(1057) ഐകമത്യം മഹാബലം!
സിൽബാരിപുരം ദേശത്തെ വീടുകളിൽ കോഴി വളർത്തൽ പതിവായിരുന്നു. അതുകൂടാതെ ഉടമസ്ഥരില്ലാത്ത കോഴികളും പെരുകി. അക്കാലത്ത്, ലഭ്യത കൂടുതലാകയാൽ കോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും യാതൊരു വിലയും ഇല്ലായിരുന്നു.
കോഴികളുടെ പെരുപ്പം കാരണം ഒരിക്കൽ കാട്ടിലെ കുറുക്കൻ രാത്രിയിൽ നാട്ടിലേക്ക് ഇറങ്ങി ഓരോ കോഴിയെ പിടിക്കാൻ തുടങ്ങി. എണ്ണമറ്റ കോഴികൾ ഉള്ളതിനാൽ നാട്ടുകാർ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല.
പക്ഷേ, കോഴികൾക്ക് മുഴുവനും ജീവനിൽ പേടിയായിത്തുടങ്ങി. തങ്ങളിൽ ആരെയാണ് ഓരോ രാത്രിയിലും കൊണ്ടുപോകുന്നത് എന്ന് അറിയാൻ പാടില്ലല്ലോ.
അവർ എല്ലാവരും കൂടി ജനവാസം കുറഞ്ഞ ഒരു പ്രദേശത്ത് പകൽ ഒന്നിച്ചു കൂടി. പ്രായത്തിൽ മൂത്ത കോഴിമൂപ്പൻ പറഞ്ഞു -"ഇതെല്ലാം നമ്മുടെ വിധിയാണ്. നമ്മൾ കോഴികൾ വിചാരിച്ചാൽ സൂത്രശാലിയായ കുറുക്കനെ തോൽപ്പിക്കാൻ പറ്റില്ല"
എല്ലാവരും അതു തലകുലുക്കി സമ്മതിച്ചപ്പോൾ ബുദ്ധിശാലിയായ ഒരു പൂവൻ കോഴി പറഞ്ഞു -"കുറുക്കൻ്റെ ബുദ്ധിയെ നമ്മളും ബുദ്ധിശക്തി ഉപയോഗിച്ച് നേരിടണം. ഇന്നു രാത്രി ഒരു കോഴിക്കൂട് മാത്രം തുറന്നിടണം. അന്നേരം കുറുക്കൻ മറ്റുള്ളവരുടെ വാതിൽ തള്ളിത്തുറക്കാതെ ആ കോഴിക്കൂട്ടിൽ കയറും. ആ നിമിഷം നമ്മൾ എല്ലാവരും ആ പ്രദേശം വളയണം. എന്നിട്ട് ഒരേ സമയം, എല്ലാവരും കൂടി കുറുക്കൻ്റെ കണ്ണ് കുത്തിപ്പൊട്ടിക്കണം. കാലിലും വയറിലും ചെവിയിലും ഒക്കെ കൊത്തിപ്പറിക്കണം"
കോഴിമൂപ്പൻ പറഞ്ഞു - "കുറുക്കൻ്റെ ആക്രമണം വളരെ ശക്തമാണ്. നമ്മുടെ ജീവൻ പോകും"
അന്നേരം പൂവൻ കോഴി പറഞ്ഞു -" ചിലപ്പോൾ മൂപ്പൻ പറയുന്ന പോലെ നമ്മൾ തോറ്റുപോകാം. അല്ലെങ്കിലും ഓരോ ദിവസവും ഓരോ കോഴിയെ കുറുക്കൻ കൊല്ലും. അങ്ങനെ കുറെ മാസങ്ങൾ കഴിയുമ്പോൾ നമ്മൾ ഇവിടെ ആരും കാണില്ല. മാത്രമല്ല, വിജയിച്ചാലോ? എല്ലാവരും രക്ഷപ്പെടുകയും ചെയ്യും!"
ആ രാത്രിയിൽ തുറന്നു കിടന്ന വാതിലിൻ്റെ അരികിൽ കുറുക്കൻ പമ്മി വന്നു!
അതുകണ്ട് കോഴികൾ കൂട്ടമായി പറന്ന് കുറുക്കനെ കൊത്തിപ്പറിച്ചു. കുറച്ചു കോഴികളെ കുറുക്കൻ കടിച്ചെങ്കിലും നൂറുകണക്കിനുള്ള കൊത്തുകളും കോഴികളുടെ നഖം വച്ചുള്ള മാന്തിക്കീറലുകളും ഏറ്റ് കുറുക്കൻ അവശതയോടെ പിടഞ്ഞ് എണീറ്റ് കാട്ടിലേക്ക് രക്ഷപ്പെട്ടു. അതോടെ ഒരു കണ്ണിൻ്റെ കാഴ്ചയും പോയതിനാൽ പിന്നീട് നാട്ടിലേക്ക് ഒരിക്കലും അവൻ വന്നിട്ടില്ല.
ഗുണപാഠം - ഐകമത്യം മഹാബലം എന്ന പഴഞ്ചൊല്ലിനെ സാധൂകരിക്കുന്ന കഥയാണിത്. ദുർബലർ പോലും ഒന്നിച്ചാൽ മഹാശക്തിയാകും.
Written by Binoy Thomas, Malayalam eBooks-1057 -പഴഞ്ചൊൽകഥകൾ - 9, PDF-https://drive.google.com/file/d/109DeMD87YCk0OMbjkXIE2c2KZ7xTL764/view?usp=drivesdk
Comments