(1056) സാരസ കൊക്കുകൾ!
പണ്ടു പണ്ട്, സിൽബാരിപുരം ദേശമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. ഒരിക്കൽ, ബ്രഹ്മാവിന് ഒരാഗ്രഹം തോന്നി - ഭൂമിയിൽ ഏറ്റവും സ്നേഹവും അനുകമ്പയും ഉള്ളത് ഏതു ജീവിക്കാണെന്ന് കണ്ടു പിടിക്കണം.
അതിനായി ഭൂമിയിലൂടെ അതിവേഗം പറന്നു. മനുഷ്യർ പലതരം ദുശ്ശീലങ്ങളും തിന്മകളും ദുഷ്ടതകളും നിറഞ്ഞതാണെന്ന് മനസ്സിലാക്കി. മൃഗങ്ങൾ മറ്റുള്ളവയെ കൊന്നു തിന്നുന്നതും കണ്ടു. ചില സാധുവായ മൃഗങ്ങൾ പോലും അവരിൽത്തന്നെ മേൽക്കോയ്മ നേടാനായി സഹജീവികളെ ഉപദ്രവിക്കുന്നതും കണ്ടു.
ബ്രഹ്മാവിൻ്റെ മനസ്സു മടുത്ത് തിരികെ സ്വർഗ്ഗത്തിലേക്ക് പോകാനായി പുറപ്പെട്ടു. അങ്ങനെ ആകാശത്തിലൂടെ പറക്കുന്ന സമയം നട്ടുച്ച നേരമായിരുന്നു. അപ്പോഴാണ് ഇണപ്പക്ഷികളായ രണ്ട് സാരസ കൊക്കുകൾ ബ്രഹ്മാവിനെ കണ്ടത്.
ഉടൻ, ആൺപക്ഷി പറഞ്ഞു -"നോക്കൂ! അതൊരു ദിവ്യ മനുഷ്യനാണ്. അതിനാലാണ് ഇങ്ങനെ പറക്കാൻ പറ്റുന്നത്. എന്നാൽ, ശക്തിയേറിയ വെയിലേറ്റ് അയാൾ തളർന്നു വീഴും"
പെട്ടെന്ന്, രണ്ടു പക്ഷികളും ചിറക് വിരിച്ച് ബ്രഹ്മാവിൻ്റെ മുകളിലൂടെ പറന്ന് നിഴൽ കൊടുത്തു. ഈ കാരുണ്യം കണ്ട് ബ്രഹ്മാവ് അവരെ അനുഗ്രഹിച്ചു - "ഞാൻ ഭൂമിയിലെങ്ങും ഇതു പോലെ കരുണ ആഗ്രഹിക്കുന്നവരെ കണ്ടില്ല. അതിനാൽ, നിങ്ങൾ സാരസക്കൊക്കുകളെ ഭൂമിയിലെങ്ങും സ്നേഹത്തോടെയും ആദരവോടെയും മാത്രമേ നോക്കുകയുള്ളൂ "
ആശയം : ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത് മനുഷ്യരുടെ ദയവും നന്മയുമാണ്. കേവലം, ദൈവ സ്തുതികളല്ല!
Written by Binoy Thomas, Malayalam eBooks - 1056-katha SaritSagaram - 23, PDF-https://drive.google.com/file/d/1jV3aS2LCA-TAwninSTRhiNy7L19xz5Bj/view?usp=drivesdk
Comments