(1068) പണ്ഡിതന്മാരുടെ കഴുത!
ഒരിക്കൽ, ഹോജ ആ നാട്ടിലെ പണ്ഡിതന്മാരെ നന്നായി വിമർശിക്കാൻ തുടങ്ങി. പിന്നെ കളിയാക്കാൻ തുടങ്ങി. അവിടെയും അമർഷം തീരാതെ അയാൾ ചന്തയിലും കവലകളിലും നിന്ന് ഉച്ചത്തിൽ വിളിച്ചു കൂവി - "ഇന്നാട്ടിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും ജനങ്ങളെ വഞ്ചിക്കുകയാണ്. അവർക്ക് വിശേഷിച്ച് യാതൊരു കഴിവും അറിവും ഇല്ല"
ഇങ്ങനെ പ്രചരണം നടത്തുന്നത് കൊട്ടാര പണ്ഡിതർക്കും ആചാര്യന്മാർക്കും ദഹിച്ചില്ല. അവർ രാജാവിനോട് പരാതി പറഞ്ഞു. രാജാവ് ഉടൻ തന്നെ ഹോജയെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി.
രാജാവ് നീരസത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് അറിവുള്ള ആളുകളെ പരിഹസിച്ചു നടക്കുന്നത്? ഞാൻ ഇപ്പോൾ മിടുക്കരായ അഞ്ച് കൊട്ടാര പണ്ഡിതന്മാരെ തൻ്റെ അറിവ് പരിശോധിക്കാനായി നിയോഗിച്ചിരിക്കുന്നു"
ഉടൻ, അഞ്ച് പണ്ഡിതന്മാരും ഹോജയുടെ മുന്നിൽ വന്നു നിരന്നു. എന്നാൽ, ഒട്ടും പേടിയില്ലാതെ ഹോജ രാജാവിനോട് ചോദിച്ചു - "എൻ്റെ ബുദ്ധി ഇവർ അളക്കുന്നതിനു മുൻപ് ഇവരോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. അത് എഴുതിത്തരാനായി അഞ്ചുപേർക്കും കടലാസും മഷിയും രാജാവ് അനുവദിക്കണം"
ഉടൻ, രാജാവ് അനുവദിച്ചു. അപ്പോൾ, ഹോജ അഞ്ചുപേരോടും ചോദിച്ചു- "കഴുതയെന്നാൽ എന്താണ്? ഈ കാര്യം എനിക്ക് നിങ്ങൾ ഓരോ ആളും എഴുതിത്തരിക"
അവർ എഴുതിയത് രാജാവ് ഉറക്കെ വായിച്ചു.
"കഴുത ഒരു സാധു മൃഗമാണ്"
"കഴുത ചുമടു താങ്ങുന്ന മൃഗമാണ് "
" കഴുതയുടെ കഴുതപ്പാൽ സൗന്ദര്യം കൂട്ടും"
"കഴുത ഒട്ടും ബുദ്ധിയില്ലാത്ത മൃഗമാണ്"
"കഴുത ആളുകളെ ഉപദ്രവിക്കുന്ന മൃഗമാണ്"
ഇതു കേട്ടിട്ട് ഹോജ പറഞ്ഞു -"രാജാവേ, നിസ്സാരമായ കഴുത എന്താണെന്ന് എഴുതിയ പണ്ഡിതന്മാർ പല അഭിപ്രായത്തിലാണ്. എങ്കിൽ, ഞാൻ എൻ്റെ അഭിപ്രായം പറയുന്നതിൽ എന്താണ് തെറ്റ്?"
രാജാവിന് ഉത്തരം മുട്ടിയതിനാൽ ഹോജയെ വിട്ടയച്ചു.
Written by Binoy Thomas, Malayalam eBooks-1068-Hoja stories - 45, PDF-https://drive.google.com/file/d/1D_vz9o5N8xPqY_n6TxIJOFwAZSN-6GqS/view?usp=drivesdk
Comments