(1061) ഹോജയുടെ കാഴ്ച!
ഹോജ മുല്ലയുടെ പല പ്രവൃത്തികളും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തങ്ങളായിരുന്നു. ജനങ്ങൾ ഇതിനെ കണ്ടതും വേറിട്ട രീതിയിലായിരുന്നു.
ചിലപ്പോൾ അതിനൊക്കെയുള്ള പ്രതികരണമായി ബുദ്ധിമാൻ, മിടുക്കൻ, അത്ഭുതം എന്നൊക്കെ പറയുന്ന പോലെ തന്നെ മറുവശത്ത് മണ്ടൻ, ഭ്രാന്തൻ, പൊട്ടൻ എന്നിങ്ങനെയും കേൾക്കേണ്ടി വന്നിട്ടുണ്ട്.
ഒരിക്കൽ, ഇരുട്ടാകുന്നതിനു മുൻപ് വലിയ റാന്തൽ വിളക്കുമായി നടക്കുന്ന ഹോജയെ കണ്ടപ്പോൾ ആളുകൾ ചോദിച്ചു - "ഇതെന്താണ് മുല്ലാക്ക? തനിക്ക് പകലും കണ്ണു കണ്ടുകൂടെ?"
ഹോജ പറഞ്ഞു -"എൻ്റെ കാഴ്ചയ്ക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷേ, എനിക്ക് എതിരെ വരുന്ന ആളുകളിൽ ആർക്കെങ്കിലും കാഴ്ച കുറഞ്ഞവരായി വന്നാലോ? അവർ എന്നെ ഇടിക്കാതെ ഇരിക്കാക്കാനാണ് ഞാൻ വിളക്ക് പിടിച്ചിരിക്കുന്നത്"
"ഈ ഹോജയ്ക്ക് ഭ്രാന്താണ്" എന്നു പറഞ്ഞു കൊണ്ട് ആളുകൾ നടന്നകന്നു.
മറ്റൊരു അവസരത്തിൽ ചന്തയിലെ തിരക്കേറിയ സ്ഥലത്ത് ഹോജ നിലത്ത് ഇരിക്കുന്നതു കണ്ട് ജനങ്ങൾ ചോദിച്ചു - "ഹോജ എന്തിനാണ് ഇവിടെ വെറുതെ ഇരിക്കുന്നത്?"
ഹോജ മുല്ല പറഞ്ഞു -"ഇവിടെ ഒരു വലിയ സംഭവം നടക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നു. ആളുകൾ എല്ലാം ഓടിക്കൂടിയിട്ട് ഒടുവിൽ ഞാൻ വന്നിട്ട് യാതൊരു കാര്യവുമില്ല. പൊക്കം കുറഞ്ഞ എനിക്ക് ഒന്നും കാണാനും കേൾക്കാനും പറ്റില്ല. അത് കാരണം, ഞാൻ നേരത്തേ വന്ന് സ്ഥലം പിടിച്ചെന്നേയുള്ളൂ!"
ഈ മറുപടി കേട്ട് ആളുകൾ ഹോജയെ പരിഹസിച്ചിട്ട് കടന്നുപോയി.
Written by Binoy Thomas, Malayalam eBooks-1061- Hoja stories- 38, PDF-https://drive.google.com/file/d/1T2i_rDXm8ph-raDpfKsZXMT9-GBHd4AI/view?usp=drivesdk
Comments