(1054) മരംകൊത്തി ഉണ്ടായ കഥ!
പണ്ടുകാലത്തെ സിൽബാരിപുരം ദേശം. മിക്കവാറും പ്രദേശങ്ങളും ഗ്രാമങ്ങളായി കിടന്നിരുന്ന സമയം. ആ നാട്ടിലെ വിറകുവെട്ടുകാരനായ രാമു മരത്തിൽ നിന്നും താഴെ വീണ് മരിച്ചപ്പോൾ മുതൽ മീനാക്ഷിക്ക് ദുരിത കാലം തുടങ്ങി.
കാരണം, രാമുവിൻ്റെ അമ്മയായ നാണിയമ്മയുടെ ദുഷ്ടത്തരങ്ങൾ കൂടി വന്നു. മീനാക്ഷിയേക്കുറിച്ച് നാടുനീളെ അപവാദങ്ങൾ പറഞ്ഞു നടക്കാൻ തുടങ്ങി. സമർഥമായി സംസാരിക്കാൻ പറ്റുന്ന ആ സ്ത്രീ ഒടുവിൽ വിജയിച്ചു. അതായത്, മീനാക്ഷിയെ കാണുന്ന മാത്രയിൽ തന്നെ പലതരം കുറ്റപ്പെടുത്തലുകളും മുന വച്ച ചോദ്യങ്ങളും നാട്ടുകാർ ചോദിക്കും.
അങ്ങനെ, മീനാക്ഷി സഹികെട്ട് ആ നാട്ടിൽ നിന്നും എങ്ങോട്ടോ പോയി മറഞ്ഞു. എങ്കിലും നാണിയമ്മയുടെ രീതികൾ ഒട്ടും മാറിയിട്ടില്ലായിരുന്നു.
ഒരു ദിവസം - ഒരു സന്യാസി നാണിയമ്മയുടെ വീടിനു മുന്നിലെത്തി.
" ഇവിടാരും ഇല്ലേ? എനിക്ക് അല്പം കഞ്ഞി കിട്ടിയാൽ കൊള്ളാമായിരുന്നു"
ഉടൻ, നാണിയമ്മ തിണ്ണയിലേക്ക് ഇറങ്ങി വന്ന് സന്യാസിയെ ശകാരിച്ചു - "ഇവിടെ ഒന്നും കഴിക്കാനില്ല"
സന്യാസി തുടർന്നു - "കുറച്ച് കഞ്ഞി വെള്ളമെങ്കിലും കിട്ടിയാൽ?"
നാണിയമ്മ ദേഷ്യപ്പെട്ടു -"ഇവിടെ നിന്നും പച്ചവെള്ളം തനിക്ക് ഞാൻ തരുമെന്ന് പ്രതീക്ഷിക്കേണ്ട. വേണമെങ്കിൽ അടുത്ത വീട്ടിൽ പോയി ചോദിക്ക്"
സന്യാസി തൻ്റെ ഭാണ്ഡക്കെട്ട് തിണ്ണയിൽ വച്ചിട്ട് അടുത്ത വീട്ടിലേക്കു നടന്നു കയറി. അന്നേരം, ആ ദുഷ്ട സ്ത്രീ പിറുപിറുത്തു - "ഈ പാണ്ഡക്കെട്ടിനകത്ത് വിലയുള്ളത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാൻ സമയം കിട്ടും"
നാണിയമ്മ പാണ്ഡക്കെട്ട് അഴിച്ചതും നൂറുകണക്കിന് പ്രാണികളും കീടങ്ങളും ക്ഷുദ്രജീവികളുമെല്ലാം അതിൽ നിന്നും പറന്നു പൊങ്ങി!
അവർ പേടിച്ചു വിറച്ചു നിൽക്കുമ്പോൾ സന്യാസി മടങ്ങിയെത്തി. നാണിയമ്മ പാണ്ഡക്കെട്ട് തുറന്ന കാര്യം മനസ്സിലാക്കിയപ്പോൾ സന്യാസി ശപിച്ചു - "ഭർത്താവ് മരിച്ച ഒരു പാവത്തിനെ നീ ഓടിച്ചു വിട്ടു. എനിക്ക് പച്ചവെള്ളം പോലും തരാതെ എൻ്റെ മുതൽ മോഷ്ടിക്കാനും ശ്രമിച്ച നിനക്ക് ഇനി മനുഷ്യജന്മം വേണ്ട"
തുടർന്ന് സന്യാസിയുടെ ശക്തി പ്രവഹിച്ചപ്പോൾ നാണിയമ്മ ഒരു പക്ഷിയായി മാറി!
സന്യാസി കല്പിച്ചു- "നിൻ്റെ ജന്മം ഇപ്പോൾ പറന്നു പോയ പ്രാണികളെയും പുഴുക്കളെയും കീടങ്ങളെയും മരത്തടിയിൽ നിന്നും കൊത്തിത്തിന്നുക എന്നുള്ളതാണ്. അതിനാൽ, നിന്നെ മരംകൊത്തി എന്ന് ആളുകൾ വിളിക്കും"
അന്നേരം മരംകൊത്തി മരത്തിലെ കീടങ്ങളെ പിടിക്കാനായി എങ്ങോട്ടോ പറന്നുപോയി!
ആശയം- ഒരു മനുഷ്യജന്മത്തെ നല്ലതിനായും ചീത്തതിനായും പ്രയോജനപ്പെടുത്താനാവും. നിലവിലുള്ള ജീവിത ശൈലിയിൽ മാറ്റം ആവശ്യമോ എന്ന് സ്വയം പരിശോധിക്കാം.
Written by Binoy Thomas, Malayalam eBooks-1054-kathasarit sagaram - 21, PDF-https://drive.google.com/file/d/1u7lRRVQnOE3sRMDIdmwRC-iJyV-1u78B/view?usp=drivesdk
Comments