(1058) ഇരിക്കുന്ന കമ്പ് മുറിക്കരുത്!

 പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് ഒരു നാടുവാഴി ഉണ്ടായിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയാളുടെ കാര്യസ്ഥനായിരുന്നു രാജപ്പൻ.

രാജപ്പനെ വിശ്വാസമാകയാൽ പണമിടപാടുകൾ വരെ നാടുവാഴി വിശ്വസിച്ച് ഏൽപ്പിക്കുമായിരുന്നു. നാട്ടുകാർ മിക്കവാറും അസൂയയോടെ പറയുന്ന ഒരു കാര്യമുണ്ട് - "കിട്ടുകയാണെങ്കിൽ രാജപ്പൻ്റെ ജോലി കിട്ടണം. എന്താ, സുഖം? കനത്ത ശമ്പളം, സർവ്വ സ്വാതന്ത്ര്യവും ഉള്ള തറവാട്. ഇതൊക്കെയാണ് രാജയോഗം എന്നു പറയുന്നത്!"

അങ്ങനെ ഏതാനും വർഷങ്ങൾ പിന്നിട്ടു. ഒരു രൂപയുടെ തിരിമറി പോലും നടത്താതെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്ന സമയമായിരുന്നു രാജപ്പൻ്റെ കാര്യങ്ങളിൽ ഉണ്ടായിരുന്നത്.

എന്നാൽ, ഒരിക്കൽ കൃഷി ആവശ്യത്തിനായി മറ്റൊരു നാടുവാഴിയിൽ നിന്നും ആയിരം രൂപ ശങ്കുണ്ണി കടം വാങ്ങിയിരുന്നു. പലിശ സഹിതം ആയിരത്തി ഇരുന്നൂറ് രൂപ തിരികെ ഏൽപ്പിക്കാനായി രാജപ്പൻ്റെ കയ്യിൽ കൊടുത്തു വിട്ടു.

ദുർഘടം പിടിച്ച വഴിയിലൂടെ നടന്നപ്പോൾ അയാൾ ആദ്യമായി വേറിട്ട വഴികളിലൂടെ ചിന്തിച്ചു പിറുപിറുത്തു - "എന്നും ഒരു നാടുവാഴിയുടെ കീഴിൽ കഴിഞ്ഞാൽ മതിയോ? ഈ രൂപയുമായി കോസലപുരം ദേശത്ത് ചെന്നാൽ വലിയ കച്ചവടം തുടങ്ങാം. അവിടെ പ്രഭുവിനെ പോലെ ജീവിക്കണം. ഈ നാടുവാഴിയെപ്പോലെ സുഖിച്ച് ആഡംബരത്തോടെ ജീവിതം ആസ്വദിക്കണം. അതിന് കുടുംബം കൂടെ ഇല്ലാത്തതാണു തല്ലത്"

തൻ്റെ കയ്യിൽ പണം ഉണ്ടെന്ന് ആരും അറിയാൻ പാടില്ല. അതിനായി അയാൾ കാട്ടിലൂടെ നടന്ന് കോസലപുരത്തെ നാട്ടിലെത്താൻ പറ്റുന്ന ദിശയിൽ നടന്നു. എന്നാൽ, തുടക്കത്തിൽത്തന്നെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു! പണസഞ്ചിയിൽ നിന്നും രക്തക്കറ പുരണ്ട രൂപ, കാട്ടിലെ കരിയിലകൾക്കിടയിൽ കിടന്നു!

അതു കണ്ട്, കാട്ടുവാസികൾ നാട്ടുകാരെ അറിയിച്ചു. അവർ വന്ന് നോക്കിയപ്പോൾ ചതിയുടെ ഫലമാണ് ഇതെന്ന് എല്ലാവർക്കും മനസ്സിലായി. ഒരാൾ പറഞ്ഞു -"ഇരിക്കുന്ന കമ്പ് മുറിക്കരുത് എന്ന് രാജപ്പൻ ഓർത്തില്ല"

ആശയം: മികച്ച ജീവിത സാഹചര്യങ്ങളെ വെറുതെ കളഞ്ഞു കുളിക്കുന്നത്, ഇരിക്കുന്ന കമ്പ് മുറിച്ച് താഴെ വീഴുന്നതുപോലെയാണ്.

Written by Binoy Thomas, Malayalam eBooks-1058- പഴഞ്ചൊൽ കഥകൾ -10, PDF-https://drive.google.com/file/d/16Ulol-9A3sqDAxRR8W0Sk8TlAbsnuBmJ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍