(1059) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
പണ്ടുപണ്ട്, സിൽബാരിപുരം കൊടുംകാടായി കിടന്നിരുന്ന സമയം. ആ കാട്ടിൽ കടുവയും സിംഹവും ഒന്നുമില്ല. എന്നാൽ, ആനകൾ ഏറെയുള്ള കാടായിരുന്നു അത്.
ഒരു ദിവസം, പത്തോളം കുട്ടിക്കൊമ്പന്മാർ തീറ്റി തിന്ന് നടക്കുന്ന നേരത്ത്, ഒരു വയസ്സൻ പിടിയാന അതുവഴി വന്നപ്പോൾ പറഞ്ഞു -"മക്കളേ, ആ കാണുന്ന കുന്നിൻ ചെരിവിലേക്കു പോകരുത്. ദുഷ്ടന്മാരായ മനുഷ്യർ വലിയ കുഴികൾ ഉണ്ടാക്കിയിട്ട് കരിയിലയിട്ട് മൂടിയിട്ടുണ്ട്. അത്തരം വാരിക്കുഴിയിൽ വീണാൽ നമുക്ക് തിരിച്ചു കയറാൻ ആവില്ല. മനുഷ്യർ പിടിച്ചു കൊണ്ട് പോകും!"
അതു ശ്രദ്ധിച്ച് മിക്കവാറും ആനകളും ആ പ്രദേശം ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ, വികൃതിയായ കുട്ടിക്കൊമ്പൻ പറഞ്ഞു - "ഈ കാട്ടിലെ ശക്തരായ നമ്മളെ ചെറിയ മനുഷ്യർ എങ്ങനെ പിടിക്കുമെന്നാണ്? അതൊക്കെ വെറും മണ്ടത്തരമാണ്"
അന്നേരം, കൂട്ടുകാർ അവനെ വിലക്കി - "ആനയമ്മ നമ്മളേക്കാൾ കാട് ഒരുപാട് കണ്ടതാണ്. അതുകൊണ്ട് അതിൽ കാര്യമുണ്ട്"
അപ്പോൾ, കുട്ടിക്കൊമ്പൻ ചിന്നം വിളിച്ച് തൻ്റെ ശക്തി അറിയിച്ച് കുന്നിൻ ചരിവിലേക്ക് പോയി. പനയോല ചാഞ്ഞു കിടക്കുന്ന സ്ഥലത്തേക്ക് അവൻ നടന്ന് അടുത്തപ്പോൾ വാരിക്കുഴിയിലേക്ക് വീണു!
സർവ്വശക്തിയുമെടുത്ത് അലറി വിളിച്ചെങ്കിലും അതിനടുത്തേക്ക് വരാൻ കൂട്ടുകാർ പേടിച്ചു. ഒരുവൻ പറഞ്ഞു -"നമ്മൾ അവനെ രക്ഷിക്കാൻ ചെന്നാൽ അപകടമാണ്. എവിടെയൊക്കെയാണ് കുഴികൾ എന്നറിയില്ല. പനക്കൂട്ടത്തിനടുത്തായി വേറെയും ചതിക്കുഴികൾ കണ്ടേക്കാം"
ആ കാര്യത്തോടു യോജിച്ച് മറ്റൊരുവൻ പറഞ്ഞു -"അതു ശരിയാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!"
വൈകാതെ മനുഷ്യർ വന്ന് ചങ്ങല കൊണ്ട് കുട്ടിക്കൊമ്പനെ ബന്ധിച്ച് സർക്കസ് കൂടാരത്തിലേക്ക് കൊണ്ടുപോയി.
ആശയം: ശ്രദ്ധയോടെ ജീവിതം നയിക്കണം. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്നുള്ള കാര്യത്തിലേക്കുള്ള പഴഞ്ചൊൽ കഥയാണിത്.
Written by Binoy Thomas, Malayalam eBooks-1059- Pazhanchol kathakal -11, PDF-https://drive.google.com/file/d/1tCfT0sI5UcdR-J52XDwJlWNg6c5VT0RA/view?usp=drivesdk
Comments