(1053) പ്രകാശമേറിയ കാര്യം!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ ഗുരുവിൻ്റെ ഒരു ആശ്രമം. പലതരം വിഷയങ്ങൾ അവിടെ പത്ത് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ, അതിൽ മിക്കവയും വേറിട്ട കാര്യങ്ങളാകും. കാരണം, തൻ്റെ കുട്ടികൾ എവിടെ പോയാലും ഏതു പ്രതികൂല സാഹചര്യത്തിലും വീണു പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ഒരു ദിവസം - പ്രധാന ശിഷ്യനെ തെരഞ്ഞെടുക്കാനുള്ള കാര്യം ഗുരു ആലോചിച്ചു. അതിനായി പത്തു പേരെയും അടുത്തേക്ക് വിളിച്ചു - "നിങ്ങൾക്കായി ഞാൻ ഒരു പരീക്ഷണം നടത്താൻ പോകുന്നു. നിങ്ങൾക്ക് ലഭ്യമായതിൽ ഏറ്റവും പ്രകാശമേറിയ കാര്യം മൂന്ന് ദിവസത്തിനുള്ളിൽ എനിക്കു സമ്മാനിക്കണം. ഏറ്റവും നല്ലത് തരുന്നവർക്ക് പ്രധാന ശിഷ്യൻ എന്ന പദവി ലഭിക്കും"
ശിഷ്യന്മാരിൽ പലരും നല്ല പണമുള്ളവരായിരുന്നു. അക്കാലത്ത് ഏറ്റവും വിലയുള്ളത് വജ്രത്തിനായിരുന്നു. മാത്രമല്ല, രാത്രിയിൽ പ്രകാശിക്കുകയും ചെയ്യുമല്ലോ. ആ കാരണത്താൽ നാലു കുട്ടികൾ അവരുടെ സമ്പത്ത് വഴി ഏർപ്പാടാക്കിയ പ്രകാശിക്കുന്ന കല്ലുകൾ സ്വന്തമാക്കി ഗുരുവിന് കൊടുത്തു.
മറ്റൊരാൾ, കാട്ടിലെ ഏറ്റവും മിന്നുന്ന രീതിയിലുള്ള അപൂർവ്വമായ പൂക്കൾ ഗുരുവിന് കൊടുത്തു. വേറെ ഒരുവനാകട്ടെ, പ്രകാശിക്കുന്ന സൂര്യനെ ഉജ്ജ്വലമായി വരച്ചത് സമ്മാനിച്ചു.
വായിച്ചാൽ മനസ്സ് പ്രകാശിക്കുന്ന ഒരു പുണ്യഗ്രന്ഥമാണ് ഒരു ശിഷ്യൻ ഗുരുവിന് കൊടുത്തത്.
നിറയെ തിരിയിട്ട കത്തുന്ന നിലവിളക്ക് ഒരാൾ സമ്മാനിച്ചപ്പോൾ ഒൻപതാമൻ, തിളങ്ങുന്ന പട്ടുവസ്ത്രം ഗുരുവിന് കൊടുത്തു. എന്നാൽ, പത്താമനായ രാമുവിന് ഇതിനൊന്നും നേരം കിട്ടിയില്ല. അവൻ്റെ അമ്മ രോഗം മൂലം കിടപ്പിലായിരുന്നു. മൂന്നാം ദിവസം വൈകുന്നേരം വരെ അവിടെ ശുശ്രൂഷയിലായിരുന്നു.
എന്നാൽ, അന്ന് സന്ധ്യയാകും മുൻപ് ആശ്രമത്തിലെത്താൻ രാമു തിരികെ ഓടി. അതിനിടയിൽ ഒരു കിളിയുടെ കരച്ചിൽ കേട്ട് അവൻ നിന്നു.
ഏതോ പക്ഷിവേട്ടക്കാരൻ എയ്ത അമ്പ് അതിൻ്റെ ചിറകിൽ തറച്ചിരുന്നതിനാൽ കിളി പിടച്ച് കാടിനുള്ളിൽ കിടക്കുന്നത് അവൻ കണ്ടു. ഓടിച്ചെന്ന് അതിൻ്റെ അമ്പ് വലിച്ചൂരി പച്ചമരുന്നുകൾ പറിച്ച് മുറിവിൽ വച്ച് അവൻ ആശ്രമത്തിലെത്തി.
ഗുരു ആ കിളിയെ എടുത്ത് ശുശ്രൂഷിക്കാൻ തുടങ്ങി. അടുത്ത ദിവസം, എല്ലാവരും തന്ന സമ്മാനം മുറിയിൽ നിരത്തി വച്ചെങ്കിലും രാമുവിൻ്റെ സ്ഥാനത്ത് ഒന്നും ഇല്ലായിരുന്നു.
അന്നേരം, ഗുരു പക്ഷിയെ തലോടിക്കൊണ്ട് പത്തു പേരോടുമായി പറഞ്ഞു -"അടുത്ത പ്രധാന ശിഷ്യൻ രാമുവാണ്"
എല്ലാവരും ഞെട്ടി!
അവർ ഒന്നടങ്കം ചോദിച്ചു - "രാമു വയ്യാത്ത അമ്മയെ കാണാൻ പോയല്ലോ. അതുകൊണ്ട് അവന് പ്രകാശമുള്ള യാതൊരു സമ്മാനവും കൊണ്ടുവരാൻ പറ്റിയില്ലല്ലോ!"
ഗുരു കയ്യിലെ പക്ഷിയെ കാണിച്ച് തുടർന്നു: "നിങ്ങളുടെ പ്രകാശിക്കുന്ന വസ്തുക്കളെല്ലാം ഭൗതികമാണ്. എന്നാൽ, രാമു എനിക്കു നല്കിയത് ദയ എന്നുള്ള ലോകത്തിന്റെ പ്രകാശമാണ്. അതിന്റെ ജീവനുള്ള ഉദാഹരണമാണ് ഈ പക്ഷി!
ചിന്തിക്കുക: ദൈവസ്നേഹത്തിന്റെ ഏറ്റവും മികച്ച പ്രതിരൂപമാകുന്നു ദയ, കരുണ, കടപ്പാട് എന്നെല്ലാം പറയാവുന്ന സൽകൃത്യങ്ങൾ!
Written by Binoy Thomas, Malayalam eBooks-1053-kathasarith sagaram-20, pdf-https://drive.google.com/file/d/1VAjPuzxj2jQ1g3Y97QvzfATT2v1LGkTu/view?usp=drivesdk
Comments