ഒരു ദിവസം, രാത്രി ഉറക്കത്തിനിടയിൽ ഹോജ എണീറ്റ് ജനാലയിലൂടെ വെളിയിലേക്ക് നോക്കി. അയാൾ ഞെട്ടി! അരണ്ട വെളിച്ചത്തിൽ വെള്ളനിറമുള്ള കുപ്പായവുമായി മുറ്റത്ത് ഒരാൾ നിൽക്കുന്നു.
ഉടൻ, ഹോജ തൻ്റെ അമ്പും വില്ലും കയ്യിലെടുത്തു. സർവ്വ ശക്തിയുമെടുത്ത് അമ്പ് തൊടുത്തു. അത് ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറി. ഹോജ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. എന്നാൽ അതേ വേഗത്തിൽ തിരികെ ഓടി വീട്ടിൽ കയറി വാതിലടച്ചു.
ഈ ശബ്ദകോലാഹലം കേട്ട്, ഭാര്യ ആമിന എണീറ്റ് ചോദിച്ചു - "നിങ്ങൾ ഈ രാത്രിയിൽ എന്തെടുക്കുകയാണ്?"
ഹോജ ആശങ്കയോടെ പറഞ്ഞു -"കുറച്ച് മുൻപ് ഞാൻ മരിച്ചു പോയേനെ. ശക്തിയുള്ള അമ്പ് തുളച്ചുകയറിയത് മുറ്റത്ത് കിടന്ന വെള്ള കുപ്പായത്തിലാണ്. ഭാഗ്യം. ഞാൻ അതിനുള്ളിൽ ഇല്ലായിരുന്നു!"
മറ്റൊരു ദിവസം, വലിയൊരു ശബ്ദം കേട്ടുകൊണ്ടാണ് ആമിന ഹോജയുടെ മുറിയിലേക്ക് വന്നത്. ആമിന ചോദിച്ചു - "ഇവിടെ എന്താണ് മറിഞ്ഞു വീണ ശബ്ദം കേട്ടത്?"
ഹോജ കട്ടിലിൽ കുത്തിയിരിക്കുകയാണ്. വിഷമത്തോടെ പറഞ്ഞു: "ഓ, അത്... എൻ്റെ കുപ്പായം താഴെ വീണതാണ്"
ആമിന സംശയത്തോടെ ചോദിച്ചു - "ഒരു കുപ്പായം വീണാൽ ഇത്രയും വലിയ ശബ്ദം കേൾക്കുമോ?"
ഹോജ മുരണ്ടു -"എടീ, ആ കുപ്പായത്തിനുള്ളിൽ ഞാനുണ്ടായിരുന്നു!"
Written by Binoy Thomas, Malayalam eBooks-1065- Hoja stories - 42, PDF-https://drive.google.com/file/d/1qWPpqA01S4vF5WcP9AMWl7ioa-EfoT_t/view?usp=drivesdk
Comments