ഒരിക്കൽ, ഹോജ മുല്ല ദൂരെ ദിക്കിലുള്ള ഒരു സ്ഥലത്തേക്ക് പോകുകയായിരുന്നു. കൂടെ കഴുതയും ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ സുഹൃത്ത് ഹോജയെ ഉപദേശിച്ചു.
"നിങ്ങൾ പോകുന്ന വഴിയിൽ പല സ്ഥലത്തും വിജനമായ പ്രദേശങ്ങൾ ഉണ്ട്. കഴുതയെ മോഷ്ടിക്കുന്നത് അവിടെയുള്ള കള്ളന്മാരുടെ സ്ഥിരം ഏർപ്പാടാണ്. അതുകൊണ്ട് കഴുതയെ വീട്ടിൽ കെട്ടിയിട്ട് തനിച്ചു പോയാൽ മതിയല്ലോ"
ഹോജ പറഞ്ഞു -"ഞാൻ തിരികെ വരുമ്പോൾ കഴുത വീട്ടിൽ നിന്നും മോഷണം പോയാലോ?"
അന്നേരം, ചങ്ങാതി പറഞ്ഞു -"എങ്കിൽ, മുല്ലാക്ക ഒരു കാര്യം ചെയ്യ്. എൻ്റെ കയ്യിലുള്ള വാൾ തരാം. അതുമായി പോയാൽ കള്ളന്മാരെ കാണുമ്പോൾ സഹായമാകും"
ഹോജ ആ വാളുമായി യാത്ര തിരിച്ചു. ഏറെ ദൂരം പിന്നിട്ടപ്പോൾ വിജനമായ ഒരു സ്ഥലത്ത് വന്ന നേരം. അവിടെ ഒരാൾ എതിരെ വരുന്നതു കണ്ടു. ഹോജ ഉടൻ, കഴുതപ്പുറത്തു നിന്നും ചാടി ഇറങ്ങി വാൾ നീട്ടിപ്പിടിച്ച് അയാളുടെ നേർക്ക് ചെന്നു.
ആ മനുഷ്യൻ ഒരു സാധുവായിരുന്നു. ഹോജ വാളുമായി വരുന്നതു കണ്ട് പേടിച്ചരണ്ട് നിൽക്കുമ്പോൾ ഹോജ പറഞ്ഞു -"ഇതാ, ഈ വാൾ നിങ്ങൾ എടുത്തു കൊള്ളൂ. പകരം, ഈ കഴുതയെ എനിക്കു വിട്ടുതരണം"
ഹോജ കൊടുത്ത വാളുമായി അയാൾ സന്തോഷത്തോടെ സ്ഥലം വിട്ടു! ഹോജ ആശ്വാസത്തോടെ പറഞ്ഞു -"ഹാവൂ! ആശ്വാസമായി. എൻ്റെ കഴുതയെ തിരിച്ചു കിട്ടിയല്ലോ"
കുറെ ദിവസങ്ങൾക്കു ശേഷം കൂട്ടുകാരനെ കണ്ടപ്പോൾ ഹോജ പറഞ്ഞു -"താങ്കൾ പറഞ്ഞത് എത്ര സത്യമായിരുന്നു? കള്ളൻ വന്നപ്പോൾ ഞാൻ വാൾ കൊടുത്തു. അതിനാൽ കഴുതയെ കൊണ്ടുപോയില്ല"
ഇതുകേട്ട്, ചങ്ങാതി അമ്പരന്നു പോയി!
Written by Binoy Thomas, Malayalam eBooks-1062-Hoja stories - 39, PDF-https://drive.google.com/file/d/1uNPMoPqy2YApW1ZqweUOiaV-b90cwhDl/view?usp=drivesdk
Comments