങനെ നന്ദിയായി വീട്ടിലേക്ക് അവരെ ക്ഷണിക്കുന്നത്.
അവർ വീട്ടിലെത്തി. സദ്യ വിളമ്പാനുള്ള സമയമായി. പൂച്ചയ്ക്ക് അന്നേരം, വൃത്തികെട്ട ചിന്തകൾ തലയിൽ ഉദിച്ചു പിറുപിറുത്തു- "ഈ വീട്ടുകാരുടെ കൃഷിയിടങ്ങൾ ഇനി കിട്ടാത്ത രീതിയിൽ സദ്യ അലങ്കോലമാക്കണം. അങ്ങനെ, ദാരിദ്ര്യം വരുമ്പോൾ തത്തയ്ക്ക് പാലും പഴവും എങ്ങനെ കൊടുക്കും? തത്ത പിന്നെ വേറെ എങ്ങോട്ടെങ്കിലും പറന്നു പൊയ്ക്കോളും. എനിക്ക് അടുത്ത വീട്ടിലെ അടുക്കളയിൽ നിന്നും മോഷ്ടിക്കാൻ അറിയാമല്ലോ"
അതിഥികളോട് ദമ്പതികൾ സംസാരിക്കുന്ന സമയത്ത് പാചകം ചെയ്ത ആഹാരം ഇരിക്കുന്ന മൺകലങ്ങൾ തകർക്കാൻ പൂച്ച പദ്ധതിയിട്ടു. അടുപ്പിനു മുകളിൽ കെട്ടിവച്ചിരുന്ന വിറകുകെട്ടിൻ്റെ കയർ പൂച്ച കടിച്ചു മുറിച്ചു! വലിയ ശബ്ദത്തോടെ വിറകുകൾ താഴേക്കു പതിച്ച് മൺപാത്രങ്ങൾ ചിതറിത്തെറിച്ചു!
നിമിഷങ്ങൾക്കുള്ളിൽ പൂച്ച വരാന്തയിൽ പോയി ഉറക്കം നടിച്ചു കിടന്നു. ക്ഷണിച്ചു വരുത്തിയിട്ട് സദ്യ അലങ്കോലമായതിൽ ദേഷ്യപ്പെട്ട് അതിഥികൾ ഇറങ്ങിപ്പോയി.
പിന്നീട്, കൃഷിയിടങ്ങൾ കിട്ടാതെ അവർ ദാരിദ്ര്യത്തിലായി. അന്നേരം, തത്ത അവരോടു പറഞ്ഞു -"എന്നെ രക്ഷിച്ച നിങ്ങൾ രണ്ടാളും പട്ടിണി കിടക്കാൻ ഞാൻ അനുവദിക്കില്ല"
തത്ത ഒരു നെൽപ്പാടത്തിലെത്തി. അവിടെ അനേകം തത്തകൾ ഉണ്ടായിരുന്നു. അവരോട് വീട്ടുകാരുടെ ദാരിദ്ര്യത്തേക്കുറിച്ച് പറഞ്ഞപ്പോൾ അവരെല്ലാം നെൽക്കതിർ കൊത്തിയെടുത്ത് വീട്ടുകാരുടെ വരാന്തയിൽ തുടർച്ചയായി ഇട്ടു കൊണ്ടിരുന്നു.
അന്നു രാത്രിവരെ വീട്ടിലെ തത്തയും നെൽകതിർ കൊണ്ടു വന്ന് വരാന്തയിൽ ഇരുന്ന് ഉറക്കം തൂങ്ങി. വീട്ടുകാർ സന്തോഷത്തോടെ നെൽകതിർ ശേഖരിച്ച് അകത്ത് പാത്രങ്ങളിലാക്കി വച്ച് കിടന്നുറങ്ങി.
ഇതെല്ലാം കണ്ട് പൂച്ചയ്ക്ക് പക ഇരട്ടിച്ചു - "എൻ്റെ പദ്ധതികളെല്ലാം പരാജയപ്പെടുത്തിയ തത്തയെ വകവരുത്തണം"
ഇതിനിടയിൽ ഒരു തത്ത നെൽകതിരുമായി കൂട്ടുകാരുമൊത്ത് നേരത്തേ പറന്നു പോന്നതാണെങ്കിലും അത് വഴി തെറ്റി അലഞ്ഞു. ഏറെ വൈകി അത് വീട്ടിലെത്തിയത് പൂച്ച വന്ന അതേ സമയത്തായിരുന്നു.
ഉറങ്ങുന്ന തത്തയെ കൊല്ലാനായി പതുങ്ങി വരുന്ന പൂച്ചയെ കണ്ടപ്പോൾ ആ തത്ത വിളിച്ചു കൂവി പറന്നു പോയി- "തത്തമ്മേ, പൂച്ച.. പൂച്ച..."
പക്ഷേ, വീട്ടിലെ തത്ത അറിയുന്നതിനു മുൻപ് പൂച്ച കഴുത്തിൽ കടിച്ച് തത്തയുടെ ജീവൻ പോയി!
പറന്നു പോയ തത്ത ഈ വിവരം മറ്റുള്ളവരെ അറിയിച്ചപ്പോൾ മുതൽ പൂച്ചകളെ കാണുമ്പോൾ - "തത്തമ്മേ പൂച്ച പൂച്ച" എന്നു തത്തകളുടെ വർഗ്ഗം പറഞ്ഞു തുടങ്ങി. അതുപോലെ നെൽകതിർ കൊത്തിയെടുത്ത് പറക്കുന്നതും അവരുടെ ശീലമായി മാറി.
Written by Binoy Thomas, Malayalam eBooks-1052- പഴഞ്ചൊൽ കഥകൾ - 8, PDF-https://drive.google.com/file/d/1f4v6s22bbS-_8EqwtBAgO8MHw7govWQj/view?usp=drivesdk
Comments