(1060) കഴുതയുടെ അമളി!
സിൽബാരിപുരം കാടാകെ നിറയെ പലതരം വന്യമൃഗങ്ങൾ വസിച്ചിരുന്ന കാലമായിരുന്നു അത്. കാട്ടിലെ സിംഹത്തിന് ഇരകളെ കാണിച്ചു കൊടുക്കുന്ന പണിയായിരുന്നു കുറുക്കൻ്റേത്.
മാനിറച്ചിയും മുയലിറച്ചിയും തിന്നു മടുത്തപ്പോൾ സിംഹം പറഞ്ഞു: "കഴുതയിറച്ചി തിന്നിട്ട് ഒരുപാട് നാളായി. നീ പോയി ഒരു കഴുതയെ സൂത്രത്തിൽ ഇങ്ങോട്ടു കൊണ്ടുവരാൻ നോക്കണം"
ഒരു കഴുത പുല്ലു തിന്നു നടന്നപ്പോൾ അതിനടുത്തായി കുറുക്കൻ ധ്യാനത്തിൽ ഇരിക്കുന്ന പോലെ ഇരുന്നു. കഴുത പേടിച്ച് കുറച്ച് അകലെയായി നിന്ന് കാര്യം തിരക്കി.
കുറുക്കൻ പറഞ്ഞു -"ഗുഹയിലെ സിംഹം അവൻ്റെ ചെയ്തികളിൽ വിഷമം തോന്നി ഇനിയുള്ള കാലം ഒരു കഴുതയെ രാജാവാക്കാനാണ് തീരുമാനം. ഞാൻ മന്ത്രിയും. പക്ഷേ, ഇതിന് ഏത് കഴുതയെ തെരഞ്ഞടുക്കും എന്നാണ് എൻ്റെ ആശയക്കുഴപ്പം"
ഉടൻ, മണ്ടൻ കഴുത പറഞ്ഞു -"ഈ കാടിൻ്റെ ചരിത്രത്തിൽ ഞങ്ങളുടെ വർഗ്ഗത്തിന് ഇങ്ങനെയുള്ള സൗഭാഗ്യം വന്നിട്ടില്ല. നമുക്ക് സിംഹത്തെ പോയി കാണാം"
ഗുഹയുടെ മുന്നിലെത്തിയതും സിംഹം കഴുതയെ വീശിയടിച്ചു. കഴുതച്ചെവി ഒരെണ്ണം തെറിച്ചു! പക്ഷേ, കഴുത ഓടി! അന്നേരം, പതിയെ കുറുക്കൻ പിറകെ ചെന്നു.
കഴുത അമറി - "എടാ, ദുഷ്ടാ, നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ?"
കുറുക്കൻ വിനയത്തോടെ പറഞ്ഞു -"കഴുതയുടെ ചെവി വലുതാകയാൽ കിരീടം വയ്ക്കാൻ പറ്റിയ രീതിയിൽ ഒരു ചെവി കളഞ്ഞതാണ്. നീ വേഗം വരിക. കിരീടധാരണത്തിനു പറ്റിയ സമയമാണിത് "
മണ്ടനായ കഴുത അതു വിശ്വസിച്ച് കുറുക്കനോടൊപ്പം അവിടെത്തി. സിംഹം ദേഷ്യത്തോടെ കഴുതയുടെ മേൽ ചാടി വീണു! പക്ഷേ, ഇത്തവണയും ലേശം പിഴച്ചു! കഴുതയുടെ വാൽ മുറിഞ്ഞു! കഴുത അമറിക്കൊണ്ട് ഓടി!
പിന്നെയും കരഞ്ഞു കൊണ്ടിരുന്ന കഴുതയെ സമീപിച്ച് കുറുക്കൻ പറഞ്ഞു -"നീ എന്തിനാ വീണ്ടും ഓടിയത്? ഗുഹയിലെ സിംഹാസനത്തിൽ ഇരുത്താൻ പാകത്തിന് നിൻ്റെ വാൽ സിംഹരാജൻ മുറിച്ചു കളഞ്ഞതാണ്. വരൂ. നിനക്ക് ഇനി ഒരു തടസ്സവുമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്"
ഇത്തവണ കഴുതയ്ക്ക് വളരെ ആശ്വാസമായി. മൂന്നാമത്തെ പ്രാവശ്യം സിംഹം വളരെയേറെ ജാഗ്രത കാട്ടി. കൃത്യമായ ചാട്ടത്തിന് കഴുതയുടെ കഴുത്തിൽ സിംഹത്തിൻ്റെ പല്ലുകൾ ആഴ്ന്നിറങ്ങി.
മൂന്നു തവണ ശക്തിയായി ചാടി ദേഹം മുഴുവൻ ചെളി പുരണ്ടതിനാൽ സിംഹം അടുത്ത കുളത്തിൽ മുങ്ങി നിവർന്ന് ശാപ്പാടിനായി തിരികെ എത്തി.
"കഴുതയുടെ തലച്ചോറ് എവിടെ? ഹൃദയവും കാണുന്നില്ല. നീ തിന്നോ? എങ്കിൽ എൻ്റെ മുന്നിൽ മേലിൽ ഇനി വന്നു പോകരുത്!"
കുറുക്കൻ പറഞ്ഞു -"മഹാരാജൻ, അങ്ങ് തെറ്റിദ്ധരിക്കരുത്. രണ്ടുതവണയും സിംഹം കൊല്ലാൻ നോക്കിയിട്ട് പിന്നെയും സിംഹത്തിൻ്റെ മടയിലേക്ക് വന്ന കഴുതയ്ക്ക് തലച്ചോറും ഹൃദയവും കാണുമോ?"
സിംഹം അതു വിശ്വസിച്ചു. കൊതിയനായ കുറുക്കൻ, സിംഹം കുളിക്കാൻ പോയ നേരത്ത് രുചിയുള്ള ഇറച്ചി പലതും അടിച്ചു മാറ്റിയിരുന്നു.
ആശയം: ഈ കഴുതയെപ്പോലെ വീഴ്ചകളിൽ പാഠം പഠിക്കാത്ത അനേകം മനുഷ്യ ജന്മങ്ങളുണ്ട്. കുറുക്കനെ പോലെ സ്ഥിരമായി പറ്റിക്കുന്നവരും!
Written by Binoy Thomas, Malayalam eBooks - 1060- Katha SaritSagaram - 24, PDF-https://drive.google.com/file/d/1Q9krKyFzWsg6LljDCGAG0VHS5s5bnH3p/view?usp=drivesdk
Comments