(1067) ഹോജയുടെ പ്രകടനം!
ഒരിക്കൽ, തുർക്കിയിലെ രാജാവായ ബാദുഷ, ഹോജയെ കൊട്ടാരത്തിലേക്ക് ആളയച്ച് വരുത്തി. അദ്ദേഹം, ഹോജയോടു പറഞ്ഞു -" ഞാൻ നായാട്ടിന് പോകുകയാണ്. എൻ്റെ കൂടെ കുറച്ച് ആളുകൾ വരുന്നുണ്ട്. താനും കൂടെ പോരുക. എങ്കിൽ പിന്നെ കാട്ടിലും എനിക്ക് ചിരിക്കാനുള്ള വക താൻ തരുമെന്ന് ഉറപ്പാണ്"
ഹോജ ശരിക്കും ഞെട്ടി! കാരണം, ഹോജ കാട്ടിൽ ഇതുവരെയും പോയിട്ടില്ലാത്തതിനാൽ പേടിച്ചു പോയെങ്കിലും അതു പുറമെ കിട്ടാതെ ഹോജ സമ്മതം അറിയിച്ചു.
നായാട്ടിനായി രാജാവിനും ഏതാനും ഭടന്മാർക്കും ഒപ്പം ഹോജയും കാട്ടിലെത്തി. അതിനിടയിൽ ബാദുഷ പറഞ്ഞു -"ആദ്യത്തെ അസ്ത്രം ഹോജയുടേത് ആകട്ടെ. താൻ ആ കാണുന്ന മരത്തിൻ്റെ പൊത്തിൽ അമ്പെയ്യുക"
അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഭടൻ്റെ അമ്പും വില്ലും ഹോജയ്ക്ക് കൊടുത്തു. ഹോജ അമ്പെയ്തപ്പോൾ മരത്തിൻ്റെ അടുത്തു പോലും എത്തിയില്ല. അതുകണ്ട് രാജാവും ഭടന്മാരും ആർത്തുചിരിച്ചു!
അന്നേരം ഹോജ പറഞ്ഞു -" രാജാവേ, ഈ ഭടൻ്റെ അമ്പെയ്ത്ത് അവൻ്റെ വില്ലു കുലച്ച് ഞാൻ കാണിച്ചതാണ്. ഇനി രാജാവിൻ്റെ അമ്പും വില്ലും തരിക"
എന്നിട്ട്, രാജാവിൽ നിന്നും വാങ്ങി അമ്പെയ്തപ്പോൾ മരത്തിൻ്റെ കീഴെ ചെന്നു പതിച്ചു. അവരെല്ലാം വീണ്ടും പൊട്ടിച്ചിരിച്ചു. ഉടൻ, ഹോജ പറഞ്ഞു -"ഇത് രാജാവിൻ്റെ വില്ലാണ്. രാജാവ് അമ്പ് വിട്ടാൽ എങ്ങനെയെന്നാണ് ഞാൻ ഇപ്പോൾ കാട്ടിയത്"
തുടർന്ന് ഹോജ ചോദിച്ചു - "ആരും ഉപയോഗിക്കാത്ത പുതിയ വില്ല് കൊണ്ടുവരിക"
മൂന്നാമത്തെ അമ്പ് തൊടുത്തപ്പോൾ കൃത്യമായി മരപ്പൊത്തിൽ തറയ്ക്കുകയും ചെയ്തു! അവരെല്ലാം അമ്പരന്ന് ഹോജയുടെ കഴിവിനെ പ്രശംസിച്ചു. ഹോജ പറഞ്ഞു -"രാജാവേ, ഇതാണ് ഹോജ മുല്ലയുടെ അമ്പും വില്ലും ഉപയോഗിച്ചുള്ള മിടുക്ക്!"
Written by Binoy Thomas, Malayalam eBooks-1067 - Hoja stories - 44, PDF-https://drive.google.com/file/d/1Jf1mUyZl7jrAgC5fp7RW3CPser6DJDWi/view?usp=drivesdk
Comments